https://www.manoramaonline.com/global-malayali/columns/varghese-korason.html

Thursday, May 11, 2017

ഇവിടെ നിൽക്കണോ അതോ പോകണോ?
അമേരിക്കയുടെ മാറുന്ന മുഖങ്ങൾ
വാൽക്കണ്ണാടി - കോരസൺ

‘ഇവിടെ നിൽക്കണോ,അതോ പോകണോ?’(For Here Or To Go) അമേരിക്കയിൽ പഠനത്തിനും,അതിനുശേഷംഉള്ള താത്കാലിക ജോലിക്കും ഇടയിൽ ജീവിതം കരുപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ടെക്കികളുടെ കഥ പറയുന്ന ഒരു ചലച്ചിത്രം 2017 മാർച്ചുമാസം അമേരിക്കയിൽ റിലീസ് ചെയ്തു. ഋഷി ഭിലാവഡേക്കർ എന്ന ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയർ, 2007ൽ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തശേഷം തന്റെയും മറ്റു ഇന്ത്യൻടെക്കികളുടെ ആത്മസംഘർഷങ്ങളുടെയും, കഷ്ടപ്പാടുകളുടെയും, സന്നിഗ്ദ്ധതകളുടെയും കഥപറയുകയാണീ ചലചിത്രത്തിലൂടെ അദ്ദേഹം. അമേരിക്കയിൽ ഇപ്പോഴുള്ള കുടിയേറ്റ ചർച്ചകളെ മനുഷ്യത്വപരമാക്കാൻ ഈ ചലച്ചിത്രത്തിനായേക്കും. ഇന്ത്യയിലെ സമർത്ഥരും മിടുക്കരും അമേരിക്കൻ കമ്പനികളെ സമ്പന്നമാക്കുമ്പോൾ, അവർ നേരിടുന്ന വർണ്ണ-വർഗ്ഗവിദ്വേഷങ്ങൾ, വിവേചനങ്ങൾ, ഒറ്റപ്പെടുത്തലുകൾ, കുറ്റപ്പെടുത്തലുകൾ, മാനസീക സംഘർഷങ്ങൾ ഒക്കെ കോറിയിടുന്ന ഒരു ചിത്രം, അത് ഉദീദിപ്പിക്കുന്ന ചോദ്യവും- ‘നിൽക്കണോ അതോ, പോകണോ?’ തമാശയിലൂടെ ആണെങ്കിലും, സംവിധായകൻ രുച ഹംബടേക്കർ, ഗൗരവപരമായ ഒരു ചോദ്യമാണ് നമ്മുടെ മുൻപിൽ കൊണ്ടുവരുന്നത്.

നൂറു ദിവസം കൊണ്ട് ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത് . അതേ, അദ്ദേഹത്തിന്റെ നേതൃത്വത്തിലേക്കുള്ള ആഗമനഉദ്ദേശ്യവും അതുതന്നെയായിരുന്നു, " അമേരിക്കയെ അതിന്റെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരിക " . ഓരോ ഞെട്ടലിനും നടുക്കത്തിനും മുൻപുതന്നെ പുതിയ വാർത്തകളുമായി അമേരിക്കയുടെ മണിയാശാൻ വാർത്തകളിൽ വന്ന് നിറയുകയാണ്. ഇഷ്ടമില്ലാത്തവരെയും ഇഷ്ടമില്ലാത്തതിനെയും യാതൊരു ഉളിപ്പും പുളിപ്പുമില്ലാതെ കടന്നാക്രമിക്കാൻ അദ്ദേഹത്തിനുള്ള വൈഭവം ആയിരിക്കാം അദ്ദേഹത്തിന്റെ വിജയകാരണവും. പൂർണ്ണമായ ഒരു വിലയിരുത്തലിനല്ല എന്റെ ശ്രമം, എന്നാൽ അമേരിക്കയിൽ ജീവിക്കുന്ന ഒരു സൗത്ത് ഏഷ്യൻ വംശജൻ എന്ന നിലയിൽ, നമ്മുടെ സമൂഹം നേരിടുന്ന ഒരു വിപത്തിനെ ആണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

2017 ഏപ്രിൽ 24 നു, യു .എൻ . സെക്യൂരിറ്റി കൗൺസിൽ അംബാസ്സഡറന്മാർക്കുള്ള US സ്റ്റേറ്റ് വിരുന്നിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് , അമേരിക്കയുടെ യു .എൻ അംബാസ്സഡർ ആയ നിക്കി ഹെയ്ലിയെ പരാമർശിച്ചത് വളരെയധികം ചർച്ചചെയ്യപ്പെട്ടു. "നിക്കിയെ നിങ്ങൾക്കെല്ലാം ഇഷ്ടമായോ ? ഇഷ്ടപ്പെട്ടില്ലെങ്കിൽ അവരെ എടുത്തു മാറ്റാനും എനിക്ക് മടിയില്ല" തമാശയായാണ് അത് പറഞ്ഞെങ്കിൽത്തന്നെ ഒരു സൗത്ത് ഏഷ്യൻ വംശജയായ, ഇന്ത്യൻ മാതാപിതാക്കളുള്ള നിക്കി ഹെയ്ലി , മറ്റുള്ള അംബാസിഡറന്മാരുടെ മുൻപിൽ വിളറിയത്, അവരുടെ നേരേയുള്ള വംശീയ വിരൽ ചൂണ്ടൽ ആയി കരുതിയവർ ഏറെയുണ്ട്. രണ്ടു തവണ സൗത്ത് കരോലിന ഗവർണ്ണർ ആയി തിരഞ്ഞെടുക്കപ്പെട്ട , റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉയർന്നു വരുന്ന ദേശീയ താരം. 2015- ൽ സൗത്ത് കരോലിനയിലെ ഇമ്മാനുവേൽ ആഫ്രിക്കൻ മെതഡിസ്റ്റ് പള്ളിയിൽ നടന്ന വർഗ്ഗീയ കൂട്ടക്കൊലയും, അതിനെ തുടർന്ന് സ്റ്റേറ്റ് ക്യാപിറ്റൽ ബിൽഡിങ്ങിനു മുകളിൽ പറന്നിരുന്ന വംശീയതുടെയും വിഘടനത്തിന്റെയും ഓർമ്മ വിളിച്ചുപറയുന്ന കോൺഫെർഡൈറ്റ് യുദ്ധ പതാക എടുത്തുമാറ്റാനും ധൈര്യം കാട്ടിയ ധീരവനിത എന്ന് ഒട്ടാകെ ഘോഷിക്കപ്പെട്ട മാന്യയോടാണ് ഈ പരാമർശം എന്ന് ഓർക്കണം. ഇത് അമേരിക്കയുടെ മാറുന്ന മുഖമാണ് കാട്ടുന്നത്.

എതിരാളികൾ പോലും അതി സമർത്ഥൻ എന്ന് പരസ്യമായി പറയുന്ന, ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ നൂറു പേരിൽ ഒരാളായി തിരഞ്ഞെടുത്ത അമേരിക്കയുടെ യു. എസ് . അറ്റോർണിയായിരുന്ന പ്രീത് ബരാരയെ പിരിച്ചു വിടാൻ ട്രംപിന് യാതൊരു മടിയുമുണ്ടായില്ല. ന്യൂ യോർക്കിലെ ഏറ്റവും ശക്തരായിരുന്ന രണ്ടു രാഷ്ട്രീയ നേതാക്കളെ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി സ്പീക്കർ ഷെൽഡൺ സിൽവർ, സെനറ്റ് ലീഡർ ഡീൻ സ്കീലോസ് എന്നിവരെ ജയിലിൽ അടക്കാൻ കാട്ടിയ ധൈര്യവും അമേരിക്ക മുഴുവൻ കണ്ടതാണ്. അദ്ദേഹവും ഒരു ഇന്ത്യൻ വംശജൻ ആയിരുന്നതാണോ ഒരു കുറ്റമായിപ്പോയത്? അമേരിക്കയുടെ 19 -)മത് സർജൻ ജനറൽ ആയി വിശിഷ്ട സേവനം അനുഷ്ഠിച്ച ഡോക്ടർ വിവേക് മൂർത്തിയോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടത് മുൻ പ്രസിഡന്റ് ഒബാമയുടെ നിയമനത്തിൽ നിന്നും മാറ്റം വരുത്തിയതാകാമെങ്കിലും, അതും പ്രമുഖനായ മറ്റൊരു സൗത്ത് ഏഷ്യൻ - ഇന്ത്യൻ വംശജൻ എന്ന രീതിയിലും കാണാവുന്നതാണ്. യു. എസ്. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ ചെയർമാൻ അജിത് വരദരാജ പൈ, ഇതിനു ഒരു അപവാദമായി ട്രംപ് ഭരണത്തിൽ തുടരുന്നു എന്നത് മറച്ചുപിടിച്ചല്ല ഈ നിരീക്ഷണം.

ചിക്കാഗോയിലെ ഒഹാരേ അന്തർദേശീയ വിമാനത്താവളത്തിൽ വച്ച് യുണൈറ്റഡ് എയർലൈൻസിൽ നിന്നും 69 വയസ്സുള്ള വിയറ്റ്നാമീസ് അമേരിക്കൻ ഡോക്ടർ, ഡേവിഡ് ദൊയിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വലിച്ചിഴച്ചു പുറത്തു എടുത്തിട്ട സംഭവം, ലോകമാകെ ചർച്ച ചെയ്യപ്പെട്ടതായിരുന്നല്ലോ. അതും ഒരു സൗത്ത് ഏഷ്യൻ വംശജനായ ആൾ ആയിപ്പോയതെന്നത് സ്വാഭാവിക സംഭവമായി എന്നും കരുതാനാവില്ല. അമേരിക്കൻ കോർപറേഷനുകളുടെ മാറുന്ന മറ്റൊരു മുഖമാണ് അവിടെ കണ്ടത്.

ട്രംപ് ഭരണകൂടം വളരെ കൊട്ടിഗോഷിച്ച H 1 -B വിസ നിയത്രണം ഇന്ത്യയിൽ നിന്നും കുറഞ്ഞ വേതനത്തിൽ കൊണ്ടുവരുന്ന ഇൻഫർമേഷൻ ടെക്നോളജി ജീവനക്കാരെ കാര്യമായി ബാധിക്കും. ഇത്തരം വിസ കൊടുക്കുന്നതിൽ 70 ശതമാനവും ഇന്ത്യാക്കാരാണ് ഉപയോഗപ്പെടുത്താറുള്ളത്. കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന ബ്രൗൺ നിറക്കാരോടുള്ള അതൃപ്തിയും മറനീക്കി പുറത്തുവരികയാണ്. അമേരിക്കയിൽ പഠനത്തിനായി എത്തുന്ന കുട്ടികളിലും ചൈനക്കാര് കഴിഞ്ഞാൽ ഇന്ത്യൻ കുട്ടികളാണ് കൂടുതൽ.

പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽനിന്നും അഭ്യസ്തവിദ്യരല്ലാത്ത തോട്ടം തൊഴിലാളികൾ അമേരിക്കയിൽ എത്തിയിരുന്നു, എന്നാൽ 1917 ലെ നിയന്ത്രിത കുടിയേറ്റ നിയമമനുസരിച്ചു ഏഷ്യയിൽ നിന്നുള്ളവരെ തടഞ്ഞു. 1960 -ൽ അമേരിക്കയിലാകെ 12,000 ഇന്ത്യക്കാർ ഉണ്ടായിരുന്നത്, 2013 ആയപ്പോഴേക്കും 2 മില്യണിൽ അധികമായതു തുറന്ന കുടിയേറ്റ നിയമം കൊണ്ടായിരുന്നു. U A E കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് അമേരിക്കയിലാണ്. അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വിദ്യാഭ്യാസ നിലവാരം സ്വദേശികളേക്കാൾ കൂടുതലായതിനാൽ വരുമാനവും ജീവിത നിലവാരത്തിലും ഒരു പടി മുന്നിൽ തന്നെയാണ്അവർ. ഇതായിരിക്കണം സ്വദേശികളിൽ അസൂയ ഉണ്ടാക്കാനുള്ള കാരണവും. സ്കൂൾ മത്സരങ്ങളിലും പഠനത്തിലും ഇന്ത്യൻ കുട്ടികൾ മികവ് കാട്ടുകയും, തൊഴിൽ മേഖലയിൽ ഇന്ത്യക്കാർ പടി പടിയായി കയറിപ്പോകുന്നതും അസഹിഷ്ണത വിളിച്ചു വരുത്തി. വീട്ടിലും മറ്റും കൂടുതൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനാൽ ജോലിയിൽ മറ്റുള്ള കുടിയേറ്റക്കാരെ അപേക്ഷിച്ചു ഉയരാനുള്ള സാധ്യതയും കൂടി. 73 ശതമാനം ഇന്ത്യൻ കുടിയേറ്റക്കാരും മാനേജ്മെന്റ്, ബിസിനസ് , സയൻസ് , ആർട്സ് എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്. 2013 ലെ U S സെൻസസ് ബ്യുറോ കണക്കുപ്രകാരം 3.8 മില്യൺ ഇന്ത്യൻ ഒറിജിൻ പ്രവാസികൾ അമേരിക്കയിൽ ഉണ്ട് , അവർ 70 ബില്യൺ ഡോളർ ആണ് ഓരോ വർഷവും ഇന്ത്യയിലേക്കു അയച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ഇൻഫോസിസ് അമേരിക്കയിൽ പതിനായിരം തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും എന്ന് പറഞ്ഞു. അമേരിക്കയിൽ സോഫ്റ്റ്വെയർ ഭാഷ അറിയാവുന്നവർ കുറവായതിനാലാണ് ഇന്ത്യയിലേക്ക് അവർ നോക്കിയത്. കുറഞ്ഞ വേതനത്തിൽ ഇന്ത്യക്കാർ ഇത്തരം ജോലികൾ അടിച്ചു മാറ്റുന്നതിൽ വലിയ പരിഭവം അമേരിക്കൻ തൊഴിൽ മേഖലയിൽ ഉണ്ട്. എന്നാൽ ഈയിടെ ഇന്ത്യയിൽ നടത്തിയ ഒരു സർവ്വേ പ്രകാരം, അഞ്ചു ശതമാനം പോലും ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയർ മാർക്ക് ശരിയായി സോഫ്റ്റ്വെയർ ഭാഷ എഴുതാൻ അറിയില്ല എന്നാണ്. നാഷണൽ ഫൌണ്ടേഷൻ ഓഫ് അമേരിക്കൻ പോളിസി സ്റ്റഡിയുടെ അഭിപ്രായത്തിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ തൊഴിൽ അവസരണങ്ങൾ അമേരിക്കയിൽ ഉണ്ടാക്കുന്നുണ്ട്. വാൾസ്ട്രീറ്റ് പത്രത്തിന്റെ കണക്കു പ്രകാരം ബില്യൺ ഡോളർ സ്റ്റാർട്ടപ്പ് ക്ലബ്ബിൽ, പതിനാറു ശതമാനവും ഇന്ത്യൻ കമ്പനികളാണ്.

