https://www.manoramaonline.com/global-malayali/columns/varghese-korason.html

Wednesday, March 30, 2016

അമേരിക്കന് ശകലങ്ങള് : അമേരിക്കന് രാഷ്ട്രീയത്തിലും 'പെരുച്ചാഴികള്'

അമേരിക്കന് ശകലങ്ങള് : അമേരിക്കന് രാഷ്ട്രീയത്തിലും 'പെരുച്ചാഴികള്' (വാല്ക്കണ്ണാടി) കോരസണ് ഈ വര്ഷത്തെ അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പ്രാരംഭമായി നടത്തപ്പെടുന്ന പ്രൈമറികളും കോക്കസുകളും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല - പൊതു തിരഞ്ഞെടുപ്പ് നവംബറിലാണ്, അതിനു മുമ്പായി റിപ്പബ്ലിക്കന് പാര്ട്ടിയും ഡെമോക്രാറ്റിക് പാര്ട്ടിയും സംഘടിപ്പിക്കുന്ന ഘട്ടംഘട്ടമായ ഉള്പാര്ട്ടി തിരഞ്ഞെടുപ്പും, അതില് നിന്നു ഓരോ സ്ഥാനാര്ത്ഥിക്കും ലഭിക്കുന്ന നിശ്ചിത പ്രതിനിധികളുടെ എണ്ണവും ഏറ്റവും ഒടുവില് നടത്തപ്പെടുന്ന പാര്ട്ടി കണ്വെന്ഷനില് നിര്ണ്ണായകമാണ്. പ്രൈമറി-കോക്കസ് തിരഞ്ഞെടുപ്പുകള്ക്കു ഇടക്കു നടത്തപ്പെടുന്ന പൊതുചര്ച്ചകളിലൂടെയാണ് സ്ഥാനാര്ത്ഥികളുടെ നിലപാടുകളും, കഴിവും ശ്രദ്ധിക്കപ്പെടുന്നത്. അത്യധികം ശ്രമകരവും പണച്ചിലവുള്ള ഈ തിരഞ്ഞെടുപ്പു പ്രക്രിയ തന്നെ ജനാധിപത്യവിരുദ്ധമാണെന്ന അഭിപ്രായവും കേള്ക്കുന്നുണ്ട്. ഓരോ പാര്ട്ടിയും ഓരോ സ്റ്റേറ്റിന്റെ പ്രതിനിധികളുടെ എണ്ണവും തീരുമാനിക്കും. ഇതിന്റെ കൂടെ നിലവിലുളളവരും മുന് തിരഞ്ഞെടുക്കപ്പെട്ടവരും ഒദ്യോഗിക ഭാരവാഹികള് എന്നിവരും പ്രതിനിധി മണ്ഡലത്തിന്റെ ഭാഗമാണ്. കോക്കസുകള് വെറും സ്വകാര്യ പാര്ട്ടി സമ്മേളനങ്ങളാണ്. ഓരോ സംസ്ഥാന പാര്ട്ടികള്ക്കും അവരുടെതായ കീഴ് വഴക്കങ്ങളും നിയമങ്ങളും ഉണ്ട്. ചെറിയ സംസ്ഥാനങ്ങളിലാണ് ആദ്യം മത്സരം നടക്കുന്നത്. മാര്ച്ച് 1-ാം തിയതി നടത്തപ്പെട്ട സൂപ്പര് ട്യൂസ്ഡേ ഒറ്റ ദിവസം കൊണ്ട് കുറെ ഏറെ പ്രതിനിധികളെ സ്വരൂപിക്കാനായി. ഏതാണ്ട് പാര്ട്ടി നോമിനേഷന്റെ ചിത്രം കുറച്ചു കൂടി വ്യക്തമാകാനും ആയി ഈ സൂപ്പര് ട്യൂസ്ഡേ പരിപാടി. വിരല്ത്തുമ്പിലെ മാദ്ധ്യമപ്രവര്ത്തനകാലത്ത് ഓരോ ചെറിയ തിരഞ്ഞെടുപ്പും രാജ്യം ഒന്നാകെ വീക്ഷിച്ചുകൊണ്ടിരിക്കയായിരിക്കും. ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയയും അമേരിക്കന് തിരഞ്ഞെടുപ്പു പ്രക്രിയയും വളരെ വ്യത്യസ്തമാണ്. പോയി വോട്ടു ചെയ്യുന്നതല്ലാതെ അമേരിക്കന് ജനാധിപത്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങളും രൂപകല്പനയും മനസ്സിലാക്കുക ഏളുപ്പമല്ല. വളരെ ആയാസകരമായ പ്രക്രിയയാണു തിരഞ്ഞെടുപ്പുകള് എന്നതിനാല് ഈര്ക്കലി പാര്ട്ടികള്ക്കു ഇവിടെ യാതൊരു സാധ്യതയുമില്ല. എന്നാല്, മൂന്നാമതൊരു ദേശീയ പാര്ട്ടി സംഘടിപ്പിക്കുവാന് ശ്രമങ്ങള് ഉണ്ടായിട്ടുമുണ്ട്. പ്രതിനിധികളുടെ വലിപ്പംകൊണ്ട് സ്ഥാനാര്ത്ഥിയാവാന് സാധിക്കുമെന്നും കരുതണ്ട. ദേശീയ പാര്ട്ടി സമ്മേളനത്തിന് പുതിയ ഒരു ആളെ തിരഞ്ഞെടുക്കാനും വകുപ്പുണ്ട്. അതാണ് ഇപ്പോള് കൂടുതല് ചര്ച്ചാ വിഷയമായിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥിത്വത്തിനു വേണ്ടി മത്സരിക്കുന്ന ബേര്ണി സാന്ഡേഴ്സ്, അമേരിക്കയില് വിപ്ലവം അനിര്വാര്യമായിരിക്കുന്നു എന്നു വെട്ടിത്തുറന്നു പറയുന്നുണ്ട്. വിപ്ലവം എന്നു കേട്ടാല് അമേരിക്കക്കാരുടെ കണ്ണു ചുമക്കുകയും തലമുടി വടിയായി ഉയര്ന്നു നില്ക്കയും ചെയ്യുമായിരുന്നു. എന്നിരുന്നാലും വിപ്ലവഭാഷ്യം ദിവസവും കേള്ക്കുന്നുണ്ട്. എന്നാല് യഥാര്ത്ഥ വിപ്ലവം നടക്കുന്നത് ഏറ്റവും യാഥാസ്ഥിതിക പരിവേഷമുള്ള റിപ്പബ്ലിക്കന് പാര്ട്ടിയിലാണ്. യാതൊരു രാഷ്ട്രീയപാരമ്പര്യവും പരിചയവും അവകാശപ്പെടാനാവാത്ത തികഞ്ഞ ബിസിനസ്സുകാരനായ ഡൊണാള്ഡ് ട്രമ്പ്, മുന്നിരയില് കുതിക്കുകയാണ്. റിപ്പബ്ലിക്കന് പാര്ട്ടിയുടെ അടിസ്ഥാനസംവിധാനങ്ങളെ ആകെ വിറപ്പിച്ചുകൊണ്ടാണ് ട്രമ്പ് അശ്വമേധം നടത്തപ്പെടുന്നത്. എങ്ങനെ തടയണമെന്നു പാര്ട്ടിക്കും