https://www.manoramaonline.com/global-malayali/columns/varghese-korason.html

Tuesday, June 20, 2017


"ദാരിദ്ര്യം ഒരു മാനസിക അവസ്ഥ മാത്രമോ?"
വാൽക്കണ്ണാടി - കോരസൺ

"ഓമക്കാകുട്ടിക്കു ഫസ്റ്റ് ക്ലാസ്" . അവൾ വളരെ പാവപ്പെട്ട വീട്ടിൽനിന്നും വരുന്നകുട്ടിയാണ്. വീട്ടിൽ അസുഖമുള്ള 'അമ്മ മാത്രമേയുള്ളൂ. ഇടയ്ക്കു എന്റെ വീട്ടിൽ വന്നു ഓമയ്ക്ക പറിച്ചോട്ടെ എന്ന് ചോദിക്കാറുണ്ടായിരുന്നു. ഓമയ്ക്ക സഞ്ചിയിൽ ഇടുന്നതിനൊപ്പം അമ്മ ആരും കാണാതെ ചില സാധനങ്ങൾ കൂടെ ഇട്ടു കൊടുക്കാറുണ്ടായിരുന്നു. അവളുടെ മുഖം പഴുത്ത ഓമയ്ക്ക പോലെ തോന്നും, വെളുത്തു കൊലിഞ്ഞ ശരീരം പോഷഹാഹാരക്കുറവുകൊണ്ടായിരിക്കാം അവളുടെ ബ്രൗൺ നിറത്തിലുള്ള കണ്ണുകൾക്ക് ഒരു ദയനീയ ഭാവമായിരുന്നു. ഇടയ്ക്കിടയ്ക്ക് ഓമയ്ക്ക ചോദിച്ചു വരുന്നതുകൊണ്ട് ഞങ്ങൾ അവളെ “ഓമയ്ക്കകുട്ടി” എന്നാണ് വിളിച്ചിരുന്നത്. അവൾ നന്നേ ചെറുപ്പത്തിലേ ഒരു വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അവൾക്കു കൂട്ടുകാരാരും ഇല്ലായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നതിനാൽ അവൾക്കു SSLC പരീക്ഷക്ക് ഒന്നാം ക്ലാസ് കിട്ടി എന്ന വാർത്ത എല്ലാവരും അത്ഭുതത്തോടെ പറയുമായിരുന്നു. അക്കാലത്തു 35-40 ശതമാനം ഒക്കെയായിരുന്നു പത്താം ക്ലാസ് പാസ് ആകുന്നത്, അതിൽത്തന്നെ ഒന്നാം ക്ലാസ് ലഭിക്കുന്നത് ഞങ്ങളുടെ സ്കൂളിൽ മൂന്നോ നാലോ പേർക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കൂടുതലായി പഠിക്കാൻ ആരും അവളെ പ്രോത്സാഹിപ്പിച്ചില്ലായിരിക്കാം; കുട്ടികൾക്ക് ട്യൂഷൻ ഒക്കെ എടുത്തു ജീവിച്ചു, ഏതോ ഒരു പട്ടാളക്കാരൻ വിവാഹം കഴിച്ചു കൊണ്ടുപോയി. അധികം താമസിയാതെ അവൾ തിരിച്ചെത്തി, പട്ടാളക്കാരനു മറ്റൊരു ഭാര്യ ഒക്കെ ഉണ്ടായിരുന്നത്രെ. താമസിയാതെ അവളുടെ 'അമ്മ മരിച്ചു , പിന്നെ കുട്ടികൾക്ക് ട്യൂഷൻ എടുത്തു ജീവിച്ചു വന്ന അവൾക്കു വിഭാര്യനായ ഒരു അദ്ധ്യാപകൻ കൂട്ടുകാരനായി. അതോടെ നാട്ടുകാർ അവളെ അവഗണിച്ചു. ഒരിക്കൽ നാട്ടിൽ അമ്മയോട് സംസാരിച്ചപ്പോൾ പറഞ്ഞു “നിനക്കറിയില്ലേ ആ ‘ഓമയ്ക്കകുട്ടി’ , മരിച്ചുപോയി, ആരും ഇല്ലായിരുന്നു നാട്ടുകാർ ചിലരും ആ സാറും ചേർന്നാണ് കർമ്മങ്ങൾ നടത്തിയത്”. കഴിവും അനുഭവവും ഉണ്ടായിട്ടും ജീവിതത്തിൽ മുഴുവൻ ദാരിദ്ര്യം അനുഭവിച്ച “ഓമയ്ക്കകുട്ടി”യുടെ ഓമയ്ക്ക ചോദിച്ചുള്ള ദയനീയമായ കണ്ണുകൾ ഓർമ്മയിൽ കടന്നുവരാറുണ്ട്. ഇത്തരം എത്രയോ ദാരിദ്ര്യത്തിന്റെ കഥകളും അനുഭവങ്ങളും നമ്മുടെ ചുറ്റും നിറഞ്ഞു നിന്നിരുന്നു ഒരു 40 വര്ഷം മുൻപുവരെ.

"ദാരിദ്ര്യം ഒരു മാനസിക അവസ്ഥയാണ്" എന്ന് പറയാൻ മുതിർന്നത് അമേരിക്കയുടെ ഭവന-നാഗരിക വികസന സെക്രട്ടറി ആയ ഡോക്ടർ ബെൻ കാർസെൻ ആണ്. “ശരിയായ മാനസിക അവസ്ഥയുള്ള ഒരാളെ തെരുവിൽനിന്നും പിടിച്ചെടുത്ത് സകലതും അയാളിൽ നിന്നും എടുത്തു മാറ്റിയാൽ അധിക സമയം കഴിയുന്നതിനു മുൻപുതന്നെ അയാൾ പഴയ പ്രതാപത്തിൽ തിരിച്ചെത്തും. എന്നാൽ ശരിയായ മാനസിക അവസ്ഥയിലല്ലാത്ത ഒരാൾക്ക് ലോകത്തുള്ള എല്ലാം കൊടുത്താലും അയാൾ ശരിയാകയില്ല”. മാറിവരുന്ന, മുതലാളിത്ത അമേരിക്കയുടെ, "ദാരിദ്ര്യം" എന്ന വിഷയത്തെപ്പറ്റിയുള്ള പുതിയ കാഴ്ചപ്പാടാണ് ഈ ന്യൂറോ-സർജ്ജനിൽനിന്നുംകേൾക്കുന്നത്. “സർക്കാരുകൾ വെറും അവസരങ്ങൾ ഒരുക്കിത്തരുക മാത്രമാണ്, അല്ലാതെ മടിയന്മാർക്കു കുടചൂടി എന്നും എന്തിനും കാത്തുനിൽക്കുന്ന സംവിധാനമാണ് എന്ന് തെറ്റിദ്ധരിക്കരുത് “ എന്നും ഡോക്ടർ ബെൻ കാഴ്സൺ അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ പ്രാഥമീക ആവശ്യങ്ങൾക്ക് മുട്ടുണ്ടാകുമ്പോൾ ദാരിദ്ര്യം അനുഭവപ്പെടുന്നു. താത്ത്വീകമായി എങ്ങനെ അതിനെ വിശകലനം ചെയ്താലും, ഒരുനേരത്തേക്കുപോലും ഭക്ഷണം ലഭിക്കാത്ത അവസ്ഥ, കിടന്നുറങ്ങാൻ ഒരു കൂരയില്ലാത്ത അവസ്ഥ, നഗ്നതമറക്കാൻ ഒരു കീറ് തുണിപോലുമില്ലാത്ത അവസ്ഥ കടുത്ത ദാരിദ്ര്യം അല്ലാതെയാകില്ലല്ലോ. ലോകത്തിലെ പകുതി വരുന്ന ജനങ്ങൾക്ക്, അതായത് മൂന്നു ബില്യൺ ജനങ്ങൾക്ക് ദിവസം 2 .50 ഡോളർ താഴയേ വരുമാനമുള്ളൂ, ലോകത്തിലെ എൺപതു ശതമാനം ജനങ്ങൾക്കും ദിവസം പത്തു ഡോളറിൽ താഴെയാണ് വരുമാനം. 800 മില്യൺ ആളുകൾക്ക് ആവശ്യത്തിനുള്ള ഭക്ഷണം പോലും ലഭിക്കുന്നില്ല. മൂന്നു മില്യൺ കുട്ടികൾ ഭക്ഷണം കിട്ടാതെ മരിക്കുന്നു. 40 മില്യൺ കുട്ടികൾക്ക് ശരിയായ താമസ സൗകര്യമില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ബില്യൺ ആളുകൾ വായിക്കാൻ പോലും അറിയാതെയാണ് ജീവിക്കുന്നത്. അതീവ ഗുരുതരമാണ് ഈ സ്ഥിതിവിശേഷം. യുദ്ധംകൊണ്ടും തീവ്രവാദപ്രവർത്തനം കൊണ്ടും ഈ കണക്കുകൾ കുതിച്ചുയരുകയാണ്. വികസിത രാജ്യങ്ങളിൽപോലും കൊടും ക്രൂരമാണ് ഈ അവസ്ഥ.

വികസിതരാജ്യമായ അമേരിക്കയിലും 14 ശതമാനത്തോളം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിൽ തന്നെയാണ്. താൽക്കാലിക ഷെൽട്ടറുകൾ നിറഞ്ഞു, പാവങ്ങൾക്കായി ഒരു നേരത്തെ ഭക്ഷണം വിളമ്പുന്ന സൂപ്പ്കിച്ചണുകളിലെ നിരകൾ ദിവസവും നീണ്ടുവരുന്നു . 14 .5 മില്യൺ കുട്ടികൾ കടുത്ത ദാരിദ്ര്യത്തിലാണ് ഇവിടെ. 2.5 മില്യൺ കുട്ടികൾ ഭവനരഹിതരാണ്. 33 ശതമാനം ജനങ്ങൾ ദാരിദ്ര്യ രേഖയുടെ അടുത്തേക്ക് സഞ്ചരിക്കുകയാണ്. വളർച്ചാനിരക്കിലുള്ള "കണക്കിലെ കളികൾ" ഒരു സമൂഹത്തിന്റെ പൊതു ആരോഗ്യ നിലവാരത്തെ മാറ്റി മറിച്ചേക്കാം. അമേരിക്കയുടെ ജിഡിപി യൂറോപ്യൻ യൂണിയനെക്കാൾ 40 ശതമാനം കൂടുതലാണ് (Purchasing Power Parity അനുസരിച്ചു്). യുറോപ്പിലുള്ളവരെ അപേക്ഷിച്ചു അമേരിക്കക്കാർ 20 ശതമാനം കൂടുതൽ സമയം ജോലി ചെയ്യുന്നു. അതുകൊണ്ടു കൂടുതൽ വർഷങ്ങൾ ജോലിചെയ്താലും കൂടുതൽ സമയം ജോലി ചെയ്താലുമേ യഥാർഥമായ വരുമാനം കണ്ടുപിടിക്കാനാവൂ. ഇത് സമൂഹത്തിന്റെ പൊതു ആരോഗ്യ നിലവാരത്തെ സാരമായി ബാധിക്കും. 49 ശതമാനം അമേരിക്കൻ തൊഴിലാളികളും ഒരു അത്യാവശ്യത്തിനു 1,000 ഡോളർ കൈവശം ഇല്ലാത്തവരണെന്നാണ് ഒരു ഇൻഷുറൻസ് കമ്പനിയുടെ റിപ്പോർട്ടിൽ കാണുന്നത്.

അപ്രത്യക്ഷമാകുന്ന പെൻഷൻ സംവിധാനങ്ങൾ അമേരിക്കൻ തൊഴിലാളികളെ കൂടുതൽ വർഷങ്ങൾ ജോലിചെയ്യാൻ പ്രേരിപ്പിക്കും. തൊഴിൽ അവസരങ്ങൾ ഉള്ളത് ചെറു വേതനം ലഭിക്കുന്ന ഇടങ്ങളിലും വിളിക്കുന്ന സമയങ്ങളിലും മാത്രമായി തുടരുന്നതിനാൽ അഭ്യസ്തവിദ്യരല്ലാത്ത ഒരു വലിയ കൂട്ടം യുവാക്കൾ കടുത്ത ദാരിദ്ര്യത്തിലേക്കാണ് കൂപ്പു കുത്തുന്നത്. അവരെ സംബന്ധിച്ചു പെൻഷൻ എന്ന വാക്ക് തന്നെ അപചരിതമായി കേൾക്കുവാൻ തുടങ്ങി. അഭ്യസ്തവിദ്യരായ യുവാക്കൾ താങ്ങാനാവാത്ത വിദ്യാഭ്യാസ കടക്കെണിയിൽ പെട്ടുപോയതിനാൽ പെൻഷൻ പദ്ധതികളിൽ ചേരാനും മടിക്കുകയാണ്. ഏതാണ്ട് 17 ട്രില്യൺ ഡോളർ കട ബാധ്യതയുള്ള അമേരിക്കയുടെ, 6 ട്രില്യൺ ഡോളർ കട ബാധ്യതകൾ ജപ്പാനും ചൈനയും മറ്റും വാങ്ങിയിരിക്കയാണ്. അമേരിക്കയുടെ വിദേശ കടബാധ്യതകൾ, ഊതി വീർപ്പിച്ച വസ്തുമൂല്യം കൊണ്ടുകൂടിയാണ്. അതിനെ അടിസ്ഥാനപ്പെടുത്തി വ്യക്തികൾ ഏറ്റെടുക്കുന്ന കടബാധ്യതകളാണ് സമ്പത്‌വ്യവസ്ഥയെ ഉയർത്തിക്കാണിക്കുന്നത്.

സാധാരണ, ന്യൂ യോർക്കിൽ ജോലിക്കുപോകുമ്പോൾ പൊതു വാഹനങ്ങളിലും പൊതുഇടങ്ങളിലും അനേകർ മുഷിഞ്ഞ, വിയർപ്പിന്റെ ഗന്ധവുമായി കിടന്നുറങ്ങുന്ന കാഴ്ചകൾ കാണാറുണ്ട്. കുഞ്ഞുങ്ങളെയും നെഞ്ചിൽ ചേർത്തുപിടിച്ചു ഭിക്ഷാടനം ചെയ്യുന്ന അമ്മമാരും, തലകുനിച്ചു കാർഡ്ബോർഡ് നോട്ടീസുമായി ഭിക്ഷ ചോദിക്കുന്ന മുൻ സൈനികരും കണ്ണിൽനിന്ന് മായാതെ നിൽക്കുന്നു. സർക്കാരിന്റെ സഹായത്തിൽ കുറഞ്ഞ വരുമാനക്കാർക്കായി പടുത്തുയർത്തിയ ഭവന പദ്ധതികളിലും ആവശ്യക്കാരുടെ നീണ്ട അപേക്ഷകൾ കൂടിക്കിടക്കുന്നു . ഇവിടെയാണ് 20 ശതമാനം ബജറ്റ്കട്ട് എന്ന ഫെഡറൽ സർക്കാരിന്റെ ഡെമോക്ലിസ് വാൾ തൂങ്ങിക്കിടക്കുന്നത്. ഒരു മുപ്പതു വര്ഷം മുൻപ് ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ ധൈര്യമായി നടക്കാൻ സാധിക്കില്ലായിരുന്നു. അത്തരം ഒരു കാലഘട്ടത്തെ കഴുകി ലക്ഷക്കണക്കിന് വിദേശികൾക്കും സ്വദേശികൾക്കും പാതിരാത്രിയിൽ പോലും സുരക്ഷിതരായി വിഹരിക്കാൻ കഴിയുന്നത് സർക്കാരുകൾ ഏറ്റെടുത്തു നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെ വിജയമാണ്. അത് കുറച്ചു കൊണ്ടുവന്നാൽ എന്താകും ഉണ്ടാകാൻ പോകുന്നത് എന്നത് കണ്ടു തന്നെ മനസ്സിലാക്കേണ്ടതായിട്ടുണ്ട്.