ന്യൂ യോർക്കിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് നടന്ന കൂട്ടായ്മയിൽ സംബന്ധിക്കാൻ പോയിരുന്നു. അല്പം താമസിച്ചാണ് എത്തിയത് , അവിടെ ചെന്നപ്പോൾ ഒരു ആൾകൂട്ടം വീടിനു പുറത്തു നിൽക്കുന്നു . ഒരു സുഹൃത്ത് പറഞ്ഞു, വണ്ടി കുറച്ചു മാറ്റി പാർക്ക് ചെയ്തുകൊള്ളൂ. കാര്യം പിന്നെ പറയാം, വീട്ടിൽ ചെന്നപ്പോൾ സ്ഥിതിഗതികൾ അത്ര പന്തിയായിട്ടല്ല കണ്ടത്. ആരോ ഒരാൾ അയിലത്തെ വീടിനു സമീപം വണ്ടി പാർക്ക് ചെയ്തത് വെള്ളക്കാരായ അയൽക്കാർക്ക് ഇഷ്ടപ്പെട്ടില്ല, നിങ്ങളൊക്കെ ഇന്ത്യയിലേക്ക് തിരിച്ചുപോകൂ, തുടങ്ങി വർഗ്ഗീയ ചുവയുള്ള കടുത്ത പരാമർശങ്ങൾ നടത്തി, അതിൽ പ്രകോപിതരായ ചില സുഹൃത്തുക്കൾ കുറെ വണ്ടികൾ കൂടി അവിടേയ്ക്ക് കൊണ്ട് പാർക്ക് ചെയ്തു പ്രതിക്ഷേധിക്കാനുള്ള പരിപാടി ആയിരുന്നു. ആരോ സംയമനം പാലിക്കാൻ ഉപദേശിച്ചതുകൊണ്ടു അത് വലിയ സംഭവമായി മാറിയില്ല. വര്ഷങ്ങളായി അവിടെ താമസിച്ചിരുന്ന സുഹൃത്തു സംബ്രഹ്മത്തോടെ പറഞ്ഞു, ഇതുവരെ ഇങ്ങനെ ഒരു അനുഭവം അദ്ദേഹത്തിന് ഉണ്ടായിട്ടില്ലത്രെ , അതും മാറിവരുന്ന അസ്ഹണുതകളുടെ തുടക്കം മാത്രം ആയിരിക്കാം. ഇത്തരം അനുഭവങ്ങൾ അവിടവിടെയായി ഇടയ്ക്കു അനുഭവപ്പെടാറുണ്ടായിരുന്നെങ്കിലും, വർഗ്ഗീയ വിദ്വേഷം മറനീക്കി പുറത്തുവരാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോളും നിലനിൽക്കുന്നുണ്ട്.

രാവിലെ ജോലിക്കു പോകുന്ന വഴി ന്യൂ യോർക്കിലെ പെൻസ്റ്റേഷനലിൽ ട്രെയ്നുവേണ്ടി കാത്തുനിൽക്കുമ്പോൾ ഒരു കൂട്ടം ചൈനീസ് കുട്ടികൾ, പ്ലാറ്റ്ഫോമിന്റെ മഞ്ഞ വരച്ച തിട്ടയിൽ കയറിനിന്നു ചൈനീസ് ഭാഷയിൽ ഉച്ചത്തിൽ സംസാരിക്കുന്നു. മഞ്ഞ വരച്ച തിട്ടയിൽ നിൽക്കരുതെന്നാണ് നിയമം. വേഷത്തിൽ അമേരിക്കൻ കുട്ടികൾ ആണെങ്കിലും പറയുന്നത് ചൈനീസ് ഭാഷയും, കൈയ്യിൽ ഇടയ്ക്കു ഇടയ്ക്കു ഉയർത്തിനോക്കുന്ന കണക്കു പുസ്തകങ്ങളും , കൂട്ടത്തിൽ "F" ചേർത്ത് പറയുന്ന വാക്കുകളും കൊണ്ട് അവിടം ശബ്ദ മുഖരിതമായാക്കി. ദൂരെനിന്നും ഒരു വെള്ളക്കാരൻ , തലയിൽ ഒരു അമേരിക്കൻ കൊടി തൂവാലയായി കെട്ടിയിട്ടുണ്ട്, താടിമീശയും പച്ചകുത്തിയ ശരീരവും; അയാൾ നടന്നടുത്തു, മഞ്ഞ തിട്ടയിൽ കൂടിത്തന്നെ അയാൾ വേഗത്തിൽ കടന്നു വന്നു കുട്ടികളുടെ അടുത്തെത്തി, “ മാറി നിൽക്കൂ” എന്ന് ഉച്ചത്തിൽ പറഞ്ഞിട്ട് ദേഷ്യ ഭാവത്തോടെ കടന്നു പോയി. ട്രെയിൻ എത്തി, ഒരുവിധം അതിൽ കയറിക്കൂടി, കുട്ടികൾ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു, കണ്ണോടിച്ചുനോക്കിയപ്പോൾ ട്രെയിനിൽ തൊണ്ണൂറു ശതമാനവും കറുത്തവർഗക്കാരും സ്പാനിഷ് വംശജരും ഏഷ്യക്കാരും ഒക്കെ കുടിയേറ്റക്കാർ തന്നെ. “നിൽക്കണോ അതോ പോകണോ?” എന്ന ഒരു ചോദ്യം അറിയാതെ മനസ്സിനെ നോവിച്ചു.

രണ്ടായിരത്തി പതിനേഴു, മെയ്മാസം അഞ്ചാം തീയതി, ന്യൂ യോർക്ക് .



US Ambassador Nikki Hailey

Preet Barara

President Donald Trump
v dir="ltr" style="text-align: left;" trbidi="on">

Wednesday, April 19, 2017

വലിച്ചെറിയുക നമ്മുടെ ഈ വസ്ത്രങ്ങൾ പോലും - ഫാദർ ഡേവിസ് ചിറമ്മൽ

വാൽക്കണ്ണാടി - കോരസൺ

"വെടിയുക മോഹന ജീവിത വാഞ്ഛകൾ , തേടുക തപസ്സത്തിൽനിന്നും ,ജഢതയിൽ നിന്നും, നിദ്രയിൽ നിന്നും, മൃതിയുടെ ചപല കരങ്ങളിൽ നിന്നും..."


Fr. Davis Chirammel

“നഗ്നത ഏൽക്കപ്പെടുകയാണ് മൗൻഷ്യജീവിതത്തിലെ ഏറ്റവും അവമാനിതമാകുന്ന സന്ദർഭം, അതും പരസ്യമായി ശരീരം അനാവരണം ചെയ്യപ്പെടുമ്പോൾ അനുഭവിക്കുന്ന മാനസീക പീഡനം കൊടും ക്രൂരമായ ശാരീരീരിക പീഡനത്തെക്കാൾ കുറവാകില്ല. അത്തരം ഒരു അനുഭവമാണ് ക്രിസ്തുവിനു മനുഷ്യനായി അനുഭവിക്കേണ്ടിവന്ന ഏറ്റവും കടുത്ത വേദന. തങ്ങളെ പൊതിയുന്ന ആവരണങ്ങളെ തിരസ്കരിക്കലാണ് ദൈവത്തിലേക്ക് നടന്നടുക്കാനുള്ള കുറുക്കുപാത. സ്വർണം കൊണ്ടുള്ള വസ്ത്രങ്ങളും വാഹനവും ഉപയോഗിക്കുന്നവർ ഇന്നുണ്ട്. നാം അറിയാതെ എടുത്തണിയുന്ന സുന്ദര മോഹന ആകാരങ്ങൾ , ആടയാഭരണങ്ങൾ ഒക്കെ ഉപേക്ഷിച്ചു കഴിയുമ്പോൾ വളരെ ലാഘവത്വവും മിതത്വവും അനുഭവവേദ്യമാകും. മഹാത്മാ ഗാന്ധിയും ഇതേ മാർഗ്ഗമാണ് സ്വീകരിച്ചതെന്ന് കാണാം. അർത്ഥനഗ്നനായ ഗാന്ധിജിയാണ് ഒരു വലിയ മനുഷ്യ ജനതയെ സ്വതന്ത്രരാക്കിയത് എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്. ചിലതൊക്കെ ചിലപ്പോഴൊക്കെ പൂര്ണമായിത്തന്നെ ഉപേക്ഷിക്കാൻ ഉള്ള ധൈര്യമാണ് നമ്മെ മഹത്വത്തിലേക്കു നയിക്കുന്നത്”, ഫാദർ ഡേവിസ് ചിറമേൽ വാചാലനായി. അദ്ദേഹം തന്റെ കഥകൾ തുടർന്നുകൊണ്ടേയിരുന്നു, ഞങ്ങൾ ഒരു പുഴയുടെ സംഗീതംപോലെ അത് ശ്രവിച്ചുകൊണ്ടേയിരുന്നു.

ഒരു അപകടത്തിൽ പെട്ട് തന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച പൂർണമായി നഷ്ട്ടപ്പെട്ട ഒരു കുട്ടിയെ അമേരിക്കയിൽ വച്ച് കണ്ടുമുട്ടി. ഓരോ പ്രാവശ്യം കാണുമ്പോഴും അവൾ കൂടുതൽ തേജസ്സിലേക്കു നടന്നു പോകയാണ് എന്ന് അവൾ കാട്ടിത്തന്നു. കാഴ്ച ഒരിക്കലും തിരികെ വരില്ല എന്ന സത്യം മനസ്സിലാക്കിയവൾ , തന്റെ ജീവിതത്തെ അതിനനുസരിച്ചു ക്രമീകരിക്കുവാനും, സന്തോഷം കണ്ടെത്തുവാനും ശ്രമിച്ചു. അവൾക്കു ഇന്ന് ദൈവത്തെ കാണാം എന്നാണ് അവൾ പറയുന്നത്. ബാഹ്യ കണ്ണുകളിലെ പ്രകാശം നഷ്ടപ്പെട്ടപ്പോൾ അവളുടെ ആന്തരീക കണ്ണുകൾ പ്രഭാപൂരിതമായി , ഒപ്പം അവൾ തിരഞ്ഞുപിടിച്ചു കൈപിടിച്ച് കൊണ്ടുപോകുന്ന നിരാശിതരായിരുന്ന ഒരു കൂട്ടം കുട്ടികളും. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവരുന്ന പ്രതിസന്ധികളിൽ നിന്നും ഓടി ഒളിക്കാനല്ല, നേരിടുകയും , കീഴടക്കുകയുമാണ് വേണ്ടതെന്നു ആ കുട്ടി ജീവിതം കൊണ്ട് കാണിച്ചുതരുന്നു. എത്ര സന്തോഷവതിയാണ് അവൾ ഇന്ന് , ഞാൻ കടന്നുചെന്നപ്പോൾ തനിയെ വന്നു വാതിൽ തുറന്നു , അകത്തു കൂട്ടികൊണ്ടുപോയി സ്വീകരിച്ചു, അത്ഭുതം തോന്നി ആ വലിയ മനസ്സിലെ രൂപാന്തരം കണ്ടപ്പോൾ, ഈ ജീവിതം നമുക്ക് മുൻപിൽ വരച്ചു കാട്ടുന്നതെന്തു സന്ദേശമാണ് എന്ന് നാം ഉൾക്കൊള്ളണം.

ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു ദമ്പതികൾക്ക് രണ്ടു കുട്ടികളെ സമ്മാനിച്ച മറ്റൊരു വനിതയെ കാണാനായി. സഹോദരിക്കുവേണ്ടി കുട്ടികളെ ഗർഭം ധരിക്കാൻ അവർ തയ്യാറായി. രണ്ടുമാസം പ്രായമുള്ള കുട്ടികളെ യാതൊരു ബാധ്യതകളും കൂടാതെ കൈമാറുവാനും പതിനാലു വയസ്സ് വരെ ആരുടെ ശരീരത്തിലാണ് കുട്ടികൾ വളർന്നതെന്ന കാര്യവും രഹസ്യമാക്കി വയ്ക്കാൻ അവർ തയ്യാറായി. മറ്റുള്ളവരുടെ ശൂന്യമായ ജീവിതത്തിനു പ്രകാശമേകാൻ നമുക്ക് ത്യാഗം സഹിക്കാൻ കഴിഞ്ഞാൽ മാത്രമേ അത്തരമൊരു മഹത്വത്തിന്റെ വില കണ്ടെത്താനാവൂ. ഞാനും ഞാനും മാത്രം നിറഞ്ഞു നിൽക്കുന്ന ലോകത്തു , ചെറുതും വലുതുമായ ത്യാഗങ്ങളാണ് വലിയ സന്തോഷവും സമാധാനവും ലോകത്തിനു നൽകുന്നത്.