പിടിയില്ല. റിപ്പബ്ലിക്കന് പാര്ട്ടിയുടെ നിലപാടുകളെ ചോദ്യം ചെയ്തും റിപ്പബ്ലിക്കന് പ്രസിഡന്റായിരുന്ന ജോര്ജ് ബുഷ് കള്ളം പറഞ്ഞ് രാജ്യത്തെ യുദ്ധത്തിലിറക്കിയെന്നും, സദ്ദാം ഹുസൈന് അവിടെയുണ്ടായിരുന്നെങ്കില് അമേരിക്കക്ക് ഇത്രയും പേടിക്കേണ്ടി വരില്ലയെന്നും തുടങ്ങി സ്വന്തം പാര്ട്ടിയെത്തന്നെ അടിമുടി വെടിവെച്ചുകൊണ്ടാണ് ട്രമ്പ് രംഗത്ത് പൊടിപൊടിക്കുന്നത്. ഇതിനിടെ എന്തൊക്കെ വിഢിത്തമാണ് ഇദ്ദേഹം പുലമ്പിയത്, അമേരിക്കക്കു തന്നെ നാണക്കേടാണ് ഇത്തരം ഒരു സ്ഥാനാര്ത്ഥി എന്നു തന്നെയാണ് റിപ്പബ്ലിക്കന് പാര്ട്ടി നേതാക്കള് പരസ്യമായി പറയുന്നത്. മെക്സിക്കന് അതിര്ത്തിയില് മെക്സിക്കക്കാരെക്കൊണ്ടു മതിലു കെട്ടിക്കുക, നിയമപരമല്ലാതെ രാജ്യത്തെ തുടരുന്നതുവരെ കയറ്റി അയക്കുക, ചൈനയും ഇന്ത്യയും അമേരിക്കക്കാരുടെ ജോലി അടിച്ചു മാറ്റുന്നു, ഒറ്റ മുസ്ലീമിനെയും രാജ്യത്ത് പ്രവേശിപ്പിക്കരുത് തുടങ്ങി പടക്ക കമ്പനിക്കു തന്നെ ട്രമ്പ് തീകൊളുത്തി. നാക്കിനു എല്ലില്ലാത്ത പ്രയോഗങ്ങളും പുളിപ്പില്ലാത്ത സംസാരവും ഒരു പക്ഷേ, നിരാശരും അരക്ഷിതാവസ്ഥയിലുമായിരുന്ന വെള്ളക്കാരില് ട്രമ്പ് ഒരു രക്ഷക പരിവേഷം ജനിപ്പിച്ചു. മലയാളത്തിലെ പെരുച്ചാഴി സിനിമ ഇവിടെ തനിയാവര്ത്തനം ചെയ്യപ്പെടുകയാണ്. ജാതിയും മതവും വര്ഗ്ഗവും വര്ണ്ണവും മറയില്ലാതെ പുറത്തുവരുന്നുണ്ട്. വിദ്യാഭ്യാസമില്ലാത്തവരേ, ഞാന് നിങ്ങളെ സ്നേഹിക്കുന്നു ഇതു ട്രമ്പ് പറഞ്ഞപ്പോള് പിന്നോക്കം നിന്ന, അനുഭാവികളായി മാറി. കഴിഞ്ഞ ചില സമ്മേളനങ്ങളില് കയ്യാങ്കളിയിലാണ് അവസാനിച്ചത്. സമ്മേളനം കലക്കാന് വന്നവരെ ശരിക്കു കൈകാര്യം ചെയ്തുകൊള്ളൂ. 'എന്തു ചിലവു വന്നാലും ഞാന് വഹിച്ചുകൊള്ളാം' ട്രമ്പ് സമ്മേളനത്തില് വിളിച്ചു പറയുന്നത് ടെലിവിഷനില് മുറക്കു കേള്ക്കുമ്പോള്, പെരുച്ചാഴികള് അമേരിക്കയില് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു എന്നു തീര്ച്ചയായി.