വീണുപോകാൻ സാധ്യതയുള്ള മനുഷ്യ കൂട്ടങ്ങളെ അമേരിക്കൻ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുകൊണ്ടു വരാനുള്ള ബഹുമുഖ പദ്ധതികൾ, അവരുടെ പാർപ്പിട പദ്ധതികൾ, ജയിൽ ജീവിതം കഴിഞ്ഞു ജോലി ലഭിക്കാനാവാത്ത ഒരു വലിയ കൂട്ടം, ലഹരി മയക്കുമരുന്ന് അടിമകളെ നേർവഴിയിലേക്ക് കൊണ്ടുവരാനുള്ള ദീർഘകാല പദ്ധതികൾ ഒക്കെ സർക്കാരിന്റെ കടമയിൽനിന്നും കൈവിട്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്. അമേരിക്കയുടെ ബഹുഭൂരിഭാഗം നിലനിൽക്കുന്ന പ്രാന്തപ്രദേശങ്ങളിൽ ലോകത്തു എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ താല്പര്യമില്ലാത്ത, ചിതറി പാർക്കുന്ന ഒരു വലിയ കൂട്ടംസമ്മതിദായകർ ഇന്നും പതിനെട്ടാം നൂറ്റാണ്ടിന്റെ മനസ്സുമായി ജീവിക്കുകയാണ്. അമേരിക്കയുടെ വളർച്ച അളക്കപ്പെടുന്നത് പട്ടണങ്ങളിലെ തിളക്കത്തിലും വാൾ സ്ട്രീറ്റ് - മെയിൻ സ്ട്രീറ്റ് ഇടങ്ങളുടെ സമൃദ്ധിയെ കണക്കാക്കിയാണെങ്കിൽ , ഗ്രാമങ്ങളിലെ തളർച്ച സകല നന്മകളെയും നിഷ്പ്രഭമാക്കും. ഇവിടെ പണമില്ലായ്മയല്ല പ്രശ്നം, പൊതുകരുതലിൽ വരുന്ന കെടുകാര്യസ്ഥതയാണ്.

ഇവിടെ ‘മടിയന്മാർക്കും കുടിയന്മാർക്കും നീക്കിവയ്ക്കാനുള്ളതല്ല പൊതു നികുതിധനം’ എന്ന വാദം ശക്തമാണ്. പക്ഷെ ഒരിക്കലും ഉയരാൻ സാധിക്കാത്ത മാനസിക അവസ്ഥയുള്ള ഒരു വലിയ ജനക്കൂട്ടത്തെ മതിയായ പദ്ധതികളുടെ അഭാവത്തിൽ കൂടുതൽ അസ്ഥിരരാക്കിയാൽ എത്ര പോലീസ് സംവിധാനങ്ങൾ സ്വരൂപിച്ചാലും നിയന്ത്രിക്കാനാവാത്ത ഒരു മഹാവിപത്താണ് വരുന്നതെന്ന ഉൾകാഴ്ച്ചയാണ് ഇല്ലാതെപോകുന്നത്. മുഖ്യ ധാരയിലുള്ളവരുടെ പ്രതാപം പിടിച്ചുനിർത്തണമെങ്കിൽ കനത്ത മതിലുകൾ കെട്ടി സ്വർഗം നിലനിർത്താൻ ശ്രമിക്കുകയല്ല വേണ്ടത്, മറിച്ചു ഉള്ളവനിൽ നിന്ന് ഇല്ലാത്തവനിലേക്കുള്ള തൂക്കു പാലങ്ങളാണ് ഉണ്ടാവേണ്ടത്. ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഓർമയിൽ വരുന്നു. പണം സൂക്ഷിക്കാനറിയാവുന്നവർക്കു മാത്രമേ ദൈവം കൂടുതൽ ധനം നൽകാറുള്ളൂ, അത് അവർ ഇല്ലാത്തവർക്ക് കൊടുത്തു കൂടുതൽ കരുത്തർ ആകുവാനാണ്. ധനം സൂക്ഷിക്കാനറിയാത്ത ലോല ഹ്ര്യദയർക്കു പണം സൂക്ഷിക്കാൻ ദൈവം അനുവദിക്കില്ല. ധനം പകുത്തുകൊടുക്കാതെ കരുത്തർ അകാൻ ശ്രമിക്കുന്നതാണ് പൈശാചികം,അത് വ്യക്തിയായാലും രാജ്യമായാലും.

ലോകത്തിലെ മൂന്നിൽ ഒന്ന് ദരിദ്രർ വസിക്കുന്ന ഇന്ത്യാമഹാരാജ്യത്തെപ്പറ്റി പറയാതെ ദാരിദ്ര്യം എന്ന വിഷയം അവസാനിപ്പിക്കാനാവില്ലലോ. 213 മില്യൺ ജനങ്ങൾ കടുത്ത വിശപ്പുമായിട്ടാണ് ഓരോ ദിവസവും ഇന്ത്യയിൽ കഴിയുന്നത്. 67 ശതമാനം പേരും ദാരിദ്ര്യ രേഖക്ക് താഴയാണ് ജീവിക്കുന്നത്. 25 ശതമാനം കുട്ടികളിലും പോഷഹാഹാര കുറവ് അനുഭവപ്പെടുന്നു. 20 ശതമാനം കുട്ടികൾ സ്കൂളിൽ പോകാനാവാതെ അന്നന്നത്തേക്കുള്ള ആഹാരത്തിനായി അലയുകയാണ്. ദാരിദ്ര്യ നിർമാർജനത്തിന് ഉതകുന്ന ഭക്ഷ്യ ലഭ്യത കൊടിയ അഴിമതികൊണ്ടു കപ്പലുണ്ടാക്കിയ രാഷ്രീയക്കാർ ഒരു കരക്കും അടുക്കാൻ സമ്മതിക്കില്ല. രാജ്യത്തിന്റെ വളർച്ച എത്ര കൂടുതൽ ശതകോടീശ്വരന്മാരെ കൂടുതൽ ഉണ്ടാക്കി എന്നതല്ല, എത്ര കോടി ജനങ്ങളെ ദാരിദ്ര്യ രേഖക്ക് മുകളിൽ കൊണ്ടുവരാനായി എന്നതിനെ അടിസ്ഥാനമാക്കി വേണം. മതഭ്രാന്തും, വർഗീയതയും ഇളക്കിവിട്ടു, അഴിമതിനിയന്ത്രണത്തിന്റെ പേരിൽ പൗര സ്വാതന്ത്യ്രത്തെ പടിപടിയായി കൊല്ലാകൊല ചെയ്യുന്ന നേതൃത്വം അല്ല ഇന്ത്യ സ്വപ്നം കാണേണ്ടത്. ഇന്ത്യയുടെ നേതാവ് അംബാനിമാരുടെ മാത്രം നേതാവല്ല, കോടിക്കണക്കിനു ദരിദ്രനാരായണന്മാരുടെയും നേതാവുകൂടിയാണ്.

നാമിന്നു വളരെ പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകളിലാണ് ജീവിക്കുന്നത്. ബൗദ്ധികവും ശാസ്ത്രീയവുമായ അറിവുകൾ നാം ക്രമമായി തലമുറകൾക്കു കൈമാറുമ്പോൾ, ധാർമ്മികമായ മൂല്യങ്ങൾ അതേരീതിയിൽ കൈമാറ്റപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്. ആഗോളീകരണത്തെപ്പറ്റി പറയുമ്പോൾത്തന്നെ നാം അന്തർമുഖരും കനത്ത ദേശീയവാദികളും ആകുന്നു. അറിവ് ഓരോ14 മാസം കൂടുമ്പോഴും വികസിക്കുന്നു എന്ന് പണ്ഡിതർ പറയുന്നു പക്ഷെ, വസ്തുതകളെയും യാഥാർഥ്യത്തെയും നാം ചോദ്യം ചെയ്യുന്നു. ആരോഗ്യവും ശുദ്ധജലവും വിദ്യാഭ്യാസവും തൊഴിലും ഇന്ന് കൂടുതൽ പ്രാപ്യമാകുമ്പോഴും നല്ല ജീവിതത്തിനായി നാം വീട് വിട്ടു ദൂരേക്ക് പോകുന്നു. എന്തോ, കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലായി നാം സ്വാംശീകരിച്ച മൂല്യങ്ങൾ എങ്ങനെയോ കൈമോശം വന്നിരിക്കുന്നു. നമ്മെക്കാൾ നന്നായി നമ്മുടെ കുട്ടികൾ ജീവിക്കണമെന്ന ആഗ്രഹത്തിന് അത്ര വിശ്വാസം പോരാ. സമൂഹം ഇന്ന് മൂല്യത്തേക്കാൾ ഭയത്തിനാണ് വില കൽപ്പിക്കുന്നത്. രാഷ്രീയവും മതവും ഈ ഭയപ്പെടുത്തലുകളെ പ്രോത്സാഹിപ്പിക്കുകയാണ്. നേതാക്കൾ ഇത്തരം ഭയത്തെ തുരത്തി, കൂടുതൽ അറിവും സഹനവും അർഥവും ഉള്ള മനുഷ്യക്കൂട്ടങ്ങളെയാണ് നയിക്കേണ്ടത്.

ദാരിദ്ര്യം ഇന്ന് ധനവാന്റെ ന്യായവാദമായി ചുരുങ്ങുന്നു , വിശക്കുന്നവനു ഈ ന്യായവാദമല്ല വേണ്ടത് ഒരു നേരത്തെ ആഹാരമാണ്. “സ്നേഹിക്കപ്പെടുന്നവർ ദാരിദ്ര്യം അറിയില്ല” എന്ന് പറയാറുണ്ട്. “വിപ്ലവവും അക്രമവും ദാരിദ്ര്യം കൊണ്ടുവരുന്നു” എന്ന് അരിസ്റ്റോട്ടിൽ പറയുന്നുണ്ട്. "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, അവർക്കു സ്വർഗ്ഗരാജ്യം ലഭിക്കും, ദുഃഖിച്ചരിക്കുന്നവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു " എന്ന ക്രിസ്തു വചനം ദാരിദ്ര്യത്തിന്റെ ഭാഗ്യഅവസ്ഥയെ താത്വീകമായി അന്വേഷിക്കുകയാവാം. അവൽപ്പൊതിയുമായി കടന്നുവരുന്ന കുചേലനെ സ്വീകരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണൻ സതീർഥ്യന്റെ ദാരിദ്ര്യത്തെ പുണരുകയാവാം. എന്നാലും ഒടുങ്ങാത്ത വിശപ്പിന്റെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുന്ന കോടിക്കണക്കിനു ദരിദ്രനാരായണന്മാർക്ക് വചനം മാത്രമല്ല,ആഹാരമാണ് വേണ്ടതെന്നു എന്ന് ക്രിസ്തുവും കൃഷ്ണനും കാട്ടിത്തരുന്നു.

"നല്ല ഭരണമുള്ള നാട്ടിൽ ദാരിദ്ര്യമുണ്ടെങ്കിൽ നാം ലജ്ജിക്കണം, പക്ഷെ മോശമായുള്ള ഭരണമുള്ള നാട്ടിൽ ധനവാന്മാരാണ് ലജ്ജിക്കേണ്ടത് " - കൺഫ്യൂഷ്യസ്

(ജൂൺ ഇരുപതു, രണ്ടായിരത്തി പതിനേഴ്.)

Thursday, May 11, 2017

ഇവിടെ നിൽക്കണോ അതോ പോകണോ?
അമേരിക്കയുടെ മാറുന്ന മുഖങ്ങൾ
വാൽക്കണ്ണാടി - കോരസൺ

‘ഇവിടെ നിൽക്കണോ,അതോ പോകണോ?’(For Here Or To Go) അമേരിക്കയിൽ പഠനത്തിനും,അതിനുശേഷംഉള്ള താത്കാലിക ജോലിക്കും ഇടയിൽ ജീവിതം കരുപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ടെക്കികളുടെ കഥ പറയുന്ന ഒരു ചലച്ചിത്രം 2017 മാർച്ചുമാസം അമേരിക്കയിൽ റിലീസ് ചെയ്തു. ഋഷി ഭിലാവഡേക്കർ എന്ന ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയർ, 2007ൽ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തശേഷം തന്റെയും മറ്റു ഇന്ത്യൻടെക്കികളുടെ ആത്മസംഘർഷങ്ങളുടെയും, കഷ്ടപ്പാടുകളുടെയും, സന്നിഗ്ദ്ധതകളുടെയും കഥപറയുകയാണീ ചലചിത്രത്തിലൂടെ അദ്ദേഹം. അമേരിക്കയിൽ ഇപ്പോഴുള്ള കുടിയേറ്റ ചർച്ചകളെ മനുഷ്യത്വപരമാക്കാൻ ഈ ചലച്ചിത്രത്തിനായേക്കും. ഇന്ത്യയിലെ സമർത്ഥരും മിടുക്കരും അമേരിക്കൻ കമ്പനികളെ സമ്പന്നമാക്കുമ്പോൾ, അവർ നേരിടുന്ന വർണ്ണ-വർഗ്ഗവിദ്വേഷങ്ങൾ, വിവേചനങ്ങൾ, ഒറ്റപ്പെടുത്തലുകൾ, കുറ്റപ്പെടുത്തലുകൾ, മാനസീക സംഘർഷങ്ങൾ ഒക്കെ കോറിയിടുന്ന ഒരു ചിത്രം, അത് ഉദീദിപ്പിക്കുന്ന ചോദ്യവും- ‘നിൽക്കണോ അതോ, പോകണോ?’ തമാശയിലൂടെ ആണെങ്കിലും, സംവിധായകൻ രുച ഹംബടേക്കർ, ഗൗരവപരമായ ഒരു ചോദ്യമാണ് നമ്മുടെ മുൻപിൽ കൊണ്ടുവരുന്നത്.