ഫാദർ ചിറമ്മൽ തന്റെ സ്വതസിദ്ധമായ ഗ്രാമീണ ശൈലിയിലൂടെ ഞങ്ങളുടെ കഠിന ഹൃദയങ്ങളെ സ്പർശിക്കുകയായിരുന്നു . അദ്ദേഹത്തിന്റെ കേരളത്തിലുള്ള പ്രവർത്തങ്ങൾ കാണുവാൻ എനിക്ക് ഭാഗ്യം ഉണ്ടായി . തൃശൂർ വച്ച് , അദ്ദേഹം നേതൃത്വം നൽകുന്ന അവയവദാന പദ്ധതിയുടെ ഭാഗമായി അവയവങ്ങൾ തമ്മിൽ സ്വീകരിച്ചവരുടെ സ്നേഹ സംഗമം , ജീവിതത്തിൽ ഒരു മറക്കാനാവാത്ത അനുഭവമായി മാറി. മതമോ വർഗ്ഗമോ വരണമോ ഒന്നും നോക്കാതെ, അവയവം കൊടുത്തവരും സ്വീകരിച്ചവരും തമ്മിലുള്ള സല്ലാപം ശ്രദ്ധിച്ചാൽ, നാമെല്ലാം ഒരേ സൃഷ്ടിയുടെ നിർമാണ ഉപകരണങ്ങൾ മാത്രം ആണെന്നും, ഇവിടെ സ്പർധ ഉണ്ടാക്കുന്നത് വെറും മൗഢ്യം ആണെന്നും ആരും പറഞ്ഞുതരേണ്ട കാര്യമാവില്ല.

പറഞ്ഞു തീരുന്നതിനു മുൻപ് ഒരുകൂട്ടം ആളുകൾ വീട്ടിലേക്കു കടന്നു വന്നു. അൽപ്പം സ്വകാര്യ സംഭാഷണത്തിനാണെന്നു പറഞ്ഞു അച്ചൻ അവരെ വീടിന്റെ ഒരു കോണിൽ കൊണ്ടുപോയി കുറച്ചുനേരം സംസാരിക്കുന്നത് കണ്ടു. ഞങ്ങൾ അച്ചനായി കാത്തിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ അവരെ പരിചയപ്പെടുത്തി. രണ്ടു കിഡ്നികളും നഷ്ട്ടപ്പെട്ട ഒരു പെൺകുട്ടിക്കുവേണ്ടി അവളുടെ ഭർത്താവും മകളും ചില സുഹൃത്തുക്കളുമായി എത്തിയിരിക്കുകയാണ്. ഒരു ചെറുപ്പക്കാരൻ അച്ചന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തന്റെ കിഡ്നി കൊടുക്കാമെന്നു സമ്മതിച്ചിരിക്കയാണ്. അവരെ തമ്മിൽ ഒന്ന് ബന്ധപ്പെടുത്തുകയായിരുന്നു അദ്ദേഹം. തിരിച്ചു നാട്ടിലേക്ക് പോകുന്നതിനു മുൻപ് ആ ധൗത്യം കൂടി നിർവഹിക്കുകയായിരുന്നു.

കത്തോലിക്കാ പുരോഹിതനായ അദ്ദേഹത്തിന്റെ ഒരു കിഡ്നി ഇപ്പോഴും ഒരു ഹിന്ദുവിന്റെ ശരീരത്തിലാണ് പ്രവർത്തിക്കുന്നത്. അവയവദാനം എന്ന മഹത്തായ കർമ്മത്തിനു ഇത്രയേറെ പ്രചാരം നൽകിയ വ്യക്തികൾ കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയാം. അദ്ദേഹത്തോടൊപ്പം ഒരു വലിയ പ്രസ്ഥാനമാണ് കേരളത്തിലും പുറത്തുമായി വളർന്നു വരുന്നത്. കത്തോലിക്കാ സഭയിൽ പെടാത്ത രാജുവും മധുവും മൈലുകൾ താണ്ടി അച്ഛന്റെ കർമ്മപദ്ധതിയുടെ ഭാഗമായി നിരന്തരം പ്രവർത്തിക്കുന്നു, അങ്ങനെ അനേകരും..

കേരളത്തിലെ വിശാലമായ കത്തോലിക്കാ സമൂഹത്തിൽ തന്നെ ചില പുരോഹിതന്മാരുടെ വഴിവിട്ട പോക്കുകൾക്കു പുരോഹിതന്മാർ മുഴുവനായി തെറ്റിദ്ധരിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യ സ്നേഹികളായ ഇത്തരം ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്നും കടന്നുവരുന്ന മനുഷ്യഗന്ധിയായ ക്രിസ്തു സ്നേഹത്തിന്റെ തരുണിമ, അംഗീകരിക്കപ്പെടേണ്ടതുതന്നെയാണ്. ശാന്തമായ മേച്ചില്പുറങ്ങളിലേക്കല്ല ഈ പുഴകൾ ഒഴുകുന്നത് , പക്ഷെ സ്വച്ഛമായ തടാകത്തിന്റെ അരികത്തേക്കു നമ്മെ നയിക്കുവാനുള്ള ത്രാണി ചില പുരോഹിതന്മാർക്കുണ്ട് (മുൻപിൽ നില്ക്കാൻ അർഹൻ) എന്നത് വളരെ പ്രതീക്ഷ നൽകുന്നു.

സ്വാർത്ഥന്മാർ കുടിയിരിക്കുന്ന നമ്മുടെ സമൂഹത്തിൽ സ്വയം ജീവന് വെല്ലുവിളി ഉയരുമ്പോഴും ധാർമ്മികതയെ ഉള്ളില്നിന്നും വിളിച്ചുണർത്താൻ ഈശ്വരൻ കടം തന്ന വരദാനമാവണം ഇത്തരം മനുഷ്യർ!

Thursday, April 13, 2017

നിശ്ശബ്ദമായിരിക്കാൻ നമുക്ക് എന്ത് അവകാശം ?

നിശ്ശബ്ദമായിരിക്കാൻ നമുക്ക് എന്ത് അവകാശം ?

വാൽക്കണ്ണാടി - കോരസൺ

നമ്മുടെ ഈ നിശബ്ധതകൾ ആത്മവഞ്ചനയാണ്. "അമേരിക്കയാണ് അക്രമത്തിന്റെ കലവറക്കാരൻ" എന്ന് ന്യൂയോർക്കിലെ റിവർസൈഡ് പള്ളിയിൽ വച്ച്, അമ്പതു വര്ഷം മുൻപുള്ള ഏപ്രിൽ നാലിന്, ഇക്കാര്യം പറഞ്ഞത് അമേരിക്കയുടെ പൗരാവകാശത്തിന്റെ പ്രതിബിംബമായ, മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ആയിരുന്നു. വിയറ്റ്നാം യുദ്ധത്തിന്റെ പാരമ്യത്തിൽ, അമേരിക്ക വിയറ്റ്നാമിൽ അതി ക്രൂരമായ നാപാം ബോംബ് ഇട്ടു കൊന്നുകൂട്ടിയ കുട്ടികളുടെ വികൃതമായ കത്തിക്കരിഞ്ഞ മൃതശരീങ്ങൾ കണ്ടു ഹൃദയം പൊട്ടിയ ഒരു മനുഷ്യ സ്നേഹിയുടെ വിലാപമായിരുന്നു അത്. "രാഷ്ട്രത്തിന്റെ ആത്മാവിനു ക്ഷതമേൽക്കുമ്പോൾ എനിക്ക് നിശ്ശബ്ദനാകാനാവില്ല, നമ്മുടെ രാജ്യം തെറ്റിലേക്കാണ് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു. നിശ്ശബ്ദതയുടെ മൂടുപടം വലിച്ചുകീറാൻ മനസ്സാക്ഷി എന്നെ നിർബന്ധിക്കുന്നു.വിയറ്റ്നാംയുദ്ധം ഒരു കൈപ്പിഴയല്ല, അത് അമേരിക്കയുടെ അഭിമാനം ഉയർത്താനുള്ള വ്യഗ്രതയുമല്ല , മറിച്ചു ഒരു തീരാ വ്യാധിയാണ് . വിയറ്റ്നാമിൽ നാം തുടക്കത്തിലേ പിഴച്ച ചുവടുകളായി മാറി .

Rev. Martin Luther King Jr. speaking at the Riverside Church April 4, 1967.

ഞാൻ കേവലം രാജ്യഭക്തിയും, കൂറും പറഞ്ഞുഉള്ള വികലമായ സ്നേഹത്തിനല്ല വില കൽപ്പിക്കുന്നത്. നാം നമ്മുടെ രാസായുധങ്ങൾ പരീക്ഷിക്കാനുള്ള ഇടങ്ങളാക്കി വിയറ്റ്നാമിനെ കാണരുത് , മാർട്ടിൻ ലൂതർ കിംഗ് അമേരിക്കൻ ഗവൺമെന്റിനു നേരെ കത്തിക്കയറി; ജനതയുടെ പൗരബോധവും സ്വാതന്ത്ര്യവും സമത്വവും കാറ്റിൽ പറത്തി , ലാഭേച്ഛയും വസ്തുസമ്പാദനവും മാത്രം ലക്ഷ്യം വച്ചാൽ ഒരു രാജ്യത്തിന് അതിന്റെ ആത്മാവിൽ എങ്ങനെ നിലനിൽക്കാനാവും? വർഗീയതയും ഭൗതികവാദവും സൈനീകരണവും കീഴ്പ്പെടുത്താനാകാത്ത ശത്രുക്കളാണ്. ഗോത്രം, വർഗം, ക്ലാസ് തട്ടുകൾ, നിറം തുടങ്ങിയ ഘടകങ്ങൾ ഒഴിവാക്കി അയൽക്കാരന്റെകൂടെ കരുതൽ മുഖ്യമാക്കിയ ഒരു അന്തർദേശീയ കൂട്ടായ്മ ഉണ്ടാകണം അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളും രാഷ്രീയക്കാരും മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനെ കൊല്ലാക്കൊല ചെയ്തു. 1799 ലെ ലോഗോൺ ആക്ട് പ്രകാരം അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിച്ച സെനറ്റർ തോമസ് ടോഡ്, പ്രസിഡണ്ട് ജോൺസന്റെ പ്രിയ മിത്രമായി. വാഷിഗ്ടൺ പോസ്റ്റും, ന്യൂ യോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ഇത് വെറും വിലകുറഞ്ഞ ദുരാരോപണമാണെന്നും ഈ ചെറു മനുഷ്യൻ വലിയ കാര്യത്തിൽ ഇടപെടേണ്ട എന്നുള്ള ഇകഴ്ത്തിയ പ്രസ്താവനകളാണ് പുറത്തുവിട്ടത്. “അനുസരണയില്ലത്ത ചേരി മര്യാദകളായിട്ടാണ്” ന്യൂ യോർക്ക് ടൈംസ് പത്രം അദ്ദേഹത്തിന്റെ പ്രസംഗത്തെ വിമർശിച്ചത്. മാർട്ടിൻ ലൂതർ കിംഗ് അക്ഷോഭ്യനായി ഈ ആരോപങ്ങളെ നേരിട്ടു . " ഞാൻ ഒരു പക്ഷേ രാഷ്രീയമായി ഒരു മരമണ്ടൻ ആയിരിക്കാം , എന്നാൽ ധാർമ്മികമായി ഞാൻ ബുദ്ധിമാൻ തന്നെയാണ്. ജനപ്രീതിയില്ലാത്ത ഒരു നിലപാട് എനിക്ക് എടുക്കേണ്ടി വന്നേക്കാം, ഉത്തരവാദിത്വമുള്ള ആരെങ്കിലും ഈ രാജ്യം തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നതെന്നു പറയുമെന്ന് ഞാൻ വെറുതെ നിനച്ചു പോയി. എന്താണ് എല്ലാവരും ഭയക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്”.

അക്രമത്തിന്റെ കലവറക്കാരനായ എന്റെ രാജ്യത്തെ വിമര്ശിക്കാതെ തെരുവുകളിലെ പീഡിതർക്കുവേണ്ടി എനിക്ക് ശബ്ദമുയർത്താൻ ആകുമോ? " 1964 ലെ നോബൽ സമ്മാനം കിട്ടയപ്പോൾ അദ്ദേഹം പറഞ്ഞത്, " ദേശീയബോധത്തിന്റെ അതിരുകൾ വിട്ടിട്ടു, മനുഷ്യ സാഹോദര്യത്തിന്റെ കെട്ടുറപ്പിനായി പ്രവർത്തിക്കാൻ ഇപ്പോൾ എന്റെ ഉത്തരവാദിത്വം വർദ്ധിച്ചു”. വലിയ വില കൊടുക്കേണ്ടി വന്നു അദ്ദേഹത്തിന്റെ ധൈര്യത്തിന്. കൃത്യം ഒരു വര്ഷം തികഞ്ഞപ്പോൾ, വെടിയുണ്ടയുടെ ഭാഷയിൽ ആ മൂർച്ചയുള്ള വാക്കുകളെ നിശ്ശബ്ദമാക്കി എന്നത് ചരിത്രം . 50 വർഷങ്ങൾ കഴിഞ്ഞിട്ടും ആ വാക്കുകൾക്ക് ഇന്നും പ്രസക്തിയേറുകയാണ്.
ഇത്തരം ഒരു പ്രസ്താവനയിലേക്കു മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനെ നയിച്ച സാഹചര്യം കൂടി മനസ്സിലാക്കുമ്പോഴേ വാക്കുകളുടെ തീവ്രത മനസ്സിലാകുകയുള്ളൂ. നൂറു വര്ഷം മുൻപ്, യൂറോപ്പ് മൂന്നു വർഷത്തിലേറെ നീണ്ട കലാപകലുഷിതമായ ഒന്നാം ലോക മഹായുദ്ധത്തെ അഭിമുഖീകരിക്കയായിരുന്നു . അമേരിക്ക ഇതിൽ പെടാതെ വളരെ സൂക്ഷിച്ചു മുൻപോട്ടു പോകുമ്പോൾ അമേരിക്കൻ പ്രെസിഡന്റ് വുഡ്ട്രൗ വിൽസൺ പറഞ്ഞു " നമ്മുടെ രാജ്യം അതിന്റെ രൂപപ്പെടുത്തലിനു ലക്ഷ്യം വച്ച സമാധാനവും സന്തോഷവും മനസ്സിൽ കണ്ടുകൊണ്ട്, അതിന്റെ അവകാശവും ശക്തിയും ഉപയോഗിച്ച് രക്തം ചൊരിയാൻ തയ്യാറെടുക്കുകയാണ് ." അടുത്ത ഒരു വര്ഷം കൊണ്ട് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചപ്പോൾ ഒരു ലക്ഷത്തി പതിനേഴായിരം അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തിലധികം സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു.
President Woodrow Wilson

മൂന്നുവർഷത്തിലധികം പോരാടി തളർന്ന യൂറോപ്യൻ രാജ്യങ്ങൾ ഒരു തീരുമാനത്തിലും ധാരണയിലും എത്താതെ യുദ്ധം അവസാനിപ്പിച്ചു , 17 മില്യൺ ആളുകൾ മരിച്ചുവീണ ആ യുദ്ധത്തിന് പൂർണ്ണ വിരാമം ഇടാൻ കഴിയാത്തതാവണം പിന്നീട് 50 മില്യൺ ആളുകൾ മരിക്കാൻ കാരണമായ രണ്ടാം ലോക മഹായുദ്ധം ഉരുത്തിരിഞ്ഞത് എന്നും ചരിത്രം വിലയിരുത്തുന്നുണ്ട്. യുദ്ധത്തിൽ ഇടപെടരുത് എന്ന പൊതു അഭിപ്രായം മാനിക്കാതെ സങ്കീർണമായ ഒരു ഇടപെടലിന് മറുപടി എന്നോണം, വുഡ്ട്രൗ വിൽസൺ കൊണ്ടുവന്ന സമാധാന പ്രക്രിയകൾ ഒന്നും അമേരിക്കൻ സെനറ്റ് അംഗീകരിച്ചില്ല. അന്ന് അമേരിക്ക ആ മഹായുദ്ധത്തിൽ ഇടപെടേണ്ട കാരണത്തെക്കുറിച്ചു ഇന്നും തർക്കം നിലനിൽക്കുന്നു. പക്ഷെ ഈ രണ്ടു ലോക മഹായുദ്ധത്തിനുമിടയ്ക്കു അമേരിക്കയുടെ ഉല്പാദനക്ഷമതയും, വ്യവസായ ഉൽപന്നങ്ങളും സാങ്കേതികതയും, വ്യാപാരവും, ധനവും വർദ്ധിച്ചു എന്നത് ഓർമ്മയിൽ ഇരിക്കട്ടെ.