Monday, March 14, 2016

കൈമോശം വന്ന കണ്ണികള്

കൈമോശം വന്ന കണ്ണികള് (വാല്ക്കണ്ണാടി) കോരസണ് 'കണക്കുപരീക്ഷയ്ക്കു എത്രയായിരുന്നു മാര്ക്ക് കിട്ടിയത്? ഓ, അപ്പോള് കഴിഞ്ഞ പരീക്ഷയെക്കാള് കുറവാണല്ലോ, ശ്രദ്ധിക്കണം. ശനിയാഴ്ച വീട്ടിലേക്കു വരൂ, പക്ഷേ, ചില ചോദ്യപ്പേപ്പറുകള് വെച്ചിട്ടുണ്ട്, ഒന്നു ചെയ്തു നോക്കൂ, ട്യൂഷന് വേണമെങ്കില് അതിനു പോകണം, സമയം കളയരുത്. സോഷ്യല് സ്ററഡീസിന് എത്ര കിട്ടി?' എഴുപതുകളിലെ എന്റെ മിഡില് സ്കൂള് അനുഭവമാണ്. സ്കൂളില് നിന്നും തിടുക്കത്തില് വീട്ടിലേക്കു കുതിച്ച എന്നെ നേരിട്ടത് സഹപാഠി ശശികുമാറിന്റെ അച്ഛന് സദാശിവന് പിള്ള സാറിനെയായിരുന്നു. ശശികുമാറിനെയും സഹോദരന് ശരത്ചന്ദ്രനെയും കൂട്ടിക്കൊണ്ടുപോകാന് എത്തിയതാണ് സദാശിവന് പിള്ള സാര്. ഒരു കൊടുമുടി കീഴടക്കിയ മുഖഭാവത്തോടെ കടന്നുവന്ന ശശികുമാറിനോട് അച്ഛന് ഒന്നും തിരക്കിയില്ല. വരുന്നോ കാറില് വീട്ടില് കൊണ്ടുവിടാം എന്നു പറയുന്നതിനു മുമ്പേ ശശികുമാറിനൊപ്പം കാറില് കയറിയിരുന്നു. ശനിയാഴ്ച അതിരാവിലെ അറക്കല് സദാശിവന് പിള്ള സാറിന്റെ വീട്ടിലെത്തി. നെഞ്ചോട് ചേര്ത്ത് മുണ്ട് ഉടുത്ത്, കൈ പിറകില് കെട്ടി മട്ടുപ്പാവില് സദാശിവന്പിള്ള സാര് ഉലാത്തുകയാണ്. ഒപ്പം എം.എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം ചെറുതായി കേള്ക്കാം. അന്നു ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഉയരമുള്ള മട്ടുപ്പാവുകള് ഉള്ള ഫോണ് കണക്ഷനുള്ള യൂറോപ്യന് ക്ലോസെറ്റുള്ള ഏകവീടായിരുന്നു അത്. ശശി ഉണര്ന്നിരിക്കുന്നു. സാര് തന്റെ വാച്ചില് നോക്കി. ഞങ്ങള് ഇരുവര്ക്കും ചോദ്യപ്പേപ്പറുകള് തന്നു, വീട്ടിലെ പരീക്ഷ ആരംഭിച്ചു; സാര് തന്റെ ഉലാത്തലിലേക്ക് തിരിച്ചുപോയി. പഠനസമയം കഴിഞ്ഞ് ക്രിക്കറ്റുകളിയും അതിന്റെ നിമയങ്ങളെക്കുറിച്ചും പറഞ്ഞുതന്നു. അതുവരെ ക്രിക്കറ്റുകളി എന്താണെന്നറിയാത്ത ഞങ്ങള്ക്ക് വീട്ടിലെ പരിചാരകരെ ഒക്കെ കളിക്കാരായി ഇറക്കി നിര്ത്തി കളിയുടെ വിശദീകരണം നടത്തി. ആ ക്രിക്കറ്റുകളി