നൂറു ദിവസം കൊണ്ട് ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത് . അതേ, അദ്ദേഹത്തിന്റെ നേതൃത്വത്തിലേക്കുള്ള ആഗമനഉദ്ദേശ്യവും അതുതന്നെയായിരുന്നു, " അമേരിക്കയെ അതിന്റെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരിക " . ഓരോ ഞെട്ടലിനും നടുക്കത്തിനും മുൻപുതന്നെ പുതിയ വാർത്തകളുമായി അമേരിക്കയുടെ മണിയാശാൻ വാർത്തകളിൽ വന്ന് നിറയുകയാണ്. ഇഷ്ടമില്ലാത്തവരെയും ഇഷ്ടമില്ലാത്തതിനെയും യാതൊരു ഉളിപ്പും പുളിപ്പുമില്ലാതെ കടന്നാക്രമിക്കാൻ അദ്ദേഹത്തിനുള്ള വൈഭവം ആയിരിക്കാം അദ്ദേഹത്തിന്റെ വിജയകാരണവും. പൂർണ്ണമായ ഒരു വിലയിരുത്തലിനല്ല എന്റെ ശ്രമം, എന്നാൽ അമേരിക്കയിൽ ജീവിക്കുന്ന ഒരു സൗത്ത് ഏഷ്യൻ വംശജൻ എന്ന നിലയിൽ, നമ്മുടെ സമൂഹം നേരിടുന്ന ഒരു വിപത്തിനെ ആണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

2017 ഏപ്രിൽ 24 നു, യു .എൻ . സെക്യൂരിറ്റി കൗൺസിൽ അംബാസ്സഡറന്മാർക്കുള്ള US സ്റ്റേറ്റ് വിരുന്നിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് , അമേരിക്കയുടെ യു .എൻ അംബാസ്സഡർ ആയ നിക്കി ഹെയ്ലിയെ പരാമർശിച്ചത് വളരെയധികം ചർച്ചചെയ്യപ്പെട്ടു. "നിക്കിയെ നിങ്ങൾക്കെല്ലാം ഇഷ്ടമായോ ? ഇഷ്ടപ്പെട്ടില്ലെങ്കിൽ അവരെ എടുത്തു മാറ്റാനും എനിക്ക് മടിയില്ല" തമാശയായാണ് അത് പറഞ്ഞെങ്കിൽത്തന്നെ ഒരു സൗത്ത് ഏഷ്യൻ വംശജയായ, ഇന്ത്യൻ മാതാപിതാക്കളുള്ള നിക്കി ഹെയ്ലി , മറ്റുള്ള അംബാസിഡറന്മാരുടെ മുൻപിൽ വിളറിയത്, അവരുടെ നേരേയുള്ള വംശീയ വിരൽ ചൂണ്ടൽ ആയി കരുതിയവർ ഏറെയുണ്ട്. രണ്ടു തവണ സൗത്ത് കരോലിന ഗവർണ്ണർ ആയി തിരഞ്ഞെടുക്കപ്പെട്ട , റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉയർന്നു വരുന്ന ദേശീയ താരം. 2015- ൽ സൗത്ത് കരോലിനയിലെ ഇമ്മാനുവേൽ ആഫ്രിക്കൻ മെതഡിസ്റ്റ് പള്ളിയിൽ നടന്ന വർഗ്ഗീയ കൂട്ടക്കൊലയും, അതിനെ തുടർന്ന് സ്റ്റേറ്റ് ക്യാപിറ്റൽ ബിൽഡിങ്ങിനു മുകളിൽ പറന്നിരുന്ന വംശീയതുടെയും വിഘടനത്തിന്റെയും ഓർമ്മ വിളിച്ചുപറയുന്ന കോൺഫെർഡൈറ്റ് യുദ്ധ പതാക എടുത്തുമാറ്റാനും ധൈര്യം കാട്ടിയ ധീരവനിത എന്ന് ഒട്ടാകെ ഘോഷിക്കപ്പെട്ട മാന്യയോടാണ് ഈ പരാമർശം എന്ന് ഓർക്കണം. ഇത് അമേരിക്കയുടെ മാറുന്ന മുഖമാണ് കാട്ടുന്നത്.

എതിരാളികൾ പോലും അതി സമർത്ഥൻ എന്ന് പരസ്യമായി പറയുന്ന, ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ നൂറു പേരിൽ ഒരാളായി തിരഞ്ഞെടുത്ത അമേരിക്കയുടെ യു. എസ് . അറ്റോർണിയായിരുന്ന പ്രീത് ബരാരയെ പിരിച്ചു വിടാൻ ട്രംപിന് യാതൊരു മടിയുമുണ്ടായില്ല. ന്യൂ യോർക്കിലെ ഏറ്റവും ശക്തരായിരുന്ന രണ്ടു രാഷ്ട്രീയ നേതാക്കളെ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി സ്പീക്കർ ഷെൽഡൺ സിൽവർ, സെനറ്റ് ലീഡർ ഡീൻ സ്കീലോസ് എന്നിവരെ ജയിലിൽ അടക്കാൻ കാട്ടിയ ധൈര്യവും അമേരിക്ക മുഴുവൻ കണ്ടതാണ്. അദ്ദേഹവും ഒരു ഇന്ത്യൻ വംശജൻ ആയിരുന്നതാണോ ഒരു കുറ്റമായിപ്പോയത്? അമേരിക്കയുടെ 19 -)മത് സർജൻ ജനറൽ ആയി വിശിഷ്ട സേവനം അനുഷ്ഠിച്ച ഡോക്ടർ വിവേക് മൂർത്തിയോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടത് മുൻ പ്രസിഡന്റ് ഒബാമയുടെ നിയമനത്തിൽ നിന്നും മാറ്റം വരുത്തിയതാകാമെങ്കിലും, അതും പ്രമുഖനായ മറ്റൊരു സൗത്ത് ഏഷ്യൻ - ഇന്ത്യൻ വംശജൻ എന്ന രീതിയിലും കാണാവുന്നതാണ്. യു. എസ്. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ ചെയർമാൻ അജിത് വരദരാജ പൈ, ഇതിനു ഒരു അപവാദമായി ട്രംപ് ഭരണത്തിൽ തുടരുന്നു എന്നത് മറച്ചുപിടിച്ചല്ല ഈ നിരീക്ഷണം.

ചിക്കാഗോയിലെ ഒഹാരേ അന്തർദേശീയ വിമാനത്താവളത്തിൽ വച്ച് യുണൈറ്റഡ് എയർലൈൻസിൽ നിന്നും 69 വയസ്സുള്ള വിയറ്റ്നാമീസ് അമേരിക്കൻ ഡോക്ടർ, ഡേവിഡ് ദൊയിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വലിച്ചിഴച്ചു പുറത്തു എടുത്തിട്ട സംഭവം, ലോകമാകെ ചർച്ച ചെയ്യപ്പെട്ടതായിരുന്നല്ലോ. അതും ഒരു സൗത്ത് ഏഷ്യൻ വംശജനായ ആൾ ആയിപ്പോയതെന്നത് സ്വാഭാവിക സംഭവമായി എന്നും കരുതാനാവില്ല. അമേരിക്കൻ കോർപറേഷനുകളുടെ മാറുന്ന മറ്റൊരു മുഖമാണ് അവിടെ കണ്ടത്.

ട്രംപ് ഭരണകൂടം വളരെ കൊട്ടിഗോഷിച്ച H 1 -B വിസ നിയത്രണം ഇന്ത്യയിൽ നിന്നും കുറഞ്ഞ വേതനത്തിൽ കൊണ്ടുവരുന്ന ഇൻഫർമേഷൻ ടെക്നോളജി ജീവനക്കാരെ കാര്യമായി ബാധിക്കും. ഇത്തരം വിസ കൊടുക്കുന്നതിൽ 70 ശതമാനവും ഇന്ത്യാക്കാരാണ് ഉപയോഗപ്പെടുത്താറുള്ളത്. കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന ബ്രൗൺ നിറക്കാരോടുള്ള അതൃപ്തിയും മറനീക്കി പുറത്തുവരികയാണ്. അമേരിക്കയിൽ പഠനത്തിനായി എത്തുന്ന കുട്ടികളിലും ചൈനക്കാര് കഴിഞ്ഞാൽ ഇന്ത്യൻ കുട്ടികളാണ് കൂടുതൽ.

പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽനിന്നും അഭ്യസ്തവിദ്യരല്ലാത്ത തോട്ടം തൊഴിലാളികൾ അമേരിക്കയിൽ എത്തിയിരുന്നു, എന്നാൽ 1917 ലെ നിയന്ത്രിത കുടിയേറ്റ നിയമമനുസരിച്ചു ഏഷ്യയിൽ നിന്നുള്ളവരെ തടഞ്ഞു. 1960 -ൽ അമേരിക്കയിലാകെ 12,000 ഇന്ത്യക്കാർ ഉണ്ടായിരുന്നത്, 2013 ആയപ്പോഴേക്കും 2 മില്യണിൽ അധികമായതു തുറന്ന കുടിയേറ്റ നിയമം കൊണ്ടായിരുന്നു. U A E കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് അമേരിക്കയിലാണ്. അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വിദ്യാഭ്യാസ നിലവാരം സ്വദേശികളേക്കാൾ കൂടുതലായതിനാൽ വരുമാനവും ജീവിത നിലവാരത്തിലും ഒരു പടി മുന്നിൽ തന്നെയാണ്അവർ. ഇതായിരിക്കണം സ്വദേശികളിൽ അസൂയ ഉണ്ടാക്കാനുള്ള കാരണവും. സ്കൂൾ മത്സരങ്ങളിലും പഠനത്തിലും ഇന്ത്യൻ കുട്ടികൾ മികവ് കാട്ടുകയും, തൊഴിൽ മേഖലയിൽ ഇന്ത്യക്കാർ പടി പടിയായി കയറിപ്പോകുന്നതും അസഹിഷ്ണത വിളിച്ചു വരുത്തി. വീട്ടിലും മറ്റും കൂടുതൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനാൽ ജോലിയിൽ മറ്റുള്ള കുടിയേറ്റക്കാരെ അപേക്ഷിച്ചു ഉയരാനുള്ള സാധ്യതയും കൂടി. 73 ശതമാനം ഇന്ത്യൻ കുടിയേറ്റക്കാരും മാനേജ്മെന്റ്, ബിസിനസ് , സയൻസ് , ആർട്സ് എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്. 2013 ലെ U S സെൻസസ് ബ്യുറോ കണക്കുപ്രകാരം 3.8 മില്യൺ ഇന്ത്യൻ ഒറിജിൻ പ്രവാസികൾ അമേരിക്കയിൽ ഉണ്ട് , അവർ 70 ബില്യൺ ഡോളർ ആണ് ഓരോ വർഷവും ഇന്ത്യയിലേക്കു അയച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ഇൻഫോസിസ് അമേരിക്കയിൽ പതിനായിരം തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും എന്ന് പറഞ്ഞു. അമേരിക്കയിൽ സോഫ്റ്റ്വെയർ ഭാഷ അറിയാവുന്നവർ കുറവായതിനാലാണ് ഇന്ത്യയിലേക്ക് അവർ നോക്കിയത്. കുറഞ്ഞ വേതനത്തിൽ ഇന്ത്യക്കാർ ഇത്തരം ജോലികൾ അടിച്ചു മാറ്റുന്നതിൽ വലിയ പരിഭവം അമേരിക്കൻ തൊഴിൽ മേഖലയിൽ ഉണ്ട്. എന്നാൽ ഈയിടെ ഇന്ത്യയിൽ നടത്തിയ ഒരു സർവ്വേ പ്രകാരം, അഞ്ചു ശതമാനം പോലും ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയർ മാർക്ക് ശരിയായി സോഫ്റ്റ്വെയർ ഭാഷ എഴുതാൻ അറിയില്ല എന്നാണ്. നാഷണൽ ഫൌണ്ടേഷൻ ഓഫ് അമേരിക്കൻ പോളിസി സ്റ്റഡിയുടെ അഭിപ്രായത്തിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ തൊഴിൽ അവസരണങ്ങൾ അമേരിക്കയിൽ ഉണ്ടാക്കുന്നുണ്ട്. വാൾസ്ട്രീറ്റ് പത്രത്തിന്റെ കണക്കു പ്രകാരം ബില്യൺ ഡോളർ സ്റ്റാർട്ടപ്പ് ക്ലബ്ബിൽ, പതിനാറു ശതമാനവും ഇന്ത്യൻ കമ്പനികളാണ്.

ന്യൂ യോർക്കിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് നടന്ന കൂട്ടായ്മയിൽ സംബന്ധിക്കാൻ പോയിരുന്നു. അല്പം താമസിച്ചാണ് എത്തിയത് , അവിടെ ചെന്നപ്പോൾ ഒരു ആൾകൂട്ടം വീടിനു പുറത്തു നിൽക്കുന്നു . ഒരു സുഹൃത്ത് പറഞ്ഞു, വണ്ടി കുറച്ചു മാറ്റി പാർക്ക് ചെയ്തുകൊള്ളൂ. കാര്യം പിന്നെ പറയാം, വീട്ടിൽ ചെന്നപ്പോൾ സ്ഥിതിഗതികൾ അത്ര പന്തിയായിട്ടല്ല കണ്ടത്. ആരോ ഒരാൾ അയിലത്തെ വീടിനു സമീപം വണ്ടി പാർക്ക് ചെയ്തത് വെള്ളക്കാരായ അയൽക്കാർക്ക് ഇഷ്ടപ്പെട്ടില്ല, നിങ്ങളൊക്കെ ഇന്ത്യയിലേക്ക് തിരിച്ചുപോകൂ, തുടങ്ങി വർഗ്ഗീയ ചുവയുള്ള കടുത്ത പരാമർശങ്ങൾ നടത്തി, അതിൽ പ്രകോപിതരായ ചില സുഹൃത്തുക്കൾ കുറെ വണ്ടികൾ കൂടി അവിടേയ്ക്ക് കൊണ്ട് പാർക്ക് ചെയ്തു പ്രതിക്ഷേധിക്കാനുള്ള പരിപാടി ആയിരുന്നു. ആരോ സംയമനം പാലിക്കാൻ ഉപദേശിച്ചതുകൊണ്ടു അത് വലിയ സംഭവമായി മാറിയില്ല. വര്ഷങ്ങളായി അവിടെ താമസിച്ചിരുന്ന സുഹൃത്തു സംബ്രഹ്മത്തോടെ പറഞ്ഞു, ഇതുവരെ ഇങ്ങനെ ഒരു അനുഭവം അദ്ദേഹത്തിന് ഉണ്ടായിട്ടില്ലത്രെ , അതും മാറിവരുന്ന അസ്ഹണുതകളുടെ തുടക്കം മാത്രം ആയിരിക്കാം. ഇത്തരം അനുഭവങ്ങൾ അവിടവിടെയായി ഇടയ്ക്കു അനുഭവപ്പെടാറുണ്ടായിരുന്നെങ്കിലും, വർഗ്ഗീയ വിദ്വേഷം മറനീക്കി പുറത്തുവരാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോളും നിലനിൽക്കുന്നുണ്ട്.

രാവിലെ ജോലിക്കു പോകുന്ന വഴി ന്യൂ യോർക്കിലെ പെൻസ്റ്റേഷനലിൽ ട്രെയ്നുവേണ്ടി കാത്തുനിൽക്കുമ്പോൾ ഒരു കൂട്ടം ചൈനീസ് കുട്ടികൾ, പ്ലാറ്റ്ഫോമിന്റെ മഞ്ഞ വരച്ച തിട്ടയിൽ കയറിനിന്നു ചൈനീസ് ഭാഷയിൽ ഉച്ചത്തിൽ സംസാരിക്കുന്നു. മഞ്ഞ വരച്ച തിട്ടയിൽ നിൽക്കരുതെന്നാണ് നിയമം. വേഷത്തിൽ അമേരിക്കൻ കുട്ടികൾ ആണെങ്കിലും പറയുന്നത് ചൈനീസ് ഭാഷയും, കൈയ്യിൽ ഇടയ്ക്കു ഇടയ്ക്കു ഉയർത്തിനോക്കുന്ന കണക്കു പുസ്തകങ്ങളും , കൂട്ടത്തിൽ "F" ചേർത്ത് പറയുന്ന വാക്കുകളും കൊണ്ട് അവിടം ശബ്ദ മുഖരിതമായാക്കി. ദൂരെനിന്നും ഒരു വെള്ളക്കാരൻ , തലയിൽ ഒരു അമേരിക്കൻ കൊടി തൂവാലയായി കെട്ടിയിട്ടുണ്ട്, താടിമീശയും പച്ചകുത്തിയ ശരീരവും; അയാൾ നടന്നടുത്തു, മഞ്ഞ തിട്ടയിൽ കൂടിത്തന്നെ അയാൾ വേഗത്തിൽ കടന്നു വന്നു കുട്ടികളുടെ അടുത്തെത്തി, “ മാറി നിൽക്കൂ” എന്ന് ഉച്ചത്തിൽ പറഞ്ഞിട്ട് ദേഷ്യ ഭാവത്തോടെ കടന്നു പോയി. ട്രെയിൻ എത്തി, ഒരുവിധം അതിൽ കയറിക്കൂടി, കുട്ടികൾ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു, കണ്ണോടിച്ചുനോക്കിയപ്പോൾ ട്രെയിനിൽ തൊണ്ണൂറു ശതമാനവും കറുത്തവർഗക്കാരും സ്പാനിഷ് വംശജരും ഏഷ്യക്കാരും ഒക്കെ കുടിയേറ്റക്കാർ തന്നെ. “നിൽക്കണോ അതോ പോകണോ?” എന്ന ഒരു ചോദ്യം അറിയാതെ മനസ്സിനെ നോവിച്ചു.