അന്ന് വുഡ്ട്രൗ വിൽസൺ കൊണ്ടുവന്ന "ദേശ സ്നേഹത്തിനെതിരെ ചാരവൃത്തിയും രാജ്യദ്രോഹവും " എന്ന നിയമം യുദ്ധത്തിനെതിരെ പ്രതികരിച്ച അനേകായിരം പേരെ തുറങ്കലിൽ അടച്ചു. അന്ന് തുടങ്ങിയ രാഷ്രീയ-അധികാര നിയന്ത്രണങ്ങൾ പൗരബോധത്തെ ആകെ നിയന്ത്രിച്ചു, ഒരു പരിധിവരെ അത് ഇന്നും തുടരുന്നു. അങ്ങനെ വിദേശത്തു സമാധാനത്തിനും ജനാധിപത്യത്തിനുമായി യുദ്ധങ്ങളിൽ നേരിട്ട് ഇടപെടുമ്പോഴും ,ആഭ്യന്തര പൗരബോധത്തിന്റെ കൂച്ചുവിലങ്ങു നിലനിർത്തുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ശത്രുക്കൾ മാറി മറിഞ്ഞു വരുമെങ്കിലും, യുദ്ധവും തന്ത്രവും മാറ്റമില്ലാതെ പോകുന്നു.
ലോകം ഇന്ന് ഒരു മഹാ യുദ്ധത്തെ പ്രതീക്ഷിക്കുകയാണെന്നു തോന്നും, ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വിഷയങ്ങൾ കേൾക്കുമ്പോൾ.

ഒരു രാജ്യത്തിനും നിലക്ക് നിർത്താനാവാത്ത ഭീകര പ്രവർത്തനങ്ങൾ, മുഖമില്ലാത്ത ശത്രുക്കൾ, രാജ്യമില്ലാത്ത യുദ്ധനിരകൾ , അന്തമില്ലാത്ത സംഘര്ഷങ്ങൾ , നിലയ്ക്കാത്ത പലായനങ്ങൾ . വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ , ജനാധിപത്യത്തിന് മൂല്യശോഷണം ബാധിച്ചു തിരിച്ചുവരുന്ന ജന്മിത്ത സമ്പ്രദായങ്ങൾ, അതിനെ പിന്തുണക്കുന്ന മതത്തിന്റെ പ്രതാപങ്ങൾ . വേലികെട്ടി സൂക്ഷിക്കേണ്ടി വരുന്ന അതിരുകൾ, രാസായുധങ്ങൾക്കു പകരം തൊടുത്തുവിടുന്ന മിസൈലുകൾ , അന്യ സമൂഹത്തിനുമേൽ നിരന്തരമായി കഴുകൻറെ കണ്ണുമായി പരതി നടക്കുന്ന ഉപഗ്രഹങ്ങൾ , രഹസ്യ നിരീക്ഷണങ്ങൾ, കൂച്ചുവിലങ്ങിടുന്ന മാധ്യമ രംഗങ്ങൾ , സംരക്ഷണത്തിന് എന്ന പേരിൽ നിർബ്ബന്ധപൂര്വ്വം വോട്ട് ചെയ്യിക്കുന്ന കപട രാഷ്രീയ തന്ത്രങ്ങൾ , ഏകീഭവിക്കുന്ന സാമ്പത്തിക ഉറവിടങ്ങൾ , ഒക്കെ അധാർമ്മികതയുടെ വിവിധ മുഖങ്ങൾ! .

അത്യന്തം വിചിത്രമായ ഒരു ഇടത്തേക്കാണ് നാം അറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്, എവിടേയോ കൈമോശം വന്ന നമ്മുടെ ധാർമ്മീക കവചങ്ങൾ , കണ്ടു പിടിക്കാൻ ഒരു ശ്രമവും ഉണ്ടാകുന്നില്ല . ഭയമാണ് നമ്മളെ ഒന്നിനും കൊള്ളാത്ത കൂട്ടങ്ങളാക്കുന്നത് . അധികാരത്തോട് പറ്റിനടന്നാൽ പിടിച്ചു നില്ക്കാൻ എളുപ്പമാണ്. ആരെങ്കിലും മറിച്ചൊരു അഭിപ്രായം പറഞ്ഞു തുടങ്ങിയാൽ അത് എത്രയും വേഗത്തിൽ അധികാരത്തെ അറിയിച്ചു കൂറ് പിടിച്ചു പറ്റാനാണ് പലരും ശ്രമിക്കുന്നത്.

നാമൊക്കെ ആരെയോ എപ്പോഴും ഭയന്നാണ് ജീവിക്കുന്നതെന്ന സത്യം ഓരോ നിമിഷവും വ്യക്തമാവുകയാണ്. ജോലിയിലും വീട്ടിലും ആരാധനാകേന്ദ്രങ്ങളിലും, വഴിനടക്കുമ്പോഴും , സമൂഹത്തിലും സംസാരത്തിലും എന്ന് വേണ്ട, ഉറക്കത്തിൽപോലും എന്തോ, ഏതോ ഭീതിയുടെ അടിമകളാണ് നാം. കാര്യങ്ങൾ വ്യക്തമായി പറയാൻ മടി, ഉറച്ചു സംസാരിക്കാൻ പ്രയാസം, മറ്റുള്ളവർ നമ്മെപ്പറ്റി എന്ത് ചിന്തിക്കും എന്ന ആശങ്ക വല്ലാതെ കൂച്ചുവിലങ്ങിടുകയാണ് നമ്മുടെ ഓരോ നിമിഷത്തേയും. നിർഭയം എന്ന അവസ്ഥ ചിന്തിക്കാൻകൂടി കഴിയില്ല. നാം ഇടപഴകുന്ന എല്ലാ വിഷയത്തിലും നമ്മുടെ ഈ ഭീതി ഒരു ചെറിയ അധികാരകേന്ദ്രം മുതലെടുക്കുന്നു എന്നും നമുക്കറിയാം. എന്നാലും , പോകട്ടെ ,തല്ക്കാലം ഒരു മനഃസമാധാനമുണ്ടല്ലോ എന്ന ചിന്തയാണ്. ഭീരുത്വവും കാപട്യവും ചേർന്ന് നമുക്ക് വരിഞ്ഞു മുറുക്കിയ ഒരു മുഖഛായ ആണ് സമ്മാനിച്ചിരിക്കുന്നത്.

എന്നും സമൂഹം നിസ്സഹായകരായ പേടിത്തൊണ്ടന്മാരുടെ കൂട്ടമായിരുന്നു. ഇന്നലെ ഓശാനപാടിയവർ തന്നെ നാളെ കല്ലുകളെടുക്കാൻ യാതൊരു മടിയും ഇല്ലാത്തവരാണ്. 2000 വര്ഷം മുൻപ്, വളരെ കാത്തിരുന്നു "ആരാധനാലയം കള്ളന്മാരുടെ ഗുഹയാണ് " എന്ന് വിളിച്ചു പ്രതികരിക്കാൻതുടങ്ങിയ ക്രിസ്തുവിനെ ഭയന്ന യഹൂദ മഹാപുരോഹിതൻ പറഞ്ഞു " ആളുകൾ മുഴുവൻ ചീത്തയാകുന്നതിനു മുൻപ് ഈ ഒരാളെ അങ്ങ് ഇല്ലാതാക്കുക, അതോടെ പ്രശനം ശാശ്വതമായി പരിഹരിക്കപ്പെടും" . മൂന്നു വര്ഷം കൊണ്ട് ജനത്തിന്റെ പ്രതീക്ഷകളെ ക്രൂശിൽ തൂക്കാൻ മുന്നിൽ നിന്നതു രാഷ്രീയ പ്രചോദിതരായ മതനേതൃത്വമായിരുന്നു . അത് ഇന്നും എല്ലാ ദേശത്തും പരീക്ഷിക്കപ്പെടുന്നു. പക്ഷേ നിശബ്ദമായ ജനം അപ്പോഴാണ് പ്രതികരിച്ചു തുടങ്ങുന്നതെന്ന യാഥാർഥ്യം ഭരണകൂടം അപ്പോഴാണ് മനസ്സിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ മുതലെടുത്താണ് ഭരണം എന്ന പ്രക്രിയ നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്ഥിരമായ സൗഹൃദങ്ങളോ ബന്ധങ്ങളോ മനസ്സിൽ ഉണ്ടാവില്ല, പിന്നെ ഒക്കെ അഭിനയിച്ചു തീർക്കുക, അത്രതന്നെ !

ഇന്ന് പ്രതികരിക്കാൻ ഒരു വീര നായകന്റെ കാത്തിരിപ്പു വേണ്ടിവരുന്നില്ല; തൽക്ഷണം നമ്മുടെ വിചാര വികാരങ്ങൾ ആയിരക്കണക്കിന് പേരിൽ എത്തിക്കാൻ സാധിക്കുന്ന നെറ്റ്വർക്ക് സംവിധാനം നിലയുറപ്പിച്ചു. ചില മുല്ലപ്പൂ വിപ്ലവങ്ങൾ ചീറ്റി പോയെങ്കിലും, നിലക്കാത്ത തരംഗമായി ഈ വിരൽ ചലനങ്ങൾ വിപ്ലവം സൃഷ്ട്ടിച്ചുകൊണ്ടേയിരിക്കുന്നു. ഈ അവസ്ഥ നിയന്ത്രിക്കാനുള്ള എല്ലാ സാഹചര്യവും ഉടൻ ഉണ്ടാകാം. ഇപ്പോൾ നാമെല്ലാം നിരീക്ഷണത്തിലാണ്. സ്വതന്ത്രമായി ചിന്തകളെ ദീർഘനാൾ കയറഴിച്ചുവിട്ടാൽ സാമ്പ്രാജ്യങ്ങൾക്ക് നിലനിൽക്കാനാവില്ല. ഏതു നിമിഷവും ചിതൽ അരിച്ചുപോകുന്ന ഓർമ്മകളായി നമ്മുടെ ഇന്നത്തെ വ്യക്തിഗത മാധ്യമ സംസ്കാരം മാറിപ്പോയാൽ അത്ഭുതപ്പെടേണ്ടി വരില്ല , എന്തിനീ മൗനം ?

April 14, 2017, Vishu / Good Friday
vkorason@yahoo.com, http://vkorason1960.blogspot.com

Wednesday, March 22, 2017

ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീ പീഡനങ്ങളുടെ പെരുമഴക്കാലമോ ?
വാൽക്കണ്ണാടി - കോരസൺ

ഇന്ന് കേരളസമൂഹത്തിൽ അത്യധികം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീ പീഡനപരമ്പരകളാണ്. മലയാള പത്രങ്ങൾ തുറന്നാൽ ഓരോ ദിവസവും ഒരു പേജിൽ കുറയാത്ത പീഡനവാർത്തകൾ കാണാനാവുന്നു. ഓരോ ദിവസവും അതിൽ കാണുന്ന വൈവിധ്യങ്ങൾ വായനക്കാരിൽ ഗൂഢമായ വൈകാരിക താല്പര്യം ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, ഏതോ ടിവി സീരിയൽ കാണുന്ന കാത്തിരിപ്പാണ് ആ പേജിൽ കൈവെയ്ക്കാൻ. ദിവസങ്ങൾ പ്രായമുള്ള കുട്ടികൾ മുതൽ എൺപതു കഴിഞ്ഞ വയോധികർ പോലും ഇന്ന് പീഡനവിധേയരാകുന്ന അസുഖകരമായ ഒരു സാമൂഹിക പ്രതിഭാസം നിലനിൽക്കുന്നു. അധ്യാപകർ, പുരോഹിതന്മാർ, സാംസ്കാരിക പ്രമുഖർ തുടങ്ങി, ഒരു സമൂഹത്തിനു ധാർമ്മിക രേഖ വരച്ചു കാണിച്ചു കൊടുക്കേണ്ട കേന്ദ്രങ്ങൾ തന്നെയാണ് പീഡകരായി മാറുന്നതെന്നതാണ് ഏറെ നടുക്കുന്ന വാർത്തകൾ. മാനക്കേടും അഭിമാനവും കാരണം ഒട്ടേറെ അനുഭവങ്ങൾ വാർത്തകൾ ആകാതെ എങ്ങും രേഖപ്പെടുത്താനാവാതെ കട്ടപിടിച്ചു മരവിച്ചു അവിടവിടെയായി കിടക്കുന്നു. പുതിയ അവസ്ഥകളെ നേരിടാനുള്ള തയ്യാറെടുപ്പില്ലാത്ത പോലീസ് സംവിധാനത്തെ നാം കുറ്റപ്പെടുത്തുന്നു. രോഗാതുരമായ ഈ സാമൂഹിക അവസ്ഥക്കുള്ള കാരണം പഠനവിഷയമാക്കേണ്ടതുണ്ട്.