സ്കൂള് പരിസരത്തും കോളജു മൈതാനത്തും പറമ്പിലുമായി പില്ക്കാലം പൊടിപൊടിച്ചു. അറക്കലെ വീടിന്റെ ഔട്ട്ഹൗസിനു അടുത്തുള്ള ഒരു ചെറുമുറിയില് മലയാള മനോരമയുടെ ബാലജനസഖ്യം ആരംഭിച്ചു. സദാശിവന്പിള്ള സാര് വേണ്ട നിര്ദ്ദേശങ്ങള് തന്നുകൊണ്ടിരുന്നു. ആധാരമെഴുത്തു നടത്തിയിരുന്ന രാജശേഖരന് പിള്ളയെ ഞങ്ങളുടെ സഹകാരിയായി നിയമിച്ചു. ആദ്യമീറ്റിംഗില് ഒരു പാട്ടുപാടണമെന്ന് സഹകാരി നിര്ബ്ബന്ധിച്ചു. അങ്ങനെ നാലുവരി പാട്ടുപാടി, കൂട്ടുകാര് കൈ അടിച്ചു. വെളിയില് ഇറങ്ങിയപ്പോള് ശശികുമാറിന്റെ പൊടി അമ്മാവന് തോളില് തട്ടി അഭിനന്ദിച്ചു, ആദ്യത്തെ പൊതു പ്രകടനത്തിനുള്ള അംഗീകാരം ! മീറ്റിംഗുകളില് സഹകാരി കൊണ്ടുവന്നിരുന്ന മനോരമ മാതൃഭൂമി പത്രങ്ങളുടെ എഡിറ്റോറിയല് ആരെങ്കിലും വായിക്കും സഹകാരി അതു വിശദമാക്കും. കളിമാത്രം തലയില് നില്ക്കുന്ന ഞങ്ങളുടെ കുഞ്ഞുമനസ്സില് സമൂഹത്തെപ്പറ്റി സാരമായ ചില വിഷയങ്ങള് അറിയാതെ കടന്നു വന്നു. സഹകാരിയുടെ നേതൃത്വത്തില് വീടുകള് കയറി ഒരു പണപ്പിരുവ്, അദ്ദേഹത്തിന്റെ ആധാരമെഴുത്താഫീസിന്റെ മുറ്റത്ത് വെച്ച് അജന്താ ബാലജനസഖ്യത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഞങ്ങളുടെ സോഷ്യല് സ്ററഡീസ് അദ്ധ്യാപകനായിരുന്ന പരമേശ്വരന് പിള്ള സാര് നിര്വ്വഹിച്ചു. അതിനുശേഷം ഭജന നടത്തി, പരിചയിട്ട ഒരു കൂട്ടം കലാകാരന്മാര് ഗാനമേള അവതരിപ്പിച്ചു. ആദ്യ പൊതുപരിപാടി ഗംഭീരം! തൊട്ടടുത്ത വീട്ടിലെ പ്രൊഫ.എം.വി. പണിക്കര് സാറിനെ ഒരു വലിയ കൂട്ടം പുസ്തകങ്ങളുടെ നടുവില് വായിച്ചുകൊണ്ടു ചാരുകസേരയില് കിടക്കുന്നതായാണ് പലപ്പോഴും കണ്ടിട്ടുള്ളത്. വലിയ മതിലും ഗേറ്റും ഉണ്ടെങ്കിലും അനങ്ങാതെ സാറിന്റെ വായനാസ്ഥാലത്തേക്ക് ഞാനും എന്റെ അനുജത്തിയും ഇടക്കു കയറിച്ചെല്ലാറുണ്ടായിരുന്നു. സാറിനു നല്ല ഒരു പുസ്തകശേഖരം ഉണ്ടായിരുന്നു. ഒപ്പം കുറെയധികം കോമിക്ക് ബുക്കുകളും വിദേശത്തു നിന്നും എത്തുന്ന ചെറുകഥകളും ഇവയിലെ നിറമാര്ന്ന ചിത്രങ്ങളും വല്ലാതെ ആകര്ഷിച്ചിരുന്നു. ഇവയൊക്കെ വീട്ടില് കൊണ്ടു വായിക്കാന് തരും. പക്ഷേ, ഒരു കണ്ടീഷന്, ഇന്ത്യന് എക്സ്പ്രസിനെയും മനോരമ പത്രത്തിന്റെയും എഡിറ്റോറിയല് ദിവസം പ്രതി ഒരു നോട്ടുബുക്കില് ചുരുക്കിയെഴുതി സാറിനെ കൊണ്ടുകാണിക്കണം. ചിത്രകഥകള് വായിക്കേണ്ട താല്പര്യത്തില് ഞങ്ങള് യാതൊരു ഉപേക്ഷയും, കൂടാതെ ഇവ നിര്വ്വഹിച്ചിരുന്നു. പിന്നീട് പണിക്കര് സാര്, കൈയ്യെഴുത്തു മാസിക ഇറക്കുന്നതിനെക്കുറിച്ചു പറഞ്ഞു തന്നു. അതു പരീക്ഷിച്ചു. അറക്കല് സദാശിവന് പിള്ള സാര് മുന് എംഎല്എയും നായര് സര്വ്വീസ് സൊസൈറ്റിയുടെ സമുന്നതനേതാവും ആയിരുന്നു. ശ്രീ.മന്നത്ത് പത്മനാഭന്റെ ഉപദേഷ്ടാവും പൊതുകാര്യ പ്രസക്തനുമായിരുന്നു, അദ്ദേഹം. പ്രൊഫ. എം.പി.പണിക്കര് സാര് ആകട്ടെ എന്എസ് എസ് കോളേജ് പ്രിന്സിപ്പളും, ഭാഷാപോഷിണി തുടങ്ങി നിരവധി സാഹിത്യമാസികകളിലെ നിറഞ്ഞ സാന്നിദ്ധ്യവും. പക്ഷേ, ഇതൊന്നും ഇവരെ ഭ്രമിപ്പിച്ചിരുന്നില്ല. അറിവും അനുഭവങ്ങളും സ്വന്തം മക്കള്ക്കൊപ്പം അവരുടെ കൂട്ടുകാര്ക്കുമായി വീതിച്ചു കൊടുക്കാനുള്ള വിശാലത അവര്ക്കുണ്ടായിരുന്നു. അതാണ് ഇത്തരം ജനുസ്സുകളെ നസ്തുലരാക്കുന്നത്. ഏവര്ക്കും നന്മ ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്ന തങ്ങളുടെ ഇടങ്ങള്ക്കു ചുറ്റും പ്രകാശം പരത്തിയിരുന്ന ഇത്തരം പ്രതിഭകള് ഇന്ന് അന്യംനിന്നു പോകയാണ്. കാലത്തിന്റെ കുത്തൊഴുക്കില് ഈ പ്രതിഭകള് വലയം പ്രാപിച്ചു. ഇവരുടെ നിഴലും നിലാവും തുടിച്ചു നിന്ന വീടുകളില് പുതിയ ആളുകള് വന്നു താമസിക്കുന്നു. പിന്തലമുറ ഒക്കെ മറ്റു രാജ്യങ്ങളിലേക്കും പട്ടണങ്ങളിലേക്കും മാറിപ്പോയി. ഈ വീടുകളെക്കാള് വലിയ മാളികള് പുതിയ താമസക്കാര് പണിതു താമസം തുടങ്ങി. അവധിക്കുചെല്ലുമ്പോള് ഏറെ അപരിചിതത്വം തോന്നുന്ന പുതിയ ടാറിട്ട ഇടവഴികളും മുന്പരിചയമില്ലാത്ത മുഖങ്ങളും, എന്നിരുന്നാലും അറക്കലെ വീടിനുമുമ്പിലും പണിക്കരുസാറിന്റെ വീടിനു മുമ്പിലും കൂടി ഒന്നു നടന്ന പോകാറുണ്ട്. അറിയാതെ തിരിഞ്ഞു നോക്കുമ്പോള് നെഞ്ചോടു ചേര്ത്തു മുണ്ടുമുടുത്ത് പരീക്ഷയുടെ മാര്ക