രണ്ടായിരത്തി പതിനേഴു, മെയ്മാസം അഞ്ചാം തീയതി, ന്യൂ യോർക്ക് .



US Ambassador Nikki Hailey

Preet Barara

President Donald Trump
v dir="ltr" style="text-align: left;" trbidi="on">

Wednesday, April 19, 2017

വലിച്ചെറിയുക നമ്മുടെ ഈ വസ്ത്രങ്ങൾ പോലും - ഫാദർ ഡേവിസ് ചിറമ്മൽ

വാൽക്കണ്ണാടി - കോരസൺ

"വെടിയുക മോഹന ജീവിത വാഞ്ഛകൾ , തേടുക തപസ്സത്തിൽനിന്നും ,ജഢതയിൽ നിന്നും, നിദ്രയിൽ നിന്നും, മൃതിയുടെ ചപല കരങ്ങളിൽ നിന്നും..."


Fr. Davis Chirammel

“നഗ്നത ഏൽക്കപ്പെടുകയാണ് മൗൻഷ്യജീവിതത്തിലെ ഏറ്റവും അവമാനിതമാകുന്ന സന്ദർഭം, അതും പരസ്യമായി ശരീരം അനാവരണം ചെയ്യപ്പെടുമ്പോൾ അനുഭവിക്കുന്ന മാനസീക പീഡനം കൊടും ക്രൂരമായ ശാരീരീരിക പീഡനത്തെക്കാൾ കുറവാകില്ല. അത്തരം ഒരു അനുഭവമാണ് ക്രിസ്തുവിനു മനുഷ്യനായി അനുഭവിക്കേണ്ടിവന്ന ഏറ്റവും കടുത്ത വേദന. തങ്ങളെ പൊതിയുന്ന ആവരണങ്ങളെ തിരസ്കരിക്കലാണ് ദൈവത്തിലേക്ക് നടന്നടുക്കാനുള്ള കുറുക്കുപാത. സ്വർണം കൊണ്ടുള്ള വസ്ത്രങ്ങളും വാഹനവും ഉപയോഗിക്കുന്നവർ ഇന്നുണ്ട്. നാം അറിയാതെ എടുത്തണിയുന്ന സുന്ദര മോഹന ആകാരങ്ങൾ , ആടയാഭരണങ്ങൾ ഒക്കെ ഉപേക്ഷിച്ചു കഴിയുമ്പോൾ വളരെ ലാഘവത്വവും മിതത്വവും അനുഭവവേദ്യമാകും. മഹാത്മാ ഗാന്ധിയും ഇതേ മാർഗ്ഗമാണ് സ്വീകരിച്ചതെന്ന് കാണാം. അർത്ഥനഗ്നനായ ഗാന്ധിജിയാണ് ഒരു വലിയ മനുഷ്യ ജനതയെ സ്വതന്ത്രരാക്കിയത് എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്. ചിലതൊക്കെ ചിലപ്പോഴൊക്കെ പൂര്ണമായിത്തന്നെ ഉപേക്ഷിക്കാൻ ഉള്ള ധൈര്യമാണ് നമ്മെ മഹത്വത്തിലേക്കു നയിക്കുന്നത്”, ഫാദർ ഡേവിസ് ചിറമേൽ വാചാലനായി. അദ്ദേഹം തന്റെ കഥകൾ തുടർന്നുകൊണ്ടേയിരുന്നു, ഞങ്ങൾ ഒരു പുഴയുടെ സംഗീതംപോലെ അത് ശ്രവിച്ചുകൊണ്ടേയിരുന്നു.

ഒരു അപകടത്തിൽ പെട്ട് തന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച പൂർണമായി നഷ്ട്ടപ്പെട്ട ഒരു കുട്ടിയെ അമേരിക്കയിൽ വച്ച് കണ്ടുമുട്ടി. ഓരോ പ്രാവശ്യം കാണുമ്പോഴും അവൾ കൂടുതൽ തേജസ്സിലേക്കു നടന്നു പോകയാണ് എന്ന് അവൾ കാട്ടിത്തന്നു. കാഴ്ച ഒരിക്കലും തിരികെ വരില്ല എന്ന സത്യം മനസ്സിലാക്കിയവൾ , തന്റെ ജീവിതത്തെ അതിനനുസരിച്ചു ക്രമീകരിക്കുവാനും, സന്തോഷം കണ്ടെത്തുവാനും ശ്രമിച്ചു. അവൾക്കു ഇന്ന് ദൈവത്തെ കാണാം എന്നാണ് അവൾ പറയുന്നത്. ബാഹ്യ കണ്ണുകളിലെ പ്രകാശം നഷ്ടപ്പെട്ടപ്പോൾ അവളുടെ ആന്തരീക കണ്ണുകൾ പ്രഭാപൂരിതമായി , ഒപ്പം അവൾ തിരഞ്ഞുപിടിച്ചു കൈപിടിച്ച് കൊണ്ടുപോകുന്ന നിരാശിതരായിരുന്ന ഒരു കൂട്ടം കുട്ടികളും. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവരുന്ന പ്രതിസന്ധികളിൽ നിന്നും ഓടി ഒളിക്കാനല്ല, നേരിടുകയും , കീഴടക്കുകയുമാണ് വേണ്ടതെന്നു ആ കുട്ടി ജീവിതം കൊണ്ട് കാണിച്ചുതരുന്നു. എത്ര സന്തോഷവതിയാണ് അവൾ ഇന്ന് , ഞാൻ കടന്നുചെന്നപ്പോൾ തനിയെ വന്നു വാതിൽ തുറന്നു , അകത്തു കൂട്ടികൊണ്ടുപോയി സ്വീകരിച്ചു, അത്ഭുതം തോന്നി ആ വലിയ മനസ്സിലെ രൂപാന്തരം കണ്ടപ്പോൾ, ഈ ജീവിതം നമുക്ക് മുൻപിൽ വരച്ചു കാട്ടുന്നതെന്തു സന്ദേശമാണ് എന്ന് നാം ഉൾക്കൊള്ളണം.

ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു ദമ്പതികൾക്ക് രണ്ടു കുട്ടികളെ സമ്മാനിച്ച മറ്റൊരു വനിതയെ കാണാനായി. സഹോദരിക്കുവേണ്ടി കുട്ടികളെ ഗർഭം ധരിക്കാൻ അവർ തയ്യാറായി. രണ്ടുമാസം പ്രായമുള്ള കുട്ടികളെ യാതൊരു ബാധ്യതകളും കൂടാതെ കൈമാറുവാനും പതിനാലു വയസ്സ് വരെ ആരുടെ ശരീരത്തിലാണ് കുട്ടികൾ വളർന്നതെന്ന കാര്യവും രഹസ്യമാക്കി വയ്ക്കാൻ അവർ തയ്യാറായി. മറ്റുള്ളവരുടെ ശൂന്യമായ ജീവിതത്തിനു പ്രകാശമേകാൻ നമുക്ക് ത്യാഗം സഹിക്കാൻ കഴിഞ്ഞാൽ മാത്രമേ അത്തരമൊരു മഹത്വത്തിന്റെ വില കണ്ടെത്താനാവൂ. ഞാനും ഞാനും മാത്രം നിറഞ്ഞു നിൽക്കുന്ന ലോകത്തു , ചെറുതും വലുതുമായ ത്യാഗങ്ങളാണ് വലിയ സന്തോഷവും സമാധാനവും ലോകത്തിനു നൽകുന്നത്.

ഫാദർ ചിറമ്മൽ തന്റെ സ്വതസിദ്ധമായ ഗ്രാമീണ ശൈലിയിലൂടെ ഞങ്ങളുടെ കഠിന ഹൃദയങ്ങളെ സ്പർശിക്കുകയായിരുന്നു . അദ്ദേഹത്തിന്റെ കേരളത്തിലുള്ള പ്രവർത്തങ്ങൾ കാണുവാൻ എനിക്ക് ഭാഗ്യം ഉണ്ടായി . തൃശൂർ വച്ച് , അദ്ദേഹം നേതൃത്വം നൽകുന്ന അവയവദാന പദ്ധതിയുടെ ഭാഗമായി അവയവങ്ങൾ തമ്മിൽ സ്വീകരിച്ചവരുടെ സ്നേഹ സംഗമം , ജീവിതത്തിൽ ഒരു മറക്കാനാവാത്ത അനുഭവമായി മാറി. മതമോ വർഗ്ഗമോ വരണമോ ഒന്നും നോക്കാതെ, അവയവം കൊടുത്തവരും സ്വീകരിച്ചവരും തമ്മിലുള്ള സല്ലാപം ശ്രദ്ധിച്ചാൽ, നാമെല്ലാം ഒരേ സൃഷ്ടിയുടെ നിർമാണ ഉപകരണങ്ങൾ മാത്രം ആണെന്നും, ഇവിടെ സ്പർധ ഉണ്ടാക്കുന്നത് വെറും മൗഢ്യം ആണെന്നും ആരും പറഞ്ഞുതരേണ്ട കാര്യമാവില്ല.

പറഞ്ഞു തീരുന്നതിനു മുൻപ് ഒരുകൂട്ടം ആളുകൾ വീട്ടിലേക്കു കടന്നു വന്നു. അൽപ്പം സ്വകാര്യ സംഭാഷണത്തിനാണെന്നു പറഞ്ഞു അച്ചൻ അവരെ വീടിന്റെ ഒരു കോണിൽ കൊണ്ടുപോയി കുറച്ചുനേരം സംസാരിക്കുന്നത് കണ്ടു. ഞങ്ങൾ അച്ചനായി കാത്തിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ അവരെ പരിചയപ്പെടുത്തി. രണ്ടു കിഡ്നികളും നഷ്ട്ടപ്പെട്ട ഒരു പെൺകുട്ടിക്കുവേണ്ടി അവളുടെ ഭർത്താവും മകളും ചില സുഹൃത്തുക്കളുമായി എത്തിയിരിക്കുകയാണ്. ഒരു ചെറുപ്പക്കാരൻ അച്ചന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തന്റെ കിഡ്നി കൊടുക്കാമെന്നു സമ്മതിച്ചിരിക്കയാണ്. അവരെ തമ്മിൽ ഒന്ന് ബന്ധപ്പെടുത്തുകയായിരുന്നു അദ്ദേഹം. തിരിച്ചു നാട്ടിലേക്ക് പോകുന്നതിനു മുൻപ് ആ ധൗത്യം കൂടി നിർവഹിക്കുകയായിരുന്നു.

കത്തോലിക്കാ പുരോഹിതനായ അദ്ദേഹത്തിന്റെ ഒരു കിഡ്നി ഇപ്പോഴും ഒരു ഹിന്ദുവിന്റെ ശരീരത്തിലാണ് പ്രവർത്തിക്കുന്നത്. അവയവദാനം എന്ന മഹത്തായ കർമ്മത്തിനു ഇത്രയേറെ പ്രചാരം നൽകിയ വ്യക്തികൾ കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയാം. അദ്ദേഹത്തോടൊപ്പം ഒരു വലിയ പ്രസ്ഥാനമാണ് കേരളത്തിലും പുറത്തുമായി വളർന്നു വരുന്നത്. കത്തോലിക്കാ സഭയിൽ പെടാത്ത രാജുവും മധുവും മൈലുകൾ താണ്ടി അച്ഛന്റെ കർമ്മപദ്ധതിയുടെ ഭാഗമായി നിരന്തരം പ്രവർത്തിക്കുന്നു, അങ്ങനെ അനേകരും..

കേരളത്തിലെ വിശാലമായ കത്തോലിക്കാ സമൂഹത്തിൽ തന്നെ ചില പുരോഹിതന്മാരുടെ വഴിവിട്ട പോക്കുകൾക്കു പുരോഹിതന്മാർ മുഴുവനായി തെറ്റിദ്ധരിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യ സ്നേഹികളായ ഇത്തരം ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്നും കടന്നുവരുന്ന മനുഷ്യഗന്ധിയായ ക്രിസ്തു സ്നേഹത്തിന്റെ തരുണിമ, അംഗീകരിക്കപ്പെടേണ്ടതുതന്നെയാണ്. ശാന്തമായ മേച്ചില്പുറങ്ങളിലേക്കല്ല ഈ പുഴകൾ ഒഴുകുന്നത് , പക്ഷെ സ്വച്ഛമായ തടാകത്തിന്റെ അരികത്തേക്കു നമ്മെ നയിക്കുവാനുള്ള ത്രാണി ചില പുരോഹിതന്മാർക്കുണ്ട് (മുൻപിൽ നില്ക്കാൻ അർഹൻ) എന്നത് വളരെ പ്രതീക്ഷ നൽകുന്നു.

സ്വാർത്ഥന്മാർ കുടിയിരിക്കുന്ന നമ്മുടെ സമൂഹത്തിൽ സ്വയം ജീവന് വെല്ലുവിളി ഉയരുമ്പോഴും ധാർമ്മികതയെ ഉള്ളില്നിന്നും വിളിച്ചുണർത്താൻ ഈശ്വരൻ കടം തന്ന വരദാനമാവണം ഇത്തരം മനുഷ്യർ!

Thursday, April 13, 2017

നിശ്ശബ്ദമായിരിക്കാൻ നമുക്ക് എന്ത് അവകാശം ?

നിശ്ശബ്ദമായിരിക്കാൻ നമുക്ക് എന്ത് അവകാശം ?

വാൽക്കണ്ണാടി - കോരസൺ

നമ്മുടെ ഈ നിശബ്ധതകൾ ആത്മവഞ്ചനയാണ്. "അമേരിക്കയാണ് അക്രമത്തിന്റെ കലവറക്കാരൻ" എന്ന് ന്യൂയോർക്കിലെ റിവർസൈഡ് പള്ളിയിൽ വച്ച്, അമ്പതു വര്ഷം മുൻപുള്ള ഏപ്രിൽ നാലിന്, ഇക്കാര്യം പറഞ്ഞത് അമേരിക്കയുടെ പൗരാവകാശത്തിന്റെ പ്രതിബിംബമായ, മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ആയിരുന്നു. വിയറ്റ്നാം യുദ്ധത്തിന്റെ പാരമ്യത്തിൽ, അമേരിക്ക വിയറ്റ്നാമിൽ അതി ക്രൂരമായ നാപാം ബോംബ് ഇട്ടു കൊന്നുകൂട്ടിയ കുട്ടികളുടെ വികൃതമായ കത്തിക്കരിഞ്ഞ മൃതശരീങ്ങൾ കണ്ടു ഹൃദയം പൊട്ടിയ ഒരു മനുഷ്യ സ്നേഹിയുടെ വിലാപമായിരുന്നു അത്. "രാഷ്ട്രത്തിന്റെ ആത്മാവിനു ക്ഷതമേൽക്കുമ്പോൾ എനിക്ക് നിശ്ശബ്ദനാകാനാവില്ല, നമ്മുടെ രാജ്യം തെറ്റിലേക്കാണ് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു. നിശ്ശബ്ദതയുടെ മൂടുപടം വലിച്ചുകീറാൻ മനസ്സാക്ഷി എന്നെ നിർബന്ധിക്കുന്നു.വിയറ്റ്നാംയുദ്ധം ഒരു കൈപ്പിഴയല്ല, അത് അമേരിക്കയുടെ അഭിമാനം ഉയർത്താനുള്ള വ്യഗ്രതയുമല്ല , മറിച്ചു ഒരു തീരാ വ്യാധിയാണ് . വിയറ്റ്നാമിൽ നാം തുടക്കത്തിലേ പിഴച്ച ചുവടുകളായി മാറി .

Rev. Martin Luther King Jr. speaking at the Riverside Church April 4, 1967.

ഞാൻ കേവലം രാജ്യഭക്തിയും, കൂറും പറഞ്ഞുഉള്ള വികലമായ സ്നേഹത്തിനല്ല വില കൽപ്പിക്കുന്നത്. നാം നമ്മുടെ രാസായുധങ്ങൾ പരീക്ഷിക്കാനുള്ള ഇടങ്ങളാക്കി വിയറ്റ്നാമിനെ കാണരുത് , മാർട്ടിൻ ലൂതർ കിംഗ് അമേരിക്കൻ ഗവൺമെന്റിനു നേരെ കത്തിക്കയറി; ജനതയുടെ പൗരബോധവും സ്വാതന്ത്ര്യവും സമത്വവും കാറ്റിൽ പറത്തി , ലാഭേച്ഛയും വസ്തുസമ്പാദനവും മാത്രം ലക്ഷ്യം വച്ചാൽ ഒരു രാജ്യത്തിന് അതിന്റെ ആത്മാവിൽ എങ്ങനെ നിലനിൽക്കാനാവും? വർഗീയതയും ഭൗതികവാദവും സൈനീകരണവും കീഴ്പ്പെടുത്താനാകാത്ത ശത്രുക്കളാണ്. ഗോത്രം, വർഗം, ക്ലാസ് തട്ടുകൾ, നിറം തുടങ്ങിയ ഘടകങ്ങൾ ഒഴിവാക്കി അയൽക്കാരന്റെകൂടെ കരുതൽ മുഖ്യമാക്കിയ ഒരു അന്തർദേശീയ കൂട്ടായ്മ ഉണ്ടാകണം അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളും രാഷ്രീയക്കാരും മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനെ കൊല്ലാക്കൊല ചെയ്തു. 1799 ലെ ലോഗോൺ ആക്ട് പ്രകാരം അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിച്ച സെനറ്റർ തോമസ് ടോഡ്, പ്രസിഡണ്ട് ജോൺസന്റെ പ്രിയ മിത്രമായി. വാഷിഗ്ടൺ പോസ്റ്റും, ന്യൂ യോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ഇത് വെറും വിലകുറഞ്ഞ ദുരാരോപണമാണെന്നും ഈ ചെറു മനുഷ്യൻ വലിയ കാര്യത്തിൽ ഇടപെടേണ്ട എന്നുള്ള ഇകഴ്ത്തിയ പ്രസ്താവനകളാണ് പുറത്തുവിട്ടത്. “അനുസരണയില്ലത്ത ചേരി മര്യാദകളായിട്ടാണ്” ന്യൂ യോർക്ക് ടൈംസ് പത്രം അദ്ദേഹത്തിന്റെ പ്രസംഗത്തെ വിമർശിച്ചത്. മാർട്ടിൻ ലൂതർ കിംഗ് അക്ഷോഭ്യനായി ഈ ആരോപങ്ങളെ നേരിട്ടു . " ഞാൻ ഒരു പക്ഷേ രാഷ്രീയമായി ഒരു മരമണ്ടൻ ആയിരിക്കാം , എന്നാൽ ധാർമ്മികമായി ഞാൻ ബുദ്ധിമാൻ തന്നെയാണ്. ജനപ്രീതിയില്ലാത്ത ഒരു നിലപാട് എനിക്ക് എടുക്കേണ്ടി വന്നേക്കാം, ഉത്തരവാദിത്വമുള്ള ആരെങ്കിലും ഈ രാജ്യം തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നതെന്നു പറയുമെന്ന് ഞാൻ വെറുതെ നിനച്ചു പോയി. എന്താണ് എല്ലാവരും ഭയക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്”.

അക്രമത്തിന്റെ കലവറക്കാരനായ എന്റെ രാജ്യത്തെ വിമര്ശിക്കാതെ തെരുവുകളിലെ പീഡിതർക്കുവേണ്ടി എനിക്ക് ശബ്ദമുയർത്താൻ ആകുമോ? " 1964 ലെ നോബൽ സമ്മാനം കിട്ടയപ്പോൾ അദ്ദേഹം പറഞ്ഞത്, " ദേശീയബോധത്തിന്റെ അതിരുകൾ വിട്ടിട്ടു, മനുഷ്യ സാഹോദര്യത്തിന്റെ കെട്ടുറപ്പിനായി പ്രവർത്തിക്കാൻ ഇപ്പോൾ എന്റെ ഉത്തരവാദിത്വം വർദ്ധിച്ചു”. വലിയ വില കൊടുക്കേണ്ടി വന്നു അദ്ദേഹത്തിന്റെ ധൈര്യത്തിന്. കൃത്യം ഒരു വര്ഷം തികഞ്ഞപ്പോൾ, വെടിയുണ്ടയുടെ ഭാഷയിൽ ആ മൂർച്ചയുള്ള വാക്കുകളെ നിശ്ശബ്ദമാക്കി എന്നത് ചരിത്രം . 50 വർഷങ്ങൾ കഴിഞ്ഞിട്ടും ആ വാക്കുകൾക്ക് ഇന്നും പ്രസക്തിയേറുകയാണ്.
ഇത്തരം ഒരു പ്രസ്താവനയിലേക്കു മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനെ നയിച്ച സാഹചര്യം കൂടി മനസ്സിലാക്കുമ്പോഴേ വാക്കുകളുടെ തീവ്രത മനസ്സിലാകുകയുള്ളൂ. നൂറു വര്ഷം മുൻപ്, യൂറോപ്പ് മൂന്നു വർഷത്തിലേറെ നീണ്ട കലാപകലുഷിതമായ ഒന്നാം ലോക മഹായുദ്ധത്തെ അഭിമുഖീകരിക്കയായിരുന്നു . അമേരിക്ക ഇതിൽ പെടാതെ വളരെ സൂക്ഷിച്ചു മുൻപോട്ടു പോകുമ്പോൾ അമേരിക്കൻ പ്രെസിഡന്റ് വുഡ്ട്രൗ വിൽസൺ പറഞ്ഞു " നമ്മുടെ രാജ്യം അതിന്റെ രൂപപ്പെടുത്തലിനു ലക്ഷ്യം വച്ച സമാധാനവും സന്തോഷവും മനസ്സിൽ കണ്ടുകൊണ്ട്, അതിന്റെ അവകാശവും ശക്തിയും ഉപയോഗിച്ച് രക്തം ചൊരിയാൻ തയ്യാറെടുക്കുകയാണ് ." അടുത്ത ഒരു വര്ഷം കൊണ്ട് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചപ്പോൾ ഒരു ലക്ഷത്തി പതിനേഴായിരം അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തിലധികം സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു.
President Woodrow Wilson

മൂന്നുവർഷത്തിലധികം പോരാടി തളർന്ന യൂറോപ്യൻ രാജ്യങ്ങൾ ഒരു തീരുമാനത്തിലും ധാരണയിലും എത്താതെ യുദ്ധം അവസാനിപ്പിച്ചു , 17 മില്യൺ ആളുകൾ മരിച്ചുവീണ ആ യുദ്ധത്തിന് പൂർണ്ണ വിരാമം ഇടാൻ കഴിയാത്തതാവണം പിന്നീട് 50 മില്യൺ ആളുകൾ മരിക്കാൻ കാരണമായ രണ്ടാം ലോക മഹായുദ്ധം ഉരുത്തിരിഞ്ഞത് എന്നും ചരിത്രം വിലയിരുത്തുന്നുണ്ട്. യുദ്ധത്തിൽ ഇടപെടരുത് എന്ന പൊതു അഭിപ്രായം മാനിക്കാതെ സങ്കീർണമായ ഒരു ഇടപെടലിന് മറുപടി എന്നോണം, വുഡ്ട്രൗ വിൽസൺ കൊണ്ടുവന്ന സമാധാന പ്രക്രിയകൾ ഒന്നും അമേരിക്കൻ സെനറ്റ് അംഗീകരിച്ചില്ല. അന്ന് അമേരിക്ക ആ മഹായുദ്ധത്തിൽ ഇടപെടേണ്ട കാരണത്തെക്കുറിച്ചു ഇന്നും തർക്കം നിലനിൽക്കുന്നു. പക്ഷെ ഈ രണ്ടു ലോക മഹായുദ്ധത്തിനുമിടയ്ക്കു അമേരിക്കയുടെ ഉല്പാദനക്ഷമതയും, വ്യവസായ ഉൽപന്നങ്ങളും സാങ്കേതികതയും, വ്യാപാരവും, ധനവും വർദ്ധിച്ചു എന്നത് ഓർമ്മയിൽ ഇരിക്കട്ടെ.

അന്ന് വുഡ്ട്രൗ വിൽസൺ കൊണ്ടുവന്ന "ദേശ സ്നേഹത്തിനെതിരെ ചാരവൃത്തിയും രാജ്യദ്രോഹവും " എന്ന നിയമം യുദ്ധത്തിനെതിരെ പ്രതികരിച്ച അനേകായിരം പേരെ തുറങ്കലിൽ അടച്ചു. അന്ന് തുടങ്ങിയ രാഷ്രീയ-അധികാര നിയന്ത്രണങ്ങൾ പൗരബോധത്തെ ആകെ നിയന്ത്രിച്ചു, ഒരു പരിധിവരെ അത് ഇന്നും തുടരുന്നു. അങ്ങനെ വിദേശത്തു സമാധാനത്തിനും ജനാധിപത്യത്തിനുമായി യുദ്ധങ്ങളിൽ നേരിട്ട് ഇടപെടുമ്പോഴും ,ആഭ്യന്തര പൗരബോധത്തിന്റെ കൂച്ചുവിലങ്ങു നിലനിർത്തുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ശത്രുക്കൾ മാറി മറിഞ്ഞു വരുമെങ്കിലും, യുദ്ധവും തന്ത്രവും മാറ്റമില്ലാതെ പോകുന്നു.
ലോകം ഇന്ന് ഒരു മഹാ യുദ്ധത്തെ പ്രതീക്ഷിക്കുകയാണെന്നു തോന്നും, ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വിഷയങ്ങൾ കേൾക്കുമ്പോൾ.

ഒരു രാജ്യത്തിനും നിലക്ക് നിർത്താനാവാത്ത ഭീകര പ്രവർത്തനങ്ങൾ, മുഖമില്ലാത്ത ശത്രുക്കൾ, രാജ്യമില്ലാത്ത യുദ്ധനിരകൾ , അന്തമില്ലാത്ത സംഘര്ഷങ്ങൾ , നിലയ്ക്കാത്ത പലായനങ്ങൾ . വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ , ജനാധിപത്യത്തിന് മൂല്യശോഷണം ബാധിച്ചു തിരിച്ചുവരുന്ന ജന്മിത്ത സമ്പ്രദായങ്ങൾ, അതിനെ പിന്തുണക്കുന്ന മതത്തിന്റെ പ്രതാപങ്ങൾ . വേലികെട്ടി സൂക്ഷിക്കേണ്ടി വരുന്ന അതിരുകൾ, രാസായുധങ്ങൾക്കു പകരം തൊടുത്തുവിടുന്ന മിസൈലുകൾ , അന്യ സമൂഹത്തിനുമേൽ നിരന്തരമായി കഴുകൻറെ കണ്ണുമായി പരതി നടക്കുന്ന ഉപഗ്രഹങ്ങൾ , രഹസ്യ നിരീക്ഷണങ്ങൾ, കൂച്ചുവിലങ്ങിടുന്ന മാധ്യമ രംഗങ്ങൾ , സംരക്ഷണത്തിന് എന്ന പേരിൽ നിർബ്ബന്ധപൂര്വ്വം വോട്ട് ചെയ്യിക്കുന്ന കപട രാഷ്രീയ തന്ത്രങ്ങൾ , ഏകീഭവിക്കുന്ന സാമ്പത്തിക ഉറവിടങ്ങൾ , ഒക്കെ അധാർമ്മികതയുടെ വിവിധ മുഖങ്ങൾ! .

അത്യന്തം വിചിത്രമായ ഒരു ഇടത്തേക്കാണ് നാം അറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്, എവിടേയോ കൈമോശം വന്ന നമ്മുടെ ധാർമ്മീക കവചങ്ങൾ , കണ്ടു പിടിക്കാൻ ഒരു ശ്രമവും ഉണ്ടാകുന്നില്ല . ഭയമാണ് നമ്മളെ ഒന്നിനും കൊള്ളാത്ത കൂട്ടങ്ങളാക്കുന്നത് . അധികാരത്തോട് പറ്റിനടന്നാൽ പിടിച്ചു നില്ക്കാൻ എളുപ്പമാണ്. ആരെങ്കിലും മറിച്ചൊരു അഭിപ്രായം പറഞ്ഞു തുടങ്ങിയാൽ അത് എത്രയും വേഗത്തിൽ അധികാരത്തെ അറിയിച്ചു കൂറ് പിടിച്ചു പറ്റാനാണ് പലരും ശ്രമിക്കുന്നത്.

നാമൊക്കെ ആരെയോ എപ്പോഴും ഭയന്നാണ് ജീവിക്കുന്നതെന്ന സത്യം ഓരോ നിമിഷവും വ്യക്തമാവുകയാണ്. ജോലിയിലും വീട്ടിലും ആരാധനാകേന്ദ്രങ്ങളിലും, വഴിനടക്കുമ്പോഴും , സമൂഹത്തിലും സംസാരത്തിലും എന്ന് വേണ്ട, ഉറക്കത്തിൽപോലും എന്തോ, ഏതോ ഭീതിയുടെ അടിമകളാണ് നാം. കാര്യങ്ങൾ വ്യക്തമായി പറയാൻ മടി, ഉറച്ചു സംസാരിക്കാൻ പ്രയാസം, മറ്റുള്ളവർ നമ്മെപ്പറ്റി എന്ത് ചിന്തിക്കും എന്ന ആശങ്ക വല്ലാതെ കൂച്ചുവിലങ്ങിടുകയാണ് നമ്മുടെ ഓരോ നിമിഷത്തേയും. നിർഭയം എന്ന അവസ്ഥ ചിന്തിക്കാൻകൂടി കഴിയില്ല. നാം ഇടപഴകുന്ന എല്ലാ വിഷയത്തിലും നമ്മുടെ ഈ ഭീതി ഒരു ചെറിയ അധികാരകേന്ദ്രം മുതലെടുക്കുന്നു എന്നും നമുക്കറിയാം. എന്നാലും , പോകട്ടെ ,തല്ക്കാലം ഒരു മനഃസമാധാനമുണ്ടല്ലോ എന്ന ചിന്തയാണ്. ഭീരുത്വവും കാപട്യവും ചേർന്ന് നമുക്ക് വരിഞ്ഞു മുറുക്കിയ ഒരു മുഖഛായ ആണ് സമ്മാനിച്ചിരിക്കുന്നത്.