ഇത് ഒരു പക്ഷെ കേരളത്തിന്റെ പ്രത്യേകമായ സാമൂഹിക അവസ്ഥയായിരിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടിൽ കേരളസമൂഹം സാമ്പത്തീകമായി ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. കാൽപ്പനിക സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കാനും പ്രവർത്തിക്കാനും തയ്യാറായത് നാം അടുത്തറിയാതെപോയി, അല്ലെങ്കിൽ അറിവില്ലാതെപോയി എന്നുവേണം കാണുവാൻ. ഇത് ഒരു വൻ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം ഭീതിയോടെ അടുത്തറിയുമ്പോൾ , കേരള സമൂഹത്തിന്റെ സുരക്ഷാ വലയത്തിൽ വീണ കനത്ത വിള്ളൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്നും നാം മനസിലാക്കുന്നു.

ഒരു കടുത്ത പ്രതിസന്ധിയെ സമൂഹമായി നാം അഭിമുഖീകരിക്കുമ്പോൾ മെച്ചമായ പരിശീലനം കിട്ടാത്ത പോലീസ് സംവിധാനത്തോടും,അപര്യാപ്തമായ നിയമ സംവിധാനത്തോടും അറിയാതെ കലഹിച്ചു പോകുന്നു . വർധിച്ചു വരുന്ന ക്വോട്ടേഷൻ കൊലകളും, ആല്മഹത്യകളും , ചിതറുന്ന കുടുംബ ബന്ധങ്ങളും ഒക്കെ നമ്മൾ എന്ന സമൂഹം തന്നെയാണ്. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ജുഗുപ്സാവഹമായ ഒരു സാമൂഹിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് കേരള സമൂഹം കടന്നു പോകുന്നത്.

ഒരു വാർത്ത എന്ന നിലയിൽ വായിച്ചുതള്ളുകയല്ല; മറിച്ച് എന്ത് ചെയ്യാനാവും എന്ന് ഒന്നിച്ചു ചിന്തിക്കുവാനാണ് നാം തയ്യാറാവേണ്ടത്. ഒന്നിലധികം മൊബൈൽ ഫോണുകളും പറന്നു നടക്കാൻ പാകത്തിൽ ഇരു ചക്ര വാഹനവും മുഖം മറക്കാൻ പാകത്തിൽ ഉള്ള ഹെൽമെറ്റുകളും മലയാളി പെൺകുട്ടികളെ വളരെ സ്വതന്ത്രരാക്കി. വീട്ടിൽ നിന്നും മാറി നിന്ന് പഠിക്കാൻ പാകത്തിലുള്ള ക്രമീകരണങ്ങളും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. ഇതൊന്നും ഒരു കുറവായിട്ടല്ല പറയാൻ ശ്രമിക്കുന്നത്. എന്നാൽ സ്വയം സൂക്ഷിക്കാനുള്ള കെട്ടുറപ്പിലാണ് ചില പാകപ്പിഴകൾ കാണുന്നത്. അടുത്തിടെ ഇരുചക്ര വാഹനത്തിൽ കറങ്ങുന്ന രണ്ടു പെൺകുട്ടികളുടെ വേഷം അത്ഭുതം ഉണ്ടാക്കി. ഇരു വശത്തുമായി ചൂരിധാറിന്റെ താഴെയിൽ നിന്നുള്ള കട്ട് കുറച്ചുഏറെ ഉയരത്തിലേക്ക് ആയിത്തുടങ്ങി, പിൻഭാഗം പട്ടം പോലെ നീളത്തിൽ പറന്നുപോകുന്നു, പിന്ഭാഗവും വയറിന്റെ ചില്ലറ ഭാഗങ്ങൾ എല്ലാം നാട്ടുകാർക്ക് കാട്ടി കൊടുത്തു തന്നെയാണ് സവാരി. പിന്നെയാണ് ശ്രദ്ധിച്ചത്, പ്രായ വത്യാസമില്ലാതെതന്നെ സ്ത്രീകൾ വ്യാപകമായി ഇത്തരം ഡ്രസ്സ് ധരിക്കുന്നു. കൂളിംഗ് ഗ്ലാസ് ധാരികളായ ചെന്നായ്ക്കൾ വാഹനത്തിലും അല്ലാതെയും സവാരിഗിരി നടത്തുമ്പോൾ നാം തുറന്ന ഒരു സമൂഹത്തിലല്ലല്ലോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിക്കുക. സ്ത്രീകളുടെ വേഷവിധാനത്തിൽ വന്ന പ്രകടമായ മാറ്റത്തിനു കാരണം ചില സ്ത്രീ മാസികകൾ തന്നെയാണ്. പുരുഷന്മാരാണ് ഇത്തരം മാസികകൾ കൂടുതൽ വായിക്കുന്നതുതന്നെ.

വളരെ കലോറി ഉള്ള ഭക്ഷണ ക്രമങ്ങളും, ആരോഗ്യ സൗന്ദര്യ വസ്തുക്കളും ഇന്നത്തെ സ്ത്രീകൾക്ക് പുതിയ ഉത്തേജനവും ഉണർവും നൽകുന്നത് നല്ലതുതന്നെ. വളരെ ചുരുങ്ങിയ നിരക്കിൽ വിരൽത്തുമ്പിൽ വിസ്മയം സൃഷ്ട്ടിക്കുന്ന വാട്ട്സാപ്പും, ചാറ്റിങ്ങും സർവ്വ അതിർവരമ്പുകളും വിട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു പരിചയവും ഇല്ലാത്ത ഇൻസ്റ്റന്റ്സുഹൃത്തുക്കൾ വളരെ സ്നേഹപൂർവ്വം നിർബന്ധിച്ചു ആവശ്യപ്പെടുമ്പോൾ , സ്വയം അനാവരണം ചെയ്തു ടെക്സ്റ്റ് ചെയ്യാൻ പോലും കുട്ടികൾ തയ്യാറാവുന്നു. അവിടെ അവർ അനുഭവിക്കുന്ന സ്വകാര്യതയും സംതൃപ്തിയും എപ്പോഴാണ് അതിരുകടക്കുക എന്നറിയില്ല. അത്തരം ഒരു അങ്കലാപ്പിൽ എന്താണ് ചെയ്യേണ്ടതെന്നും അവർക്കു അറിയില്ല. ആരോടെങ്കിലും ഇത്തരം കാര്യങ്ങൾ പറയാൻ ധൈര്യവും ഇല്ല. പിന്നെ എന്ത് ചെയ്യും? വഴങ്ങിക്കൊടുത്തു രക്ഷപെട്ടോടുക, അല്ലെങ്കിൽ സ്വയം ശിക്ഷ വിധിക്കുക. കടുത്ത സമ്മർദ്ദത്തിലൂടെയാണ് നമ്മുടെ കെൽപ്പില്ലാത്ത യുവത്വം നടന്നു പോകുന്നത്. എന്ത് സംവിധാനമാണ് ഇന്ന് ഈ പുതിയ സാഹചര്യങ്ങളെ നേരിടാനുള്ളത് ?

കാലങ്ങളായി മലയാളി മൂടിവച്ചിരുന്ന കപട സദാചാരം മൂടിതുറന്നു വെളിയിൽ വന്നിരിക്കുന്നു. പഴയ കാംപസ് പ്രേമവും, കമെന്റ് അടികളും കൊച്ചുപുസ്തകങ്ങളും കൊണ്ട് പൊതിഞ്ഞു വച്ചിരുന്ന അവന്റെ വികാരവിക്ഷേപങ്ങൾക്കു പകരം പിടിച്ചെടുക്കാനും തട്ടിപ്പറിക്കാനും കൊത്തിപ്പറിക്കാനും ഇന്ന് നിഷ്പ്രയാസം സാധിക്കുന്നു. അതിനായി ഏതു അറ്റം വരെ പോകാനും ഇന്ന് അവനെ പ്രാപ്തനാക്കാനുള്ള വഴികൾ സുലഭം. എത്ര കഥകൾ കേട്ടാലും വീണ്ടും വീണ്ടും വീണു പോകുന്ന ചതിക്കുഴികൾ. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കലികാലം . കുട്ടികൾ മാത്രമല്ല തീവ്ര മനഃസാന്നിധ്യമില്ലാത്ത എല്ലാവരും ഈ ചതിക്കുഴികളിൽ പെട്ടുപോകാറുണ്ട്.

ആരോടാണ് ഒന്ന് മനസ്സുതുറക്കുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്. മലയാളി തന്നിലേക്ക് തന്നെ ചുരുങ്ങാൻ തുടങ്ങിയിട്ട് കുറെ കാലമായി. മറ്റുള്ളവരുടെ ഒരു കാര്യത്തിലും അവനു താല്പര്യം ഇല്ല. അതിനാൽ മറ്റുള്ളവരെ കരുതാനും സ്വയം രക്ഷിക്കാനും ഇന്ന് അവനു ഉടൻ മറുപടിയുമായി എത്തുന്ന ആൾ ദൈവങ്ങൾ മാത്രമാണ് ശരണം. പഴയ കാല നേർച്ചകളും വഴിപാടുകളും അവനു അത്ര വിശ്വാസമാകുന്നില്ല. തോരാത്ത ആവശ്യങ്ങളും ആവലാതികളുമായി എവിടെയൊക്കെയോ നടത്തുന്ന പൊങ്കാലകളിലും അടവികളിലും പദയാത്രകളിലും പങ്കെടുത്തിട്ടും അവനു അത്ര തൃപ്തി വരുന്നില്ല . എല്ലാം ഉടൻ തീർച്ചയാക്കാൻ ഇന്ന് ആൾ ദൈവങ്ങൾക്ക് അല്ലാതെ ആർക്കു കഴിയും ? അവിടെ നടക്കുന്ന ചൂഷണങ്ങളിലും തട്ടിപ്പുകളിലും അറിയാതെ പെട്ടുപോകുന്നു എന്ന് അറിയാമെങ്കിലും , വീണ്ടും അവൻ അവിടേക്കു തന്നെ പോകുന്നു. ജാതകം നോക്കലും കവടിനിരത്തലും വെറ്റ നോക്കലും ഒക്കെയായി ജാതി മത ഭേദമെന്യേ മലയാളി നെട്ടോട്ടം ഓടുകയാണ്.

രക്ഷിതാക്കളിൽ, കുട്ടികൾക്ക് മാതൃക ആക്കുവാൻ ഉതകുന്ന ഇടങ്ങൾ കുറവ്, ഒന്നിനും നേരമില്ലാതെ അവൻ കഠിനമായി അധ്വാനിക്കയാണ്. പണവും പ്രതാപവും അഭിരമിക്കുന്ന ആരാധനാസ്ഥാപനങ്ങളിൽ ജീവൻ തുടിച്ചു നിന്ന ചൈതന്യം എന്നേ പടിയിറങ്ങിക്കഴിഞ്ഞു. അവിടെ എന്ത് എത്രയധികം കൊടുക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തി വഞ്ചിക്കപ്പെടുന്ന കച്ചവട ചരക്കുകളായി മലയാളി മാറിക്കഴിഞ്ഞു. ധ്യാനകേന്ദ്രങ്ങളും തിരുശേഷിപ്പുകളും മത്സരിച്ചു നടത്തപ്പെടുന്ന മതസമ്മേളങ്ങളും കൊണ്ട് അവൻ അടിക്കടി മണ്ടൻ ആക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം നിറഞ്ഞ ചിരിയുമായി നിരന്തരം എത്തുന്ന രാഷ്രീയ കോമരങ്ങൾ ഇളിച്ചുകാട്ടുന്ന ഗോഷ്ടികൾ അവനു സഹിക്കാൻ പറ്റില്ല എങ്കിലും ഈ രാഷ്രീയക്കാരോട് തോൾ ചേർന്ന് നിന്ന് ഒരു ഫോട്ടോ പിടിച്ചാൽ സ്വർഗം കിട്ടുന്ന സംത്യപ്തിയാണ് അവന് .

ഇപ്പോഴത്തെ കേരളത്തിലെ സംവിധാനങ്ങൾ ഈ മാറ്റങ്ങളെ ഉൾകൊള്ളാൻ തികച്ചും അപര്യാപ്തമാണ് . അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളിലും മേഖലകളിലും യുദ്ധകാല അടിസ്ഥാനത്തിൽ പഠനവും നിർദേശങ്ങളും സംയോജിപ്പിച്ചു സമൂഹത്തിലേക്ക് കടന്നു ചെല്ലേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. അവിടെ നടക്കുന്ന അഴിമതിയും ജീർണ്ണതയും വെളിച്ചമില്ലായ്മയും ഒരു ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിസ്ഥാനപരമായ കരുതൽ സംവിധാനങ്ങൾ ഉണ്ടാകുന്നതുവരെ ഒരു സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും , ചൂഷകർക്കു , പ്രത്യേകിച്ച് സമൂഹത്തെ നല്ല നിലയിൽ പ്രചോദിപ്പിക്കേണ്ടവർ കാട്ടുന്ന അവഗണക്കും നിഷ്ക്രിയത്തിനും കടുത്ത ശിക്ഷണനടപടികൾ കൈക്കൊള്ളുകയും വേണം.