എന്നും സമൂഹം നിസ്സഹായകരായ പേടിത്തൊണ്ടന്മാരുടെ കൂട്ടമായിരുന്നു. ഇന്നലെ ഓശാനപാടിയവർ തന്നെ നാളെ കല്ലുകളെടുക്കാൻ യാതൊരു മടിയും ഇല്ലാത്തവരാണ്. 2000 വര്ഷം മുൻപ്, വളരെ കാത്തിരുന്നു "ആരാധനാലയം കള്ളന്മാരുടെ ഗുഹയാണ് " എന്ന് വിളിച്ചു പ്രതികരിക്കാൻതുടങ്ങിയ ക്രിസ്തുവിനെ ഭയന്ന യഹൂദ മഹാപുരോഹിതൻ പറഞ്ഞു " ആളുകൾ മുഴുവൻ ചീത്തയാകുന്നതിനു മുൻപ് ഈ ഒരാളെ അങ്ങ് ഇല്ലാതാക്കുക, അതോടെ പ്രശനം ശാശ്വതമായി പരിഹരിക്കപ്പെടും" . മൂന്നു വര്ഷം കൊണ്ട് ജനത്തിന്റെ പ്രതീക്ഷകളെ ക്രൂശിൽ തൂക്കാൻ മുന്നിൽ നിന്നതു രാഷ്രീയ പ്രചോദിതരായ മതനേതൃത്വമായിരുന്നു . അത് ഇന്നും എല്ലാ ദേശത്തും പരീക്ഷിക്കപ്പെടുന്നു. പക്ഷേ നിശബ്ദമായ ജനം അപ്പോഴാണ് പ്രതികരിച്ചു തുടങ്ങുന്നതെന്ന യാഥാർഥ്യം ഭരണകൂടം അപ്പോഴാണ് മനസ്സിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ മുതലെടുത്താണ് ഭരണം എന്ന പ്രക്രിയ നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്ഥിരമായ സൗഹൃദങ്ങളോ ബന്ധങ്ങളോ മനസ്സിൽ ഉണ്ടാവില്ല, പിന്നെ ഒക്കെ അഭിനയിച്ചു തീർക്കുക, അത്രതന്നെ !

ഇന്ന് പ്രതികരിക്കാൻ ഒരു വീര നായകന്റെ കാത്തിരിപ്പു വേണ്ടിവരുന്നില്ല; തൽക്ഷണം നമ്മുടെ വിചാര വികാരങ്ങൾ ആയിരക്കണക്കിന് പേരിൽ എത്തിക്കാൻ സാധിക്കുന്ന നെറ്റ്വർക്ക് സംവിധാനം നിലയുറപ്പിച്ചു. ചില മുല്ലപ്പൂ വിപ്ലവങ്ങൾ ചീറ്റി പോയെങ്കിലും, നിലക്കാത്ത തരംഗമായി ഈ വിരൽ ചലനങ്ങൾ വിപ്ലവം സൃഷ്ട്ടിച്ചുകൊണ്ടേയിരിക്കുന്നു. ഈ അവസ്ഥ നിയന്ത്രിക്കാനുള്ള എല്ലാ സാഹചര്യവും ഉടൻ ഉണ്ടാകാം. ഇപ്പോൾ നാമെല്ലാം നിരീക്ഷണത്തിലാണ്. സ്വതന്ത്രമായി ചിന്തകളെ ദീർഘനാൾ കയറഴിച്ചുവിട്ടാൽ സാമ്പ്രാജ്യങ്ങൾക്ക് നിലനിൽക്കാനാവില്ല. ഏതു നിമിഷവും ചിതൽ അരിച്ചുപോകുന്ന ഓർമ്മകളായി നമ്മുടെ ഇന്നത്തെ വ്യക്തിഗത മാധ്യമ സംസ്കാരം മാറിപ്പോയാൽ അത്ഭുതപ്പെടേണ്ടി വരില്ല , എന്തിനീ മൗനം ?

April 14, 2017, Vishu / Good Friday
vkorason@yahoo.com, http://vkorason1960.blogspot.com

Wednesday, March 22, 2017

ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീ പീഡനങ്ങളുടെ പെരുമഴക്കാലമോ ?
വാൽക്കണ്ണാടി - കോരസൺ

ഇന്ന് കേരളസമൂഹത്തിൽ അത്യധികം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീ പീഡനപരമ്പരകളാണ്. മലയാള പത്രങ്ങൾ തുറന്നാൽ ഓരോ ദിവസവും ഒരു പേജിൽ കുറയാത്ത പീഡനവാർത്തകൾ കാണാനാവുന്നു. ഓരോ ദിവസവും അതിൽ കാണുന്ന വൈവിധ്യങ്ങൾ വായനക്കാരിൽ ഗൂഢമായ വൈകാരിക താല്പര്യം ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, ഏതോ ടിവി സീരിയൽ കാണുന്ന കാത്തിരിപ്പാണ് ആ പേജിൽ കൈവെയ്ക്കാൻ. ദിവസങ്ങൾ പ്രായമുള്ള കുട്ടികൾ മുതൽ എൺപതു കഴിഞ്ഞ വയോധികർ പോലും ഇന്ന് പീഡനവിധേയരാകുന്ന അസുഖകരമായ ഒരു സാമൂഹിക പ്രതിഭാസം നിലനിൽക്കുന്നു. അധ്യാപകർ, പുരോഹിതന്മാർ, സാംസ്കാരിക പ്രമുഖർ തുടങ്ങി, ഒരു സമൂഹത്തിനു ധാർമ്മിക രേഖ വരച്ചു കാണിച്ചു കൊടുക്കേണ്ട കേന്ദ്രങ്ങൾ തന്നെയാണ് പീഡകരായി മാറുന്നതെന്നതാണ് ഏറെ നടുക്കുന്ന വാർത്തകൾ. മാനക്കേടും അഭിമാനവും കാരണം ഒട്ടേറെ അനുഭവങ്ങൾ വാർത്തകൾ ആകാതെ എങ്ങും രേഖപ്പെടുത്താനാവാതെ കട്ടപിടിച്ചു മരവിച്ചു അവിടവിടെയായി കിടക്കുന്നു. പുതിയ അവസ്ഥകളെ നേരിടാനുള്ള തയ്യാറെടുപ്പില്ലാത്ത പോലീസ് സംവിധാനത്തെ നാം കുറ്റപ്പെടുത്തുന്നു. രോഗാതുരമായ ഈ സാമൂഹിക അവസ്ഥക്കുള്ള കാരണം പഠനവിഷയമാക്കേണ്ടതുണ്ട്.

ഇത് ഒരു പക്ഷെ കേരളത്തിന്റെ പ്രത്യേകമായ സാമൂഹിക അവസ്ഥയായിരിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടിൽ കേരളസമൂഹം സാമ്പത്തീകമായി ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. കാൽപ്പനിക സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കാനും പ്രവർത്തിക്കാനും തയ്യാറായത് നാം അടുത്തറിയാതെപോയി, അല്ലെങ്കിൽ അറിവില്ലാതെപോയി എന്നുവേണം കാണുവാൻ. ഇത് ഒരു വൻ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം ഭീതിയോടെ അടുത്തറിയുമ്പോൾ , കേരള സമൂഹത്തിന്റെ സുരക്ഷാ വലയത്തിൽ വീണ കനത്ത വിള്ളൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്നും നാം മനസിലാക്കുന്നു.

ഒരു കടുത്ത പ്രതിസന്ധിയെ സമൂഹമായി നാം അഭിമുഖീകരിക്കുമ്പോൾ മെച്ചമായ പരിശീലനം കിട്ടാത്ത പോലീസ് സംവിധാനത്തോടും,അപര്യാപ്തമായ നിയമ സംവിധാനത്തോടും അറിയാതെ കലഹിച്ചു പോകുന്നു . വർധിച്ചു വരുന്ന ക്വോട്ടേഷൻ കൊലകളും, ആല്മഹത്യകളും , ചിതറുന്ന കുടുംബ ബന്ധങ്ങളും ഒക്കെ നമ്മൾ എന്ന സമൂഹം തന്നെയാണ്. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ജുഗുപ്സാവഹമായ ഒരു സാമൂഹിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് കേരള സമൂഹം കടന്നു പോകുന്നത്.

ഒരു വാർത്ത എന്ന നിലയിൽ വായിച്ചുതള്ളുകയല്ല; മറിച്ച് എന്ത് ചെയ്യാനാവും എന്ന് ഒന്നിച്ചു ചിന്തിക്കുവാനാണ് നാം തയ്യാറാവേണ്ടത്. ഒന്നിലധികം മൊബൈൽ ഫോണുകളും പറന്നു നടക്കാൻ പാകത്തിൽ ഇരു ചക്ര വാഹനവും മുഖം മറക്കാൻ പാകത്തിൽ ഉള്ള ഹെൽമെറ്റുകളും മലയാളി പെൺകുട്ടികളെ വളരെ സ്വതന്ത്രരാക്കി. വീട്ടിൽ നിന്നും മാറി നിന്ന് പഠിക്കാൻ പാകത്തിലുള്ള ക്രമീകരണങ്ങളും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. ഇതൊന്നും ഒരു കുറവായിട്ടല്ല പറയാൻ ശ്രമിക്കുന്നത്. എന്നാൽ സ്വയം സൂക്ഷിക്കാനുള്ള കെട്ടുറപ്പിലാണ് ചില പാകപ്പിഴകൾ കാണുന്നത്. അടുത്തിടെ ഇരുചക്ര വാഹനത്തിൽ കറങ്ങുന്ന രണ്ടു പെൺകുട്ടികളുടെ വേഷം അത്ഭുതം ഉണ്ടാക്കി. ഇരു വശത്തുമായി ചൂരിധാറിന്റെ താഴെയിൽ നിന്നുള്ള കട്ട് കുറച്ചുഏറെ ഉയരത്തിലേക്ക് ആയിത്തുടങ്ങി, പിൻഭാഗം പട്ടം പോലെ നീളത്തിൽ പറന്നുപോകുന്നു, പിന്ഭാഗവും വയറിന്റെ ചില്ലറ ഭാഗങ്ങൾ എല്ലാം നാട്ടുകാർക്ക് കാട്ടി കൊടുത്തു തന്നെയാണ് സവാരി. പിന്നെയാണ് ശ്രദ്ധിച്ചത്, പ്രായ വത്യാസമില്ലാതെതന്നെ സ്ത്രീകൾ വ്യാപകമായി ഇത്തരം ഡ്രസ്സ് ധരിക്കുന്നു. കൂളിംഗ് ഗ്ലാസ് ധാരികളായ ചെന്നായ്ക്കൾ വാഹനത്തിലും അല്ലാതെയും സവാരിഗിരി നടത്തുമ്പോൾ നാം തുറന്ന ഒരു സമൂഹത്തിലല്ലല്ലോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിക്കുക. സ്ത്രീകളുടെ വേഷവിധാനത്തിൽ വന്ന പ്രകടമായ മാറ്റത്തിനു കാരണം ചില സ്ത്രീ മാസികകൾ തന്നെയാണ്. പുരുഷന്മാരാണ് ഇത്തരം മാസികകൾ കൂടുതൽ വായിക്കുന്നതുതന്നെ.

വളരെ കലോറി ഉള്ള ഭക്ഷണ ക്രമങ്ങളും, ആരോഗ്യ സൗന്ദര്യ വസ്തുക്കളും ഇന്നത്തെ സ്ത്രീകൾക്ക് പുതിയ ഉത്തേജനവും ഉണർവും നൽകുന്നത് നല്ലതുതന്നെ. വളരെ ചുരുങ്ങിയ നിരക്കിൽ വിരൽത്തുമ്പിൽ വിസ്മയം സൃഷ്ട്ടിക്കുന്ന വാട്ട്സാപ്പും, ചാറ്റിങ്ങും സർവ്വ അതിർവരമ്പുകളും വിട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു പരിചയവും ഇല്ലാത്ത ഇൻസ്റ്റന്റ്സുഹൃത്തുക്കൾ വളരെ സ്നേഹപൂർവ്വം നിർബന്ധിച്ചു ആവശ്യപ്പെടുമ്പോൾ , സ്വയം അനാവരണം ചെയ്തു ടെക്സ്റ്റ് ചെയ്യാൻ പോലും കുട്ടികൾ തയ്യാറാവുന്നു. അവിടെ അവർ അനുഭവിക്കുന്ന സ്വകാര്യതയും സംതൃപ്തിയും എപ്പോഴാണ് അതിരുകടക്കുക എന്നറിയില്ല. അത്തരം ഒരു അങ്കലാപ്പിൽ എന്താണ് ചെയ്യേണ്ടതെന്നും അവർക്കു അറിയില്ല. ആരോടെങ്കിലും ഇത്തരം കാര്യങ്ങൾ പറയാൻ ധൈര്യവും ഇല്ല. പിന്നെ എന്ത് ചെയ്യും? വഴങ്ങിക്കൊടുത്തു രക്ഷപെട്ടോടുക, അല്ലെങ്കിൽ സ്വയം ശിക്ഷ വിധിക്കുക. കടുത്ത സമ്മർദ്ദത്തിലൂടെയാണ് നമ്മുടെ കെൽപ്പില്ലാത്ത യുവത്വം നടന്നു പോകുന്നത്. എന്ത് സംവിധാനമാണ് ഇന്ന് ഈ പുതിയ സാഹചര്യങ്ങളെ നേരിടാനുള്ളത് ?

കാലങ്ങളായി മലയാളി മൂടിവച്ചിരുന്ന കപട സദാചാരം മൂടിതുറന്നു വെളിയിൽ വന്നിരിക്കുന്നു. പഴയ കാംപസ് പ്രേമവും, കമെന്റ് അടികളും കൊച്ചുപുസ്തകങ്ങളും കൊണ്ട് പൊതിഞ്ഞു വച്ചിരുന്ന അവന്റെ വികാരവിക്ഷേപങ്ങൾക്കു പകരം പിടിച്ചെടുക്കാനും തട്ടിപ്പറിക്കാനും കൊത്തിപ്പറിക്കാനും ഇന്ന് നിഷ്പ്രയാസം സാധിക്കുന്നു. അതിനായി ഏതു അറ്റം വരെ പോകാനും ഇന്ന് അവനെ പ്രാപ്തനാക്കാനുള്ള വഴികൾ സുലഭം. എത്ര കഥകൾ കേട്ടാലും വീണ്ടും വീണ്ടും വീണു പോകുന്ന ചതിക്കുഴികൾ. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കലികാലം . കുട്ടികൾ മാത്രമല്ല തീവ്ര മനഃസാന്നിധ്യമില്ലാത്ത എല്ലാവരും ഈ ചതിക്കുഴികളിൽ പെട്ടുപോകാറുണ്ട്.

ആരോടാണ് ഒന്ന് മനസ്സുതുറക്കുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്. മലയാളി തന്നിലേക്ക് തന്നെ ചുരുങ്ങാൻ തുടങ്ങിയിട്ട് കുറെ കാലമായി. മറ്റുള്ളവരുടെ ഒരു കാര്യത്തിലും അവനു താല്പര്യം ഇല്ല. അതിനാൽ മറ്റുള്ളവരെ കരുതാനും സ്വയം രക്ഷിക്കാനും ഇന്ന് അവനു ഉടൻ മറുപടിയുമായി എത്തുന്ന ആൾ ദൈവങ്ങൾ മാത്രമാണ് ശരണം. പഴയ കാല നേർച്ചകളും വഴിപാടുകളും അവനു അത്ര വിശ്വാസമാകുന്നില്ല. തോരാത്ത ആവശ്യങ്ങളും ആവലാതികളുമായി എവിടെയൊക്കെയോ നടത്തുന്ന പൊങ്കാലകളിലും അടവികളിലും പദയാത്രകളിലും പങ്കെടുത്തിട്ടും അവനു അത്ര തൃപ്തി വരുന്നില്ല . എല്ലാം ഉടൻ തീർച്ചയാക്കാൻ ഇന്ന് ആൾ ദൈവങ്ങൾക്ക് അല്ലാതെ ആർക്കു കഴിയും ? അവിടെ നടക്കുന്ന ചൂഷണങ്ങളിലും തട്ടിപ്പുകളിലും അറിയാതെ പെട്ടുപോകുന്നു എന്ന് അറിയാമെങ്കിലും , വീണ്ടും അവൻ അവിടേക്കു തന്നെ പോകുന്നു. ജാതകം നോക്കലും കവടിനിരത്തലും വെറ്റ നോക്കലും ഒക്കെയായി ജാതി മത ഭേദമെന്യേ മലയാളി നെട്ടോട്ടം ഓടുകയാണ്.

രക്ഷിതാക്കളിൽ, കുട്ടികൾക്ക് മാതൃക ആക്കുവാൻ ഉതകുന്ന ഇടങ്ങൾ കുറവ്, ഒന്നിനും നേരമില്ലാതെ അവൻ കഠിനമായി അധ്വാനിക്കയാണ്. പണവും പ്രതാപവും അഭിരമിക്കുന്ന ആരാധനാസ്ഥാപനങ്ങളിൽ ജീവൻ തുടിച്ചു നിന്ന ചൈതന്യം എന്നേ പടിയിറങ്ങിക്കഴിഞ്ഞു. അവിടെ എന്ത് എത്രയധികം കൊടുക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തി വഞ്ചിക്കപ്പെടുന്ന കച്ചവട ചരക്കുകളായി മലയാളി മാറിക്കഴിഞ്ഞു. ധ്യാനകേന്ദ്രങ്ങളും തിരുശേഷിപ്പുകളും മത്സരിച്ചു നടത്തപ്പെടുന്ന മതസമ്മേളങ്ങളും കൊണ്ട് അവൻ അടിക്കടി മണ്ടൻ ആക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം നിറഞ്ഞ ചിരിയുമായി നിരന്തരം എത്തുന്ന രാഷ്രീയ കോമരങ്ങൾ ഇളിച്ചുകാട്ടുന്ന ഗോഷ്ടികൾ അവനു സഹിക്കാൻ പറ്റില്ല എങ്കിലും ഈ രാഷ്രീയക്കാരോട് തോൾ ചേർന്ന് നിന്ന് ഒരു ഫോട്ടോ പിടിച്ചാൽ സ്വർഗം കിട്ടുന്ന സംത്യപ്തിയാണ് അവന് .

ഇപ്പോഴത്തെ കേരളത്തിലെ സംവിധാനങ്ങൾ ഈ മാറ്റങ്ങളെ ഉൾകൊള്ളാൻ തികച്ചും അപര്യാപ്തമാണ് . അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളിലും മേഖലകളിലും യുദ്ധകാല അടിസ്ഥാനത്തിൽ പഠനവും നിർദേശങ്ങളും സംയോജിപ്പിച്ചു സമൂഹത്തിലേക്ക് കടന്നു ചെല്ലേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. അവിടെ നടക്കുന്ന അഴിമതിയും ജീർണ്ണതയും വെളിച്ചമില്ലായ്മയും ഒരു ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിസ്ഥാനപരമായ കരുതൽ സംവിധാനങ്ങൾ ഉണ്ടാകുന്നതുവരെ ഒരു സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും , ചൂഷകർക്കു , പ്രത്യേകിച്ച് സമൂഹത്തെ നല്ല നിലയിൽ പ്രചോദിപ്പിക്കേണ്ടവർ കാട്ടുന്ന അവഗണക്കും നിഷ്ക്രിയത്തിനും കടുത്ത ശിക്ഷണനടപടികൾ കൈക്കൊള്ളുകയും വേണം.

വിരൽ ചൂണ്ടുന്നവരെ ഇല്ലായ്മചെയ്യുന്ന നമ്മുടെ കാടൻ സ്വഭാവത്തിൽനിന്നു മാറി , വിരൽ ചൂണ്ടുന്നവരെ പ്രചോദിപ്പിക്കാനും അവർ ഉയർത്തുന്ന വെല്ലുവിളികളെ ഉൾക്കൊണ്ട് പരിഹാരത്തിനായി വാതിലുകൾ തുറന്നിടുകയുമാണ് അടിയന്തിരമായി ഉണ്ടാകേണ്ട കാര്യം . കിട്ടുന്നതെല്ലാം വിളമ്പാൻ മാത്രം പാകത്തിൽ മാധ്യമങ്ങൾ അധപ്പതിക്കരുത് , പ്രായോഗികമായ ചർച്ചകൾക്ക് വേദി ഒരുക്കുകയും വിവിധ പരിഹാരങ്ങൾ പറഞ്ഞുകൊടുക്കാനും അവർക്കാകണം. സ്വകാര്യ മാധ്യമ പ്രസ്ഥാങ്ങൾ നിലനിൽക്കണമെങ്കിൽ അവരെ നിലനിർത്തുന്ന ചൂഷക സംഘത്തിന്റെ വ്യക്താക്കളായി മാറ്റപ്പെടണം എന്നസ്ഥിതിവിശേഷമാണ് ഇന്ന് ഉള്ളത്. സ്വതന്ത്രമായി അഭിപ്രായം രൂപപ്പെടണമെങ്കിൽ, അതിനു ഉതകുന്ന പൊതു ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സംവിധാനം സർക്കാർ അനുവദിക്കണം. ലോകത്തെ ഏതെങ്കിലും സ്ഥലത്തു ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ , അവിടെ അനുവർത്തിച്ച രീതികൾ ഉടൻ അവലംബിക്കണം.


മലയാളിമനസ്സിനെ നൊമ്പരപ്പെടുത്തിയ കുട്ടികളുടെ ചിത്രങ്ങൾ ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളായി കാണേണ്ട. കുട്ടി പള്ളിയിൽ പ്രാർഥിച്ചശേഷം പോയതാണെങ്കിലും , മാതാപിതാക്കൾ പോലീസ് സ്റ്റേഷനലിൽ ചെന്ന് അപേക്ഷിച്ചിട്ടും, ജീവൻ രക്ഷിക്കാൻ ആയിട്ടില്ലെങ്കിൽ എന്ത് സുരക്ഷയാണ് ഇന്ന് കുട്ടികൾക്കുള്ളത് ? അനുകരണീയമായ മാതൃകകൾ, എല്ലാം തുറന്നു പറയാനാവുന്ന സൗഹൃദങ്ങൾ ഇല്ലാതെ പോകുന്ന സമൂഹം എന്താണ് വിളിച്ചു പറയുന്നത് ?

"മനുഷ്യനെ നല്ലവനാക്കാൻ ശ്രമിച്ചവർക്കെല്ലാം തെറ്റുപറ്റുകയായിരുന്നു . അവൻ അടിസ്ഥാനപരമായി സ്വാർഥതയും അഹങ്കാരവും ചതിയും വഞ്ചനയും പരിശീലിച്ച , കാമവും ക്രോധവും നിറഞ്ഞ ഒരു ചീത്ത മൃഗമായിരുന്നു . അവനു മാത്രമുള്ള ചിരി കാപട്യത്തിന്റെ മൂടുപടമായിരുന്നു" - ആൽഫ എന്ന നോവലിൽ, ടി . ഡി . രാമകൃഷ്ണൻ.
മാർച്ചുമാസം പതിനേഴു , രണ്ടായിരത്തിപ്പതിനേഴു .



Tuesday, February 14, 2017

വൈറ്റ്ഹൗസിലെ ഭ്രാന്തൻ വെള്ളിയാഴ്ച്ചകൾ
വാൽക്കണ്ണാടി - കോരസൺ

സൂര്യൻ അസ്തമിക്കാനുള്ള സമയം അടുത്തുവരുന്നു . ആകെ പരിഭ്രാന്തരായ വൈറ്റ്ഹൗസ് ഏതോ നിഗൂഢമായ സംഭവങ്ങളെ വരവേൽക്കാൻ തുടങ്ങുക ആയിരുന്നു. പുറത്തെ ശീതകാറ്റിൽ വിറങ്ങലിച്ചു നിൽക്കുന്ന പൈൻ മരങ്ങളും ഒന്ന് നിഛലമായതുപോലെ. ഡാഡി ട്രംപ് എക്സിക്യൂട്ടീവ് ഓർഡറുകൾ ഒപ്പിട്ടു കൈ കുഴഞ്ഞു തിരികെ ഓവൽ ഓഫീസിന്റെ ലൈബ്രറിയിൽ അസ്വസ്ഥനായി ഇരിക്കുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അപ്പോഴും ഡാഡിട്രംപിനു പിറകിൽ നിൽക്കെയാണ്. "ഇരിക്ക് മൈക്ക് , എന്റെ പുറകെ ഒത്തിരി നേരമായല്ലോ ഈ നടപ്പും നിൽപ്പും തുടങ്ങിയിട്ട്, രാത്രി ആയി, ഇനി നമുക്ക് ഒന്ന് അടിച്ചു പൊളിക്കേണ്ടെ?" "എസ് ബോസ്, ആകാമല്ലോ" എന്ന് മൈക്ക് .

പെട്ടന്ന് ഡാഡിട്രംപിനു ബൈ പറഞ്ഞു മരുമകൻ ജാറേഡ് കുഷ്നെർ തന്റെ മുറിയിലേക്ക് പോകുന്നു, ഇവങ്കമോളും പിന്നാലെ അനുഗമിക്കുന്നു. സാന്ദ്രമായി അലയടിച്ചുകൊണ്ടിരുന്ന മൊസാർട് സംഗീതത്തിൽ അവർ കടന്നു പോകുമ്പോൾ പിന്നാലെ വാതിൽ അടയുന്നു, അവരുടെ മുറിയിലെ ഇലക്ട്രിക്ക് വിളക്ക് അണയുന്നു. ചെറിയ ഒരു മെഴുകുവിളക്ക് അവിടെ തെളിഞ്ഞതായി കാണാനായി , പതുക്കെ മുറിയിൽ നിന്നും "ലെച്ച ടോയ്ഡി , വരുക സുഹൃത്തേ , പരിശുദ്ധ ശബ്ബത്ത്, നിങ്ങളെ സ്വാഗതം ചെയ്യുന്നു " എന്ന് തുടങ്ങുന്ന യഹൂദ ശബ്ബത്ത് ഗാനം കേൾക്കാനായി.

"മൈക്ക്, നിങ്ങള്ക്ക് എന്ത് തോന്നുന്നു , നമ്മൾ കൊടുത്ത വാഗ്ദാനങ്ങൾ സമയ ബന്ധിതമായി നടപ്പാക്കും എന്ന് ആളുകൾക്ക് ബോധ്യമായി വരുന്നല്ലോ", ഏതായാലും നമ്മുടെ ചെക്കൻ കുഷ്ണർ മിടുമിടുക്കനല്ലേ , ഇനി അവൻ ഒന്ന് റസ്റ്റ് എടുക്കട്ടെ , നാളെ വീണ്ടും തുടങ്ങേണ്ടേ പണികൾ . ഒബാമ കാട്ടിക്കൂട്ടിയ ഓരോന്നും ശരിയാക്കണമെങ്കിൽ ഒരു മൂന്നു തവണ പ്രെസിഡൻറ് ആയാലും പറ്റില്ല, അത്രയ്ക്ക് കൊളമാക്കിയിട്ടാണ് അയാൾ സ്ഥലം വിട്ടത്, നാടിനോട് കൂറില്ലാത്തവൻ!

വീണ്ടും പതുക്കെ കസേരയിൽ നിന്നും എഴുനേറ്റുകൊണ്ട് മൈക്ക്പെൻസു പറഞ്ഞു തുടങ്ങി , ബോസ്സ് , താങ്കൾ അതി സമർത്ഥൻ തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കയല്ലേ , ഒരാഴ്ചകൊണ്ട് നമ്മൾ എന്തൊക്കെയാണ് പ്രവർത്തിച്ചത്. ലോകം മുഴുവൻ നമ്മുടെ അടുത്ത വാക്കുകൾക്കായി കാതോർത്ത്ഇരിക്കയല്ലേ, ഇപ്പോൾ അമേരിക്കയെ എല്ലവർക്കും ഭയമായി തുടങ്ങി. ഇന്നലെ ആസ്‌ട്രേലിയക്കാരന് കൊടുത്ത പണിയാണ് എനിക്ക് ശരിക്കും ബോധിച്ചത് . ഇനി അടുത്ത കാലത്തൊന്നും ആസ്ത്രേലിയൻ പ്രധാന മന്ത്രി മാൽകം ശരിക്കു കിടന്നു ഉറങ്ങില്ല, അത്രക്കിട്ടു ഒരു കീറാണ് ബോസ് നിങ്ങൾ അയാൾക്ക് കൊടുത്തത്. അവന്റെ റെഫ്യൂജീസിനെ അവരുടെ തൊഴുത്തിൽകൊണ്ടു കെട്ടാൻ പറ, അല്ലെങ്കിൽ ഒബാമയുടെ കെനിയയിലെ അങ്കിളിന്റെ വീട്ടിൽ കൊണ്ട് താമസിപ്പിക്കാൻ പറ, ഹല്ല , പിന്നെ, ട്രമ്പിനോടാ കളി !!! ഈയുള്ള മേത്തനെയെല്ലാം ഇവിടെ കൊണ്ടുവന്നു നമ്മുടെ ആളുകളുടെ ടാക്സ് മണി കൊടുത്തു ജീവിപ്പിക്കാനോ ? എന്നിട്ടു ഇവനൊക്കെ നമ്മുടെ കാലിന്റെ അടിയിൽ ബോംബ് വച്ച് കളിക്കണോ? ഒരു ഒറ്റ ക്രിസ്ത്യാനി ആ കൂട്ടത്തിൽ ഉണ്ടാവില്ല, ഒബാമ എത്ര ക്രിസ്ത്യാനികളെ രക്ഷിച്ചു? ശത്രു മുസ്ലിം തീവ്രവാദം ആണെന്ന് അയാളെക്കൊണ്ട് ഒന്ന് പറയിപ്പിക്കാൻ സാധിച്ചോ ? ശത്രുവിനെ പേരെടുത്തു പറയാതെ എങ്ങനെ ഇതിനെ ഒതുക്കാൻ ഒക്കും ? ഇനി അത് നടപ്പില്ല. എന്തൊരു അഹങ്കാരമാണ് ഇവറ്റകൾക്ക് ? ന്യൂ യോർക്ക് എയർപോർട്ടിൽ അവന്മാർ കൂട്ടപ്രാർഥന നടത്തി പ്രതിഷേധിക്കുന്നു, അവന്റെ ഒക്കെ മുസ്ലിം രാജ്യത്തു ഒരു ക്രിസ്ത്യാനി പ്രാർത്ഥിച്ചാലോ ബൈബിൾ പിടിച്ചാലോ കൊന്നുകളയും അവന്മാർ. ഇത് കൊറേ കൂടിപ്പോയി.