വിരൽ ചൂണ്ടുന്നവരെ ഇല്ലായ്മചെയ്യുന്ന നമ്മുടെ കാടൻ സ്വഭാവത്തിൽനിന്നു മാറി , വിരൽ ചൂണ്ടുന്നവരെ പ്രചോദിപ്പിക്കാനും അവർ ഉയർത്തുന്ന വെല്ലുവിളികളെ ഉൾക്കൊണ്ട് പരിഹാരത്തിനായി വാതിലുകൾ തുറന്നിടുകയുമാണ് അടിയന്തിരമായി ഉണ്ടാകേണ്ട കാര്യം . കിട്ടുന്നതെല്ലാം വിളമ്പാൻ മാത്രം പാകത്തിൽ മാധ്യമങ്ങൾ അധപ്പതിക്കരുത് , പ്രായോഗികമായ ചർച്ചകൾക്ക് വേദി ഒരുക്കുകയും വിവിധ പരിഹാരങ്ങൾ പറഞ്ഞുകൊടുക്കാനും അവർക്കാകണം. സ്വകാര്യ മാധ്യമ പ്രസ്ഥാങ്ങൾ നിലനിൽക്കണമെങ്കിൽ അവരെ നിലനിർത്തുന്ന ചൂഷക സംഘത്തിന്റെ വ്യക്താക്കളായി മാറ്റപ്പെടണം എന്നസ്ഥിതിവിശേഷമാണ് ഇന്ന് ഉള്ളത്. സ്വതന്ത്രമായി അഭിപ്രായം രൂപപ്പെടണമെങ്കിൽ, അതിനു ഉതകുന്ന പൊതു ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സംവിധാനം സർക്കാർ അനുവദിക്കണം. ലോകത്തെ ഏതെങ്കിലും സ്ഥലത്തു ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ , അവിടെ അനുവർത്തിച്ച രീതികൾ ഉടൻ അവലംബിക്കണം.


മലയാളിമനസ്സിനെ നൊമ്പരപ്പെടുത്തിയ കുട്ടികളുടെ ചിത്രങ്ങൾ ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളായി കാണേണ്ട. കുട്ടി പള്ളിയിൽ പ്രാർഥിച്ചശേഷം പോയതാണെങ്കിലും , മാതാപിതാക്കൾ പോലീസ് സ്റ്റേഷനലിൽ ചെന്ന് അപേക്ഷിച്ചിട്ടും, ജീവൻ രക്ഷിക്കാൻ ആയിട്ടില്ലെങ്കിൽ എന്ത് സുരക്ഷയാണ് ഇന്ന് കുട്ടികൾക്കുള്ളത് ? അനുകരണീയമായ മാതൃകകൾ, എല്ലാം തുറന്നു പറയാനാവുന്ന സൗഹൃദങ്ങൾ ഇല്ലാതെ പോകുന്ന സമൂഹം എന്താണ് വിളിച്ചു പറയുന്നത് ?

"മനുഷ്യനെ നല്ലവനാക്കാൻ ശ്രമിച്ചവർക്കെല്ലാം തെറ്റുപറ്റുകയായിരുന്നു . അവൻ അടിസ്ഥാനപരമായി സ്വാർഥതയും അഹങ്കാരവും ചതിയും വഞ്ചനയും പരിശീലിച്ച , കാമവും ക്രോധവും നിറഞ്ഞ ഒരു ചീത്ത മൃഗമായിരുന്നു . അവനു മാത്രമുള്ള ചിരി കാപട്യത്തിന്റെ മൂടുപടമായിരുന്നു" - ആൽഫ എന്ന നോവലിൽ, ടി . ഡി . രാമകൃഷ്ണൻ.
മാർച്ചുമാസം പതിനേഴു , രണ്ടായിരത്തിപ്പതിനേഴു .



Tuesday, February 14, 2017

വൈറ്റ്ഹൗസിലെ ഭ്രാന്തൻ വെള്ളിയാഴ്ച്ചകൾ
വാൽക്കണ്ണാടി - കോരസൺ

സൂര്യൻ അസ്തമിക്കാനുള്ള സമയം അടുത്തുവരുന്നു . ആകെ പരിഭ്രാന്തരായ വൈറ്റ്ഹൗസ് ഏതോ നിഗൂഢമായ സംഭവങ്ങളെ വരവേൽക്കാൻ തുടങ്ങുക ആയിരുന്നു. പുറത്തെ ശീതകാറ്റിൽ വിറങ്ങലിച്ചു നിൽക്കുന്ന പൈൻ മരങ്ങളും ഒന്ന് നിഛലമായതുപോലെ. ഡാഡി ട്രംപ് എക്സിക്യൂട്ടീവ് ഓർഡറുകൾ ഒപ്പിട്ടു കൈ കുഴഞ്ഞു തിരികെ ഓവൽ ഓഫീസിന്റെ ലൈബ്രറിയിൽ അസ്വസ്ഥനായി ഇരിക്കുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അപ്പോഴും ഡാഡിട്രംപിനു പിറകിൽ നിൽക്കെയാണ്. "ഇരിക്ക് മൈക്ക് , എന്റെ പുറകെ ഒത്തിരി നേരമായല്ലോ ഈ നടപ്പും നിൽപ്പും തുടങ്ങിയിട്ട്, രാത്രി ആയി, ഇനി നമുക്ക് ഒന്ന് അടിച്ചു പൊളിക്കേണ്ടെ?" "എസ് ബോസ്, ആകാമല്ലോ" എന്ന് മൈക്ക് .

പെട്ടന്ന് ഡാഡിട്രംപിനു ബൈ പറഞ്ഞു മരുമകൻ ജാറേഡ് കുഷ്നെർ തന്റെ മുറിയിലേക്ക് പോകുന്നു, ഇവങ്കമോളും പിന്നാലെ അനുഗമിക്കുന്നു. സാന്ദ്രമായി അലയടിച്ചുകൊണ്ടിരുന്ന മൊസാർട് സംഗീതത്തിൽ അവർ കടന്നു പോകുമ്പോൾ പിന്നാലെ വാതിൽ അടയുന്നു, അവരുടെ മുറിയിലെ ഇലക്ട്രിക്ക് വിളക്ക് അണയുന്നു. ചെറിയ ഒരു മെഴുകുവിളക്ക് അവിടെ തെളിഞ്ഞതായി കാണാനായി , പതുക്കെ മുറിയിൽ നിന്നും "ലെച്ച ടോയ്ഡി , വരുക സുഹൃത്തേ , പരിശുദ്ധ ശബ്ബത്ത്, നിങ്ങളെ സ്വാഗതം ചെയ്യുന്നു " എന്ന് തുടങ്ങുന്ന യഹൂദ ശബ്ബത്ത് ഗാനം കേൾക്കാനായി.

"മൈക്ക്, നിങ്ങള്ക്ക് എന്ത് തോന്നുന്നു , നമ്മൾ കൊടുത്ത വാഗ്ദാനങ്ങൾ സമയ ബന്ധിതമായി നടപ്പാക്കും എന്ന് ആളുകൾക്ക് ബോധ്യമായി വരുന്നല്ലോ", ഏതായാലും നമ്മുടെ ചെക്കൻ കുഷ്ണർ മിടുമിടുക്കനല്ലേ , ഇനി അവൻ ഒന്ന് റസ്റ്റ് എടുക്കട്ടെ , നാളെ വീണ്ടും തുടങ്ങേണ്ടേ പണികൾ . ഒബാമ കാട്ടിക്കൂട്ടിയ ഓരോന്നും ശരിയാക്കണമെങ്കിൽ ഒരു മൂന്നു തവണ പ്രെസിഡൻറ് ആയാലും പറ്റില്ല, അത്രയ്ക്ക് കൊളമാക്കിയിട്ടാണ് അയാൾ സ്ഥലം വിട്ടത്, നാടിനോട് കൂറില്ലാത്തവൻ!

വീണ്ടും പതുക്കെ കസേരയിൽ നിന്നും എഴുനേറ്റുകൊണ്ട് മൈക്ക്പെൻസു പറഞ്ഞു തുടങ്ങി , ബോസ്സ് , താങ്കൾ അതി സമർത്ഥൻ തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കയല്ലേ , ഒരാഴ്ചകൊണ്ട് നമ്മൾ എന്തൊക്കെയാണ് പ്രവർത്തിച്ചത്. ലോകം മുഴുവൻ നമ്മുടെ അടുത്ത വാക്കുകൾക്കായി കാതോർത്ത്ഇരിക്കയല്ലേ, ഇപ്പോൾ അമേരിക്കയെ എല്ലവർക്കും ഭയമായി തുടങ്ങി. ഇന്നലെ ആസ്‌ട്രേലിയക്കാരന് കൊടുത്ത പണിയാണ് എനിക്ക് ശരിക്കും ബോധിച്ചത് . ഇനി അടുത്ത കാലത്തൊന്നും ആസ്ത്രേലിയൻ പ്രധാന മന്ത്രി മാൽകം ശരിക്കു കിടന്നു ഉറങ്ങില്ല, അത്രക്കിട്ടു ഒരു കീറാണ് ബോസ് നിങ്ങൾ അയാൾക്ക് കൊടുത്തത്. അവന്റെ റെഫ്യൂജീസിനെ അവരുടെ തൊഴുത്തിൽകൊണ്ടു കെട്ടാൻ പറ, അല്ലെങ്കിൽ ഒബാമയുടെ കെനിയയിലെ അങ്കിളിന്റെ വീട്ടിൽ കൊണ്ട് താമസിപ്പിക്കാൻ പറ, ഹല്ല , പിന്നെ, ട്രമ്പിനോടാ കളി !!! ഈയുള്ള മേത്തനെയെല്ലാം ഇവിടെ കൊണ്ടുവന്നു നമ്മുടെ ആളുകളുടെ ടാക്സ് മണി കൊടുത്തു ജീവിപ്പിക്കാനോ ? എന്നിട്ടു ഇവനൊക്കെ നമ്മുടെ കാലിന്റെ അടിയിൽ ബോംബ് വച്ച് കളിക്കണോ? ഒരു ഒറ്റ ക്രിസ്ത്യാനി ആ കൂട്ടത്തിൽ ഉണ്ടാവില്ല, ഒബാമ എത്ര ക്രിസ്ത്യാനികളെ രക്ഷിച്ചു? ശത്രു മുസ്ലിം തീവ്രവാദം ആണെന്ന് അയാളെക്കൊണ്ട് ഒന്ന് പറയിപ്പിക്കാൻ സാധിച്ചോ ? ശത്രുവിനെ പേരെടുത്തു പറയാതെ എങ്ങനെ ഇതിനെ ഒതുക്കാൻ ഒക്കും ? ഇനി അത് നടപ്പില്ല. എന്തൊരു അഹങ്കാരമാണ് ഇവറ്റകൾക്ക് ? ന്യൂ യോർക്ക് എയർപോർട്ടിൽ അവന്മാർ കൂട്ടപ്രാർഥന നടത്തി പ്രതിഷേധിക്കുന്നു, അവന്റെ ഒക്കെ മുസ്ലിം രാജ്യത്തു ഒരു ക്രിസ്ത്യാനി പ്രാർത്ഥിച്ചാലോ ബൈബിൾ പിടിച്ചാലോ കൊന്നുകളയും അവന്മാർ. ഇത് കൊറേ കൂടിപ്പോയി.

ബോസ്സ് , ഫോൺ അടിക്കുന്നല്ലോ, റഷ്യയിൽനിന്നും പ്രസിഡന്റ് പൂട്ടിൻ ആണെന്ന് തോന്നുന്നു, കുഷ്ണർമോനെ വിളിച്ചാലോ ? പിന്നെ വിളിക്കാം, റഷ്യക്കാരൻ എപ്പഴാ പണി പണിയുന്നതിന് അറിയില്ല, റഷ്യൻ പെണ്ണുങ്ങളെ എനിക്ക് താല്പര്യമാണെന്നു പറഞ്ഞു അവനൊരു മാമന്റെ അധികാരത്തിലാണ് വിളി. വേണ്ട, വേണ്ട പെൻസ്, കുഷ്ണർമോൻ ശബ്ബത് തുടങ്ങി ഇനി നാളെ മാത്രമേ പുറം ലോകവുമായി അവൻ ബന്ധപ്പെടുകയുള്ളു. ഇവങ്കമോളും യഹൂദ മതം സ്വീകരിച്ചമുതൽ അവർ അങ്ങനെയാണ്. എല്ലാ വെള്ളിയാഴ്ച രാത്രിയിലും പ്രാർഥനയും പാട്ടുമായി അങ്ങനെ കൂട്ടിൽ ഒളിക്കും. കാര്യം അവന്റെ അപ്പൻ ചാൾസ് തരികിട കളിച്ചു രണ്ടു വര്ഷം ജയിലിൽ കിടന്നതാണ് എങ്കിലും മില്ലിൻ കണക്കിന് ഡൊണേഷൻ കൊടുത്തിട്ടാണ് മക്കളെ ഹാർവാർഡിലും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലും പഠിപ്പിച്ചത്. ടാക്സ് കൊടുക്കാതെ എങ്ങനെ റിയൽ എസ്റ്റേറ്റ് സാബ്രാജ്യം ഉണ്ടാക്കാമെന്ന് ആശയം തന്നത് ചാൾസ് അല്ലെ?. അപ്പന്റെ കാഞ്ഞ ബുദ്ധി അവനും കിട്ടിയിട്ടുണ്ട്. കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടടുത്തുള്ള കെട്ടിടങ്ങൾ മറിച്ചു വിറ്റ് അവൻ ഇരുപതു മില്യൺ ഡോളർആണ് ഉണ്ടാക്കിയത്. കോളേജ് പോലും വിറ്റുകളയുമോ എന്നാണ് കൂട്ടുകാർ ഭയന്നത് . പിന്നെ അടിവച്ചു അങ്ങോട്ട് കയറ്റമായിരുന്നല്ലോ. എന്നാലും കുഷ്ണർമോൻ നടത്തികൊണ്ടിരുന്ന ഒബ്സർവേർ വാരിക അടിച്ചു കുളമായപ്പോൾ അതിന്റെ ചീഫ് എഡിറ്റർ പീറ്റർ കപ്ലാൻ പറഞ്ഞത് എന്റെ ചെവിയിൽ അങ്ങനെ ഇടക്കിടെ മുഴങ്ങും , "അവന് ഒന്നുംഅറിയില്ല എന്ന കാര്യം പോലും അവനു അറിയില്ലെന്ന് " ചിലപ്പോൾ എനിക്കും അത് തോന്നാറുണ്ട് . എന്നാലും നമ്മുടെ ഇവങ്കമോളെ ഓർത്തു, പോട്ടെ ..... എന്നാലും, പത്രക്കാര് നമ്മളെ അമ്മാനമാടിയപ്പോൾ, പണവും ആളും സംവിധാനങ്ങളും ഒന്നും ഇല്ലാതെ ഇത്തരം ഒരു വൻ വിജയത്തിന് കാരണം നമ്മുടെ കുഷ്ണർമോന്റെ മിടുക്കാണ് സംശയമില്ല ! .

ഇസ്രായലിലെ ഏറ്റവും വലിയ ബാങ്കായ ഹാപോളീം അവനു കുറെ ലോൺ കൊടുത്തിട്ടുണ്ട് , അതുകൊണ്ടു വെസ്റ്റ് ബാങ്കിൽ അവർക്കു കുറെ സഹായമൊക്കെ നമുക്ക് ചെയ്തേ പറ്റുള്ളൂ , ഫലസ്തീനികൾ പോയി പണി നോക്കാൻ പറ, കൂടുതൽ ബഹളം വെച്ചാൽ അവന്മാർക്കിട്ടും നമുക്ക് നേരിട്ട് ചില പണികൾ ചെയ്യണം. ഇറാനികൾ ഉണ്ടാക്കുന്ന ഉടായി മിസൈലുകൾ ഒക്കെ പണിഞ്ഞു നോക്കുന്നത് ഈ ഫലസ്റ്റീനി ചവറുകളാണ്. ഇറാനി മുല്ലാക്കമാരുടെ കറുത്ത ളോഹയുടെ അടിയിലൊക്കെ എന്തോ ഒളിച്ചു കൊണ്ട് നടക്കയാണെന്നാണ് സംസാരം.

ചൈനക്കാരനെയും ഇന്ത്യാക്കാരനെയും ഒക്കെ നമുക്ക് നല്ല കത്തി മൂർപ്പിച്ചു പിടിച്ചു നിർത്തണം എന്നാൽ മാത്രമേ ഇവനെയൊക്കെ വരച്ച വരയിൽ നിർത്താനൊക്കുകയുള്ളൂ. ചൈനക്കാരൻ ബിസിനെസ്സിൽ കുറെ സഹകരിക്കാമെന്നു പറഞ്ഞിരുന്നതാണ് , ഇന്ത്യക്കാരൻ മോഡി , അയാൾ വെറും "മോഡിയാണ് " നമ്മൾ പറയുന്നിടത്ത് കിടക്കാൻ പറഞ്ഞാൽ അവിടെ കിടന്നോളും. വലിയ ബഹളം വച്ചാൽ പാക്കികളെ കൂട്ട് പിടിക്കുമെന്നു ഒരു കൊട്ട് കൊടുത്താൽ മതി. മെക്സിക്കോക്കാരൻ നമ്മൾ പറയുന്നതിൽ മുകളിൽ പോകില്ല , ഉറപ്പാണ്. എൺപതു ശതമാനം ബിസിനസ് നമ്മളാണ് അവർക്കു കൊടുക്കുന്നത്, അത് നിർത്തിയാൽ അവന്മാർ പട്ടണിയാകും. പിന്നെ മതിൽ പണി , അവർ തന്നെ കെട്ടാൻ എല്ലാ പണിയും ഞാൻ ഒപ്പിച്ചിട്ടുണ്ട്. അവരുടെ കുറെ സ്ഥലങ്ങൾ നമ്മുടേതാണെന്നു പറഞ്ഞു അങ്ങ് കയറുക .. കുറെ കയറുമ്പോൾ അവർതന്നെ പറയും കെട്ടിക്കോ കെട്ടിക്കോ ഞങ്ങളും കൂടാമല്ലോ എന്ന്.

ആരാ ഇത് വരുന്നത്, നമ്മുടെ സ്റ്റീവ് ബാന്നോൻ അല്ലെ , സ്റ്റീവ് , ഇരിക്ക് , നിങ്ങൾ ഒരു സംഭവമല്ല , ഒരു മഹാ സംഭവം തന്നെയാണ്. നോക്ക് പെൻസ് , നമ്മുടെ സ്റ്റീവിന് ഈയിടെയായി എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ഒരു പ്രത്യേക വെളിപാട് ഉണ്ടാകാറുണ്ട്. ഒരാഴ്ചകൊണ്ട് നിറച്ചെടുത്ത പടക്കമെല്ലാം പൊട്ടിക്കുന്നത് വെള്ളിയാഴ്ചകളിലാണ്. എന്റെ ട്വിറ്റെർനു ഇനിയും വിശ്രമല്ല. ബോസ്,പത്രക്കാർക്ക് മുഖമടിച്ചു ഒരു കീച്ചു കൊടുത്തിട്ടു ഒരുത്തനും ഇതുവരെ പൊങ്ങിയിട്ടില്ല. ന്യൂ യോർക്ക് ടൈംസ് കാരൻ പത്രക്കട നിർത്തി ഇനി പാത്രക്കട തുടങ്ങാനുള്ള പുറപ്പാടിലാണ്. എന്താണ് സ്റ്റീവ് നിങ്ങളുടെ തൊലിനിറം കുറച്ചു ടാൻ ആയല്ലോ, ഇതിനിടെ എവിടെ ബീച്ചിൽ പോയി ? അത് മെക്സിക്കോ ബോഡറിൽ പോയി കുറച്ചു ടാൻ ആയതാ, മതിൽ പണിക്കു ഉടനെ കാലു നാട്ടണമല്ലോ . അതിനു പറ്റിയ സമയം കുറിക്കാൻ പോയതായിരുന്നു. അവിടെല്ലാം തുരപ്പന്മാരുടെ ശല്യം ഉണ്ടെന്നാണ് ബോർഡർ സെക്യൂരിറ്റി പറയുന്നത് , അതുകൊണ്ടു മതില് കെട്ടുകയാണെങ്കിൽ ചൈന വൻ മതിൽ പോലെ തന്നെയാകണം , അതിനു ട്രംപ് വൻ മതിൽ എന്ന് പേര് കൊടുക്കണം , നമ്മുടെ ബോസ്സിന്റെ പേര് എല്ലാ കാലത്തും ഓർക്കപ്പെടണം.

കൊള്ളാം സ്റ്റീവ് , എനിക്ക് ഇഷ്ട്ടപ്പെട്ടു , ഏതായാലും കുഷ്ണർമോൻ സമാധിയിലായി, ഇനിം പറ ഞാൻ എന്താ ട്വിറ്റെർ ചെയ്യേണ്ടത് ? നമ്മുടെ സെക്രട്ടറിമാരെ അപ്പോയ്ന്റ് ചെയ്യാൻ പറ്റുന്നില്ല, ഡെമോക്രറ്റുകൾ മീറ്റിങ്ങിൽനിന്നു മുങ്ങുകയാണ് . റിപ്പബ്ലിക്കൻ പാർട്ടിക്കാർ തന്നെ നമുക്ക് പ്രതിപക്ഷം ആണെന്ന് തോന്നിയപ്പോഴാണ് പത്രക്കാരാണ് നമ്മുടെ പ്രതിപക്ഷം എന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ടു ആരാണ് പ്രതിപക്ഷം എന്ന് എല്ലാവര്ക്കും ഒരു സംശയം. ഏതായാലും ലോകയുദ്ധം തുടങ്ങി എന്ന് ഒരു തോന്നലാണ് എല്ലാവര്ക്കും , അമേരിക്ക ഗ്രേറ്റ് ആയങ്കിലേ ലോകത്തെ സേഫ് ആക്കാൻ പറ്റുള്ളൂ എന്ന ബോധപൂർവമായ ശ്രമം നല്ലതുപോലെ ഏൽക്കുന്നുട് ബോസ്. ഒന്ന് രണ്ടു ആശയം എനിക്ക് വരുന്നുണ്ട് , അത് ഇച്ചിരി തീവ്രമായ ആശയം ആയതിനാൽ ഒന്ന് മിനിക്കിയിട്ടു ഞാൻ ഉടനെ തിരിച്ചു വരാം .

ആ, സ്റ്റീവ് പോയല്ലോ , നോക്ക് മൈക്ക്, എനിക്ക് ഇവനെ പണ്ടേ അറിയാം, ഒരുമാതിരി സാധനമാണ് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ ഇടപാടുതന്നെ ഇവൻ തീർക്കും. വെറും ലൈൻമാന്റെ സന്തതിയാണ്, സൂക്ഷിക്കണം. ഞാൻ ഇലെക്ഷനിൽ മുന്നോട്ടു വരാൻ താമസിച്ചപ്പോൾ അവൻ പറഞ്ഞുനടന്നതു , ട്രംപ് വെറും ഒഴിഞ്ഞ കുടമാണെന്ന്, അവനെന്തും നിറക്കാൻ പറ്റിയ ഓട്ടപാത്രമാണെന്ന് . കുറേനാൾ കഥയും സിനിമയുമായി നടപ്പായിരുന്നു. അതൊക്കെ അയാളുടെ പ്രത്യേകതരം വലതുപക്ഷ തീവ്രവാദം പ്രചരിപ്പിക്കാനാണ് അയാൾ ശ്രമിച്ചത്. വെള്ളക്കാരൻ ക്രിസ്ത്യാനികളുടെ മാത്രം രാജ്യമാണ് അമേരിക്ക എന്ന് തന്നെയാണ് അയാളുടെ ഉള്ളിൽ ഇരിപ്പു, ഇപ്പോൾ അയാൾ ഇല്ലാതെ നമുക്ക് പിടിച്ചുനിൽക്കാനാവില്ലല്ലോ. എന്നെപ്പോലെതന്നെ മൂന്നു പ്രാവശ്യം കല്യാണം കഴിച്ചു കുളമാക്കിയ കുടുംബ പശ്ചാത്തലം, ഗാർഹിക പീഡനത്തിന് ജയിൽ ശിക്ഷ അനുഭവിച്ച ചൂടനാണ് അയാൾ. മുസ്ലിംകളെ മാത്രമല്ല യഹൂദനെയും അയാൾക്ക് അത്ര പിടിയില്ല, അതല്ലേ നമ്മുടെ കുഷ്ണർമോൻ ശബ്ബത്ത് കൂടിയപ്പോൾ ട്വിറ്റ് ചെയ്തു കൂട്ടുകയാണ്. ശരിക്കും ദേശീയതയും വർഗീയതയും വിഭാഗീകതയും ഇല്ലാതെ നമുക്ക് പിടിച്ചു നിൽക്കാനാവില്ല, അതിനു ഗംഭീര പാർട്ടിയാണ് സ്റ്റീവ്. സാത്താനും അന്ധകാരവുമാണ് നല്ലതെന്നു അയാൾ ഈയ്യിടെ പറയുന്ന കേട്ടു, എന്താണ് ആ പറഞ്ഞതെന്ന് എനിക്കത്ര പിടിയില്ല, പക്ഷെ, അയാൾ പുതിയ അമിട്ടുകൾ കണ്ടുപിടിച്ചുകൊണ്ടു വരാൻ മിടുക്കനാണ്.

ഇപ്പോൾ സിയാറ്റലിലെ ജഡ്ജ് ജെയിംസ് റൊബർട്, എൻ്റെ എക്സിക്യൂട്ടീവ് ഓർഡറിന് എതിരെ ദേശീയ വിധി പ്രസ്താവിച്ചത് അപകടമാണ്, അമേരിക്കക്കാരന്റെ സംരക്ഷണമാണ് എന്റെ പ്രധാന ഉത്തരവാദിത്തംഅല്ലെ ?, അല്ലാതെ നുഴഞ്ഞു കയറി വരുന്നവരെ അഴിച്ചുവിടുന്ന സമീപനമല്ല, അയ്യാളുടെ തലയിൽ എന്ത് മണ്ണാങ്കട്ടയാണെന്നുഎന്ന് എനിക്കറിയില്ല. ഒരു തൊണ്ണൂറ് ദിവസത്തേക്ക് ഒബാമ പോന്നവഴി എറിഞ്ഞു കത്തിച്ച തീരുമാനങ്ങൾ ഒന്ന് ഹോൾഡ് ചെയ്യാനേ ഞാൻ പറഞ്ഞുള്ളൂ . ഈ ലിബറൽസിനു തീരെ രാജ്യസ്നേഹം ഇല്ല.എനിക്ക് ആകെ ചൂട് എടുക്കുന്നു, മെലാനിയയെ ഇങ്ങോട്ടു കൂട്ടികൊണ്ടുവരാൻ പറ, ഞാൻ ഫ്ലോറിഡയിൽ പോയി ഒന്ന് ഗോൾഫ് കളിച്ചിട്ട് വരുമ്പോഴേക്കും നമ്മുടെ സ്റ്റീവ് എന്തെങ്കിലും തീ പിടിപ്പിക്കാതിരിക്കില്ല. മൈക്ക്, നിങ്ങൾ പോയി ഒന്ന് നന്നായി കുളിച്ചിട്ടു കിടന്നുറങ്ങു്, രാവിലെ ആകുംപോളെക്കും ഞാൻ നല്ല ഒരു ട്വിറ്റ് അടിച്ചു ഗംഭീരമാക്കാം , ഗുഡ് നൈറ്റ് !!

******


Thursday, January 26, 2017

മടങ്ങിവരവും ചെന്നുചേരലുകളും –
ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചു പോകണമോ?

കോരസൺ - വാൽക്കണ്ണാടി

മനസ്സിൽ ആർദ്രമായ ഒരായിരം നൊമ്പരം സമ്മാനിച്ച കഥയാണ് "ലയൺ" എന്ന സിനിമാ പറയുന്നത്. കടുത്ത ദാരിദ്ര്യത്തിലും തന്റെ മാതാവും സഹോദരനും കൊടുത്ത സ്നേഹത്തിന്റെ സ്പ്നങ്ങളുമായി വിധി വേര്പിരിക്കുന്ന സ്സറു എന്ന ഇന്ത്യൻ അഞ്ചു വയസ്സുകാരന്റെ കഥ. ലോകത്തിന്റെ മറു പുറത്തു ആസ്ത്രേലിയയിൽ എത്തിച്ചേരുന്നതും, തന്റെ സമ്പന്നമായ, സ്നേഹം നിറഞ്ഞ, സുരക്ഷിത ഇടത്തിലും, തന്നെ കാത്തിരിക്കുന്ന എന്ന് വിശ്വസിക്കുന്ന പ്രീയപ്പെട്ട അമ്മയുടെ സാന്നിധ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചു ഓടിപ്പോകുന്ന സ്സറു എന്ന കഥാപാത്രത്തെ ബാലനായ സണ്ണി പവാർ അനശ്വരമാക്കി. സ്സറുവിന്റെ മുതിർന്ന കാലം അഭിനയിച്ച ദേവ് പട്ടേൽ തീർച്ചയായും ലോക സിനിമ വേദിയിൽ തന്റെ മുദ്ര പതിപ്പിക്ക തന്നെ ചെയ്തു.