ബോസ്സ് , ഫോൺ അടിക്കുന്നല്ലോ, റഷ്യയിൽനിന്നും പ്രസിഡന്റ് പൂട്ടിൻ ആണെന്ന് തോന്നുന്നു, കുഷ്ണർമോനെ വിളിച്ചാലോ ? പിന്നെ വിളിക്കാം, റഷ്യക്കാരൻ എപ്പഴാ പണി പണിയുന്നതിന് അറിയില്ല, റഷ്യൻ പെണ്ണുങ്ങളെ എനിക്ക് താല്പര്യമാണെന്നു പറഞ്ഞു അവനൊരു മാമന്റെ അധികാരത്തിലാണ് വിളി. വേണ്ട, വേണ്ട പെൻസ്, കുഷ്ണർമോൻ ശബ്ബത് തുടങ്ങി ഇനി നാളെ മാത്രമേ പുറം ലോകവുമായി അവൻ ബന്ധപ്പെടുകയുള്ളു. ഇവങ്കമോളും യഹൂദ മതം സ്വീകരിച്ചമുതൽ അവർ അങ്ങനെയാണ്. എല്ലാ വെള്ളിയാഴ്ച രാത്രിയിലും പ്രാർഥനയും പാട്ടുമായി അങ്ങനെ കൂട്ടിൽ ഒളിക്കും. കാര്യം അവന്റെ അപ്പൻ ചാൾസ് തരികിട കളിച്ചു രണ്ടു വര്ഷം ജയിലിൽ കിടന്നതാണ് എങ്കിലും മില്ലിൻ കണക്കിന് ഡൊണേഷൻ കൊടുത്തിട്ടാണ് മക്കളെ ഹാർവാർഡിലും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലും പഠിപ്പിച്ചത്. ടാക്സ് കൊടുക്കാതെ എങ്ങനെ റിയൽ എസ്റ്റേറ്റ് സാബ്രാജ്യം ഉണ്ടാക്കാമെന്ന് ആശയം തന്നത് ചാൾസ് അല്ലെ?. അപ്പന്റെ കാഞ്ഞ ബുദ്ധി അവനും കിട്ടിയിട്ടുണ്ട്. കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടടുത്തുള്ള കെട്ടിടങ്ങൾ മറിച്ചു വിറ്റ് അവൻ ഇരുപതു മില്യൺ ഡോളർആണ് ഉണ്ടാക്കിയത്. കോളേജ് പോലും വിറ്റുകളയുമോ എന്നാണ് കൂട്ടുകാർ ഭയന്നത് . പിന്നെ അടിവച്ചു അങ്ങോട്ട് കയറ്റമായിരുന്നല്ലോ. എന്നാലും കുഷ്ണർമോൻ നടത്തികൊണ്ടിരുന്ന ഒബ്സർവേർ വാരിക അടിച്ചു കുളമായപ്പോൾ അതിന്റെ ചീഫ് എഡിറ്റർ പീറ്റർ കപ്ലാൻ പറഞ്ഞത് എന്റെ ചെവിയിൽ അങ്ങനെ ഇടക്കിടെ മുഴങ്ങും , "അവന് ഒന്നുംഅറിയില്ല എന്ന കാര്യം പോലും അവനു അറിയില്ലെന്ന് " ചിലപ്പോൾ എനിക്കും അത് തോന്നാറുണ്ട് . എന്നാലും നമ്മുടെ ഇവങ്കമോളെ ഓർത്തു, പോട്ടെ ..... എന്നാലും, പത്രക്കാര് നമ്മളെ അമ്മാനമാടിയപ്പോൾ, പണവും ആളും സംവിധാനങ്ങളും ഒന്നും ഇല്ലാതെ ഇത്തരം ഒരു വൻ വിജയത്തിന് കാരണം നമ്മുടെ കുഷ്ണർമോന്റെ മിടുക്കാണ് സംശയമില്ല ! .

ഇസ്രായലിലെ ഏറ്റവും വലിയ ബാങ്കായ ഹാപോളീം അവനു കുറെ ലോൺ കൊടുത്തിട്ടുണ്ട് , അതുകൊണ്ടു വെസ്റ്റ് ബാങ്കിൽ അവർക്കു കുറെ സഹായമൊക്കെ നമുക്ക് ചെയ്തേ പറ്റുള്ളൂ , ഫലസ്തീനികൾ പോയി പണി നോക്കാൻ പറ, കൂടുതൽ ബഹളം വെച്ചാൽ അവന്മാർക്കിട്ടും നമുക്ക് നേരിട്ട് ചില പണികൾ ചെയ്യണം. ഇറാനികൾ ഉണ്ടാക്കുന്ന ഉടായി മിസൈലുകൾ ഒക്കെ പണിഞ്ഞു നോക്കുന്നത് ഈ ഫലസ്റ്റീനി ചവറുകളാണ്. ഇറാനി മുല്ലാക്കമാരുടെ കറുത്ത ളോഹയുടെ അടിയിലൊക്കെ എന്തോ ഒളിച്ചു കൊണ്ട് നടക്കയാണെന്നാണ് സംസാരം.

ചൈനക്കാരനെയും ഇന്ത്യാക്കാരനെയും ഒക്കെ നമുക്ക് നല്ല കത്തി മൂർപ്പിച്ചു പിടിച്ചു നിർത്തണം എന്നാൽ മാത്രമേ ഇവനെയൊക്കെ വരച്ച വരയിൽ നിർത്താനൊക്കുകയുള്ളൂ. ചൈനക്കാരൻ ബിസിനെസ്സിൽ കുറെ സഹകരിക്കാമെന്നു പറഞ്ഞിരുന്നതാണ് , ഇന്ത്യക്കാരൻ മോഡി , അയാൾ വെറും "മോഡിയാണ് " നമ്മൾ പറയുന്നിടത്ത് കിടക്കാൻ പറഞ്ഞാൽ അവിടെ കിടന്നോളും. വലിയ ബഹളം വച്ചാൽ പാക്കികളെ കൂട്ട് പിടിക്കുമെന്നു ഒരു കൊട്ട് കൊടുത്താൽ മതി. മെക്സിക്കോക്കാരൻ നമ്മൾ പറയുന്നതിൽ മുകളിൽ പോകില്ല , ഉറപ്പാണ്. എൺപതു ശതമാനം ബിസിനസ് നമ്മളാണ് അവർക്കു കൊടുക്കുന്നത്, അത് നിർത്തിയാൽ അവന്മാർ പട്ടണിയാകും. പിന്നെ മതിൽ പണി , അവർ തന്നെ കെട്ടാൻ എല്ലാ പണിയും ഞാൻ ഒപ്പിച്ചിട്ടുണ്ട്. അവരുടെ കുറെ സ്ഥലങ്ങൾ നമ്മുടേതാണെന്നു പറഞ്ഞു അങ്ങ് കയറുക .. കുറെ കയറുമ്പോൾ അവർതന്നെ പറയും കെട്ടിക്കോ കെട്ടിക്കോ ഞങ്ങളും കൂടാമല്ലോ എന്ന്.

ആരാ ഇത് വരുന്നത്, നമ്മുടെ സ്റ്റീവ് ബാന്നോൻ അല്ലെ , സ്റ്റീവ് , ഇരിക്ക് , നിങ്ങൾ ഒരു സംഭവമല്ല , ഒരു മഹാ സംഭവം തന്നെയാണ്. നോക്ക് പെൻസ് , നമ്മുടെ സ്റ്റീവിന് ഈയിടെയായി എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ഒരു പ്രത്യേക വെളിപാട് ഉണ്ടാകാറുണ്ട്. ഒരാഴ്ചകൊണ്ട് നിറച്ചെടുത്ത പടക്കമെല്ലാം പൊട്ടിക്കുന്നത് വെള്ളിയാഴ്ചകളിലാണ്. എന്റെ ട്വിറ്റെർനു ഇനിയും വിശ്രമല്ല. ബോസ്,പത്രക്കാർക്ക് മുഖമടിച്ചു ഒരു കീച്ചു കൊടുത്തിട്ടു ഒരുത്തനും ഇതുവരെ പൊങ്ങിയിട്ടില്ല. ന്യൂ യോർക്ക് ടൈംസ് കാരൻ പത്രക്കട നിർത്തി ഇനി പാത്രക്കട തുടങ്ങാനുള്ള പുറപ്പാടിലാണ്. എന്താണ് സ്റ്റീവ് നിങ്ങളുടെ തൊലിനിറം കുറച്ചു ടാൻ ആയല്ലോ, ഇതിനിടെ എവിടെ ബീച്ചിൽ പോയി ? അത് മെക്സിക്കോ ബോഡറിൽ പോയി കുറച്ചു ടാൻ ആയതാ, മതിൽ പണിക്കു ഉടനെ കാലു നാട്ടണമല്ലോ . അതിനു പറ്റിയ സമയം കുറിക്കാൻ പോയതായിരുന്നു. അവിടെല്ലാം തുരപ്പന്മാരുടെ ശല്യം ഉണ്ടെന്നാണ് ബോർഡർ സെക്യൂരിറ്റി പറയുന്നത് , അതുകൊണ്ടു മതില് കെട്ടുകയാണെങ്കിൽ ചൈന വൻ മതിൽ പോലെ തന്നെയാകണം , അതിനു ട്രംപ് വൻ മതിൽ എന്ന് പേര് കൊടുക്കണം , നമ്മുടെ ബോസ്സിന്റെ പേര് എല്ലാ കാലത്തും ഓർക്കപ്പെടണം.

കൊള്ളാം സ്റ്റീവ് , എനിക്ക് ഇഷ്ട്ടപ്പെട്ടു , ഏതായാലും കുഷ്ണർമോൻ സമാധിയിലായി, ഇനിം പറ ഞാൻ എന്താ ട്വിറ്റെർ ചെയ്യേണ്ടത് ? നമ്മുടെ സെക്രട്ടറിമാരെ അപ്പോയ്ന്റ് ചെയ്യാൻ പറ്റുന്നില്ല, ഡെമോക്രറ്റുകൾ മീറ്റിങ്ങിൽനിന്നു മുങ്ങുകയാണ് . റിപ്പബ്ലിക്കൻ പാർട്ടിക്കാർ തന്നെ നമുക്ക് പ്രതിപക്ഷം ആണെന്ന് തോന്നിയപ്പോഴാണ് പത്രക്കാരാണ് നമ്മുടെ പ്രതിപക്ഷം എന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ടു ആരാണ് പ്രതിപക്ഷം എന്ന് എല്ലാവര്ക്കും ഒരു സംശയം. ഏതായാലും ലോകയുദ്ധം തുടങ്ങി എന്ന് ഒരു തോന്നലാണ് എല്ലാവര്ക്കും , അമേരിക്ക ഗ്രേറ്റ് ആയങ്കിലേ ലോകത്തെ സേഫ് ആക്കാൻ പറ്റുള്ളൂ എന്ന ബോധപൂർവമായ ശ്രമം നല്ലതുപോലെ ഏൽക്കുന്നുട് ബോസ്. ഒന്ന് രണ്ടു ആശയം എനിക്ക് വരുന്നുണ്ട് , അത് ഇച്ചിരി തീവ്രമായ ആശയം ആയതിനാൽ ഒന്ന് മിനിക്കിയിട്ടു ഞാൻ ഉടനെ തിരിച്ചു വരാം .

ആ, സ്റ്റീവ് പോയല്ലോ , നോക്ക് മൈക്ക്, എനിക്ക് ഇവനെ പണ്ടേ അറിയാം, ഒരുമാതിരി സാധനമാണ് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ ഇടപാടുതന്നെ ഇവൻ തീർക്കും. വെറും ലൈൻമാന്റെ സന്തതിയാണ്, സൂക്ഷിക്കണം. ഞാൻ ഇലെക്ഷനിൽ മുന്നോട്ടു വരാൻ താമസിച്ചപ്പോൾ അവൻ പറഞ്ഞുനടന്നതു , ട്രംപ് വെറും ഒഴിഞ്ഞ കുടമാണെന്ന്, അവനെന്തും നിറക്കാൻ പറ്റിയ ഓട്ടപാത്രമാണെന്ന് . കുറേനാൾ കഥയും സിനിമയുമായി നടപ്പായിരുന്നു. അതൊക്കെ അയാളുടെ പ്രത്യേകതരം വലതുപക്ഷ തീവ്രവാദം പ്രചരിപ്പിക്കാനാണ് അയാൾ ശ്രമിച്ചത്. വെള്ളക്കാരൻ ക്രിസ്ത്യാനികളുടെ മാത്രം രാജ്യമാണ് അമേരിക്ക എന്ന് തന്നെയാണ് അയാളുടെ ഉള്ളിൽ ഇരിപ്പു, ഇപ്പോൾ അയാൾ ഇല്ലാതെ നമുക്ക് പിടിച്ചുനിൽക്കാനാവില്ലല്ലോ. എന്നെപ്പോലെതന്നെ മൂന്നു പ്രാവശ്യം കല്യാണം കഴിച്ചു കുളമാക്കിയ കുടുംബ പശ്ചാത്തലം, ഗാർഹിക പീഡനത്തിന് ജയിൽ ശിക്ഷ അനുഭവിച്ച ചൂടനാണ് അയാൾ. മുസ്ലിംകളെ മാത്രമല്ല യഹൂദനെയും അയാൾക്ക് അത്ര പിടിയില്ല, അതല്ലേ നമ്മുടെ കുഷ്ണർമോൻ ശബ്ബത്ത് കൂടിയപ്പോൾ ട്വിറ്റ് ചെയ്തു കൂട്ടുകയാണ്. ശരിക്കും ദേശീയതയും വർഗീയതയും വിഭാഗീകതയും ഇല്ലാതെ നമുക്ക് പിടിച്ചു നിൽക്കാനാവില്ല, അതിനു ഗംഭീര പാർട്ടിയാണ് സ്റ്റീവ്. സാത്താനും അന്ധകാരവുമാണ് നല്ലതെന്നു അയാൾ ഈയ്യിടെ പറയുന്ന കേട്ടു, എന്താണ് ആ പറഞ്ഞതെന്ന് എനിക്കത്ര പിടിയില്ല, പക്ഷെ, അയാൾ പുതിയ അമിട്ടുകൾ കണ്ടുപിടിച്ചുകൊണ്ടു വരാൻ മിടുക്കനാണ്.

ഇപ്പോൾ സിയാറ്റലിലെ ജഡ്ജ് ജെയിംസ് റൊബർട്, എൻ്റെ എക്സിക്യൂട്ടീവ് ഓർഡറിന് എതിരെ ദേശീയ വിധി പ്രസ്താവിച്ചത് അപകടമാണ്, അമേരിക്കക്കാരന്റെ സംരക്ഷണമാണ് എന്റെ പ്രധാന ഉത്തരവാദിത്തംഅല്ലെ ?, അല്ലാതെ നുഴഞ്ഞു കയറി വരുന്നവരെ അഴിച്ചുവിടുന്ന സമീപനമല്ല, അയ്യാളുടെ തലയിൽ എന്ത് മണ്ണാങ്കട്ടയാണെന്നുഎന്ന് എനിക്കറിയില്ല. ഒരു തൊണ്ണൂറ് ദിവസത്തേക്ക് ഒബാമ പോന്നവഴി എറിഞ്ഞു കത്തിച്ച തീരുമാനങ്ങൾ ഒന്ന് ഹോൾഡ് ചെയ്യാനേ ഞാൻ പറഞ്ഞുള്ളൂ . ഈ ലിബറൽസിനു തീരെ രാജ്യസ്നേഹം ഇല്ല.എനിക്ക് ആകെ ചൂട് എടുക്കുന്നു, മെലാനിയയെ ഇങ്ങോട്ടു കൂട്ടികൊണ്ടുവരാൻ പറ, ഞാൻ ഫ്ലോറിഡയിൽ പോയി ഒന്ന് ഗോൾഫ് കളിച്ചിട്ട് വരുമ്പോഴേക്കും നമ്മുടെ സ്റ്റീവ് എന്തെങ്കിലും തീ പിടിപ്പിക്കാതിരിക്കില്ല. മൈക്ക്, നിങ്ങൾ പോയി ഒന്ന് നന്നായി കുളിച്ചിട്ടു കിടന്നുറങ്ങു്, രാവിലെ ആകുംപോളെക്കും ഞാൻ നല്ല ഒരു ട്വിറ്റ് അടിച്ചു ഗംഭീരമാക്കാം , ഗുഡ് നൈറ്റ് !!

******