നാം അറിയാതെ, ഒരു നിയോഗം പോലെ എത്തപ്പെടുന്ന നമ്മുടെ കുടുംബം, മാതാപിതാക്കൾ, സഹോദരങ്ങൾ, നാട്, രാജ്യം, വിശ്വാസങ്ങൾ, നിറം, ഭാഷ, ആചാരങ്ങൾ, ഇവ ഒക്കെ നമ്മുടെ ജീവിതത്തിൽ പുലിയുടെ പുള്ളിപോലെ പറിച്ചുമാറ്റാനാകാത്ത നമ്മൾ തന്നെയാണെന്ന തിരിച്ചറിവാണ് നമ്മളെ നാം ആക്കുന്നത്. ഇതൊക്കെ നഷ്ടപ്പെടുമ്പോഴും, നമ്മിൽ നിന്നും പിടിച്ചു പറിച്ചെടുക്കപ്പെടുമ്പോഴും ഉള്ള വേദന, ആത്മസംഘർഷം, ഒക്കെയാണ് നാം മനുഷ്യനാണെന്ന ഓർമ്മപ്പെടുത്തൽ ഉണ്ടാക്കുന്നത്. ഓരോ ബന്ധങ്ങളും ദൃഢമാകുന്നത് തമ്മിൽ തമ്മിൽ നാം പിടിച്ചു നൽകിയ കൈകളാണ്, സ്വാന്തനങ്ങളാണ് , കാത്തിരിപ്പുകളാണ്.

വീണ്ടും അവയിലേക്ക് മടങ്ങിപ്പോകാനുള്ള ആത്മാവിന്റെ തുടിപ്പുകളാണ് നമ്മെ ഭൂമിയിൽ പിടിച്ചു നിർത്തുന്നത്. ബന്ധങ്ങൾ പതുക്കെ വേർപെടുത്തി പുതിയ ബന്ധങ്ങൾ നെയ്തെടുക്കാനുള്ള പാഠങ്ങളാണ് പ്രായോഗിക ജീവിതം നമ്മെ പഠിപ്പിക്കുന്നത് എങ്കിലും, പറയപ്പെടാനാവാത്ത ഏതോ ഒരു വിതുമ്പൽ നമ്മുടെ അവസാന ശ്വാസം വരെ നമ്മെ പിൻതുടരുന്നു എന്നതാണ് സത്യം. നിലനില്പിനുള്ള തുടിപ്പുകളാണ് ഓരോ നിമിഷവും പ്രകൃതി നമ്മിൽ ഉത്തേജിപ്പിക്കുന്ന ഊർജം, അങ്ങനെ നാം അറിയാതെ എവിടെയൊക്കയോ ഏത്തപ്പെടുന്നു , നമ്മെ അറിയാതെ പിന്തുടരുന്ന മരിക്കാത്ത ചില ഓർമ്മപ്പെടുത്തലുകൾ, അവയുടെ അവ്യക്തമായ മർമ്മരങ്ങൾ, ചിലമ്പലുകൾ, ഓളങ്ങൾ ഒക്കെ നമ്മോടു അറിയാതെ സംവദിച്ചുകൊണ്ടിരിക്കുന്നു .

എന്തിനു നാട്ടിൽ പോകണം ? അവിടെ എന്നെ പ്രതീക്ഷിച്ചു ആരും ഇരിപ്പില്ല, അമ്മയുള്ളപ്പോൾ എത്ര രാത്രിയിലും ചൂരക്കസേരയിൽ ഉറങ്ങാതെ കണ്ണടച്ചിരിക്കുന്ന ആ ഇരിപ്പു ഇപ്പോൾ വെറും ഓർമ്മയാണ് , ഒരു സഹോദരൻ ഉള്ളത് ഒരു ഔദാര്യം പോലെ ഒന്നു രണ്ടു ദിവസം കഷ്ട്ടിച്ചു ഒപ്പം കാണും, അവർ വലിയ തിരക്കിൽ തന്നെയാണ് എപ്പോഴും, എന്തെകിലും ഒക്കെ പ്രതീക്ഷിച്ചു വല്ലപ്പോഴും കടന്നുവരുന്ന ചില പഴയ സുഹൃത്തുക്കൾ, പിരുവുമായി ചിരി വിടർത്തി കടന്നു വന്നു പാഞ്ഞുപോകുന്ന പാർട്ടിക്കാരും പള്ളിക്കാരും , മക്കളും അവരും അവരുടെ ജീവിതവുമായി കടന്നുപോയി, ഇവിടെ അത്ര പറയാൻ അടുത്ത ബന്ധുക്കൾ ഒന്നും ഇല്ല, രോഗിയായ ഭാര്യയും ഞാനും മാത്രം ഇവിടെ, ആദ്യം കുറെ യാത്രകൾ ഒക്കെ ചെയ്തു, ഇപ്പോൾ അതും മടുത്തു തുടങ്ങിയിരിക്കുന്നു , ഒത്തിരി "ഓർമ്മകളുടെ പൂമരംകൊണ്ടു കപ്പലുണ്ടാക്കിയ ഈ പഴയ വീട്ടിൽ ഞാനും ഞാനുമെന്റ്ആളും വിരസതകൊടുള്ള പങ്കായം പൊക്കി" അങ്ങനെ എത്രയെത്ര തനിയാവർത്തനങ്ങൾ !!. ഇത്രയും നേരത്തെ പെൻഷനാവേണ്ടയിരുന്നു എന്ന് തോന്നുകയാണ് ഇപ്പോൾ. അമേരിക്കയിലെ ആദ്യ കാല കുടിയേറ്റക്കാരനായ ഒരു സുഹൃത്ത് വിലപിക്കയായിരുന്നു. മടുത്തു, ഒരിക്കലും നാട്ടിലേക്കില്ല എന്ന് പറഞ്ഞു പരിഭവിക്കുന്ന ഒരു സുഹ്രുത്, സ്വകാര്യ സഹൃദ സംഭാഷണങ്ങളിൽ പിടിവിട്ടു പോകുന്ന തേങ്ങലുകൾ അങ്ങനെ അറിയാതെ കടന്നു വരാറുണ്ട്.

എന്തിനു എത്രയും വലിച്ചു നീട്ടി ജീവിതം തരുന്നു, ക്രൂരമാണ് ഇത്, അങ്ങ് വിളിച്ചുകൂടേ ? 95 വയസുള്ള ഭർത്താവിനെ നോക്കി ബുദ്ധിമുട്ടുന്ന ഭാര്യ, അവിസ്മരണീയമായ ഒത്തിരി അനുഭവങ്ങളിലൂടെ കടന്നുപോയ പറന്നു നടന്ന കാലം, അതിനു ഇത്തരം ഒരു ശൂന്യമായ വലിച്ചു നീട്ടൽ അനിർവാര്യമായിരുന്നോ ? മുകളിലേക്ക് നോക്കിയാണ് ചോദ്യം? ആരാണ് ഉത്തരം നൽകേണ്ടത്? ഇത്രയൊക്കെ വേണമായിരുന്നോ ? എന്താണ് ആകെയുള്ള നേട്ടത്തിന്റെ ഫലം?

സെബാസ്റ്റ്യൻ ജംഗറിന്റെ "Tribe” ഗോത്രം - മടങ്ങിവരവും ചെന്നുചേരലുകളും "എന്ന പുസ്തകം ജീവിതത്തിന്റെ മറ്റൊരു മുഖം അനാവൃതമാക്കയായിരുന്നു . സുരക്ഷിതവും സമ്പന്നവുമായ മേച്ചിൽപുറങ്ങളിലേക്കാണ് നാം ഓടിപ്പോകാൻ ആഗ്രഹിക്കുന്നത്. എന്നാൽ അതാണോ ജീവിത ലക്ഷ്യം എന്ന് ഓര്മപ്പെടുത്തുകയാണ് സെബാസ്റ്റ്യൻ ജംഗർ . മടങ്ങിവരവും ചെന്നുചേരലുകളും കാത്തിരിക്കുന്നത് എന്താണ് ? എന്തിലേക്കാണ് എന്ന് വിരൽ ചൂണ്ടുകയാണ് അദ്ദേഹം. യുദ്ധം കഴിഞ്ഞു മടങ്ങി വരുന്ന പട്ടാളക്കാരെ കാത്തിരിക്കുന്ന സാഹചര്യങ്ങളും ഇതിൽ ഉൾപ്പെടും. ഒരു ഗോത്ര സ്വഭാവം വന്നു ചേരുന്ന പട്ടാള യൂണിറ്റിനു താഴെ , മതമോ രാഷ്ട്രീയമോ നിറമോ നോക്കാതെ ഒന്നിച്ചു പോരാടിയിരുന്നവർ തിരിച്ചു വന്നപ്പോൾ നേരിടുന്ന വൈതരണി , ഉള്ളവനും ഇല്ലാത്തവനും, അവജ്ഞ, വെറുപ്പ്, സ്വദേശി , വിദേശി , തുടങ്ങിയ വിരൽചൂണ്ടലുകളിൽ ഒറ്റപ്പെട്ടു പോകുന്ന ജനക്കൂട്ടം.

ആധുനിക സംസ്കാരം വച്ചുനീട്ടുന്ന അന്തമില്ലാത്ത ഉപഭോഗ സാമഗ്രികൾ, ഭാവനാതീതമായ വ്യക്തി സ്വാതന്ത്ര്യം ,ഇവക്കിടയിൽ എവിടേയോ നമുക്ക് നഷ്ട്ടപ്പെടുന്ന അമൂല്യമായ സാമൂഹിക അവബോധം, പരസ്പരാശ്രയത്വം ഒക്കെ നാം തിരിച്ചു അറിയാൻ തുടങ്ങുന്നത് ദൗര്ഭാഗ്യങ്ങളും കഷ്ടകാലങ്ങളും നമ്മെ വേട്ടയാടുമ്പോൾ മാത്രമാണ് എന്ന് ജംഗർ പറയുന്നു. പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിൽ കോളനികളും അമേരിക്കൻ ഗോത്രങ്ങളും പൊരിഞ്ഞ യുദ്ധം നടക്കുക ആയിരുന്നു. കോളനിക്കാർ അമേരിക്കൻ-ഇന്ത്യക്കാരെ പിടിച്ചുകൊണ്ടുപോകയും , അവർ തിരിച്ചു കോളനിക്കാരെ പിടിച്ചു കൊണ്ട് പോകയും സാധാരണമായിരുന്നു. എന്നാൽ ഒരു പ്രത്യേകത കാണപ്പെട്ടത് നരവംശ ശാസ്ത്ര ലോകത്തിനു ഇന്നും പഠന വിഷയമാണ് . പിടിച്ചു കൊണ്ടുപോകപ്പെട്ട യൂറോപ്യൻ സംസ്കാരത്തിൽ വളർത്തപ്പെട്ടവർ അമേരിക്കൻ-ഇന്ത്യൻ ഗോത്ര മേഖലയിൽ തന്നെ ആ ജീവിത രീതിയുമായി ചേർന്ന് പോകാൻ മാനസീകമായി തയ്യാറാവുന്നു. കോളനിക്കാർ വന്നു അവരെ മോചിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴും അവർ തിരിച്ചുപോകാതെ ഒളിച്ചിരിക്കാൻ ശ്രമിച്ചു. എന്നാൽ പിടിച്ചു കൊണ്ടുപോകപ്പെട്ട ഒറ്റ അമേരിക്കൻ-ഇന്ത്യനും യൂറോപ്പ്യൻ രീതികൾ അനുകരിക്കാൻ ശ്രമിച്ചില്ല. 1753 ൽ ബെഞ്ചമിൻ ഫ്രാങ്കിളിൻ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

നമുക്ക് ഗ്രാമങ്ങളിൽ പോയി രാപ്പാർക്കാം എന്ന് ശലോമോൻ രാജാവിനു പോലും തോന്നിത്തുടങ്ങിയിരുന്നങ്കിൽ അത്ഭുതപ്പെടാനാവില്ല . നാഗരികത വച്ച് നീട്ടുന്ന കപട സുരക്ഷിതത്വത്തിൽ നിന്നും വേറിട്ടു, തമ്മിൽ തമ്മിൽ അറിയാൻ സാധിക്കുന്ന, അയൽക്കാരന്റെ പേരറിയാവുന്ന, ഒരു സംസ്കാരം, ഒരു കൂട്ടം ഇപ്പോഴും തനിക്കു പിറകിൽ ഉണ്ട് എന്ന ബോധം, ഒരു പ്രത്യേക സംതൃപ്തിയും സമാധാനവുമാണ് തരുന്നത്, ഇതിനു ഉതകുന്ന ഗോത്ര സംസ്കൃതിയെയാണ് നാം പിൻതള്ളി പോകുന്നത് . ആധുനിക പ്രസ്ഥാനങ്ങൾ സേവനം മാത്രമാണ് വച്ചുനീട്ടുന്നത്, "കരുതൽ" എന്ന ശ്രേഷ്ടമായ മാനുഷീകത എവിടേയോ നമുക്കു നഷ്ട്ടപെട്ടു. മതവും ഭരണകൂടങ്ങളും വച്ചുനീട്ടുന്നത് വെറും “സേവനം” മാത്രം, അതിനു അവർ കൃത്യമായ പ്രതിഫലവും ഈടാക്കും. എന്നാൽ "കരുതലുകൾ" സൗജന്യമാണ് , അത് മനസ്സുകൾ തമ്മിൽ അറിയാതെ കൈമാറുന്ന ദൈവീകമായ പ്രതിഫലനമാണ്, അതാണ് ഇന്ന് നമുക്ക് കൈമോശം വന്നത് . അതിലേക്കാണ് നമുക്ക് മടങ്ങി പോകേണ്ടത്, സൗജന്യമായ കരുതൽകൂടാരത്തിലേക്കാണ് നാം ചെന്ന് ചേരേണ്ടത് .

“Human beings need three basic things in order to be content: they need to feel competent at what they do; they need to feel authentic in their lives; and they need to feel connected to others. These values are considered "intrinsic" to human happiness and far outweigh "extrinsic" values such as beauty, money and status.” - Sebastian Junger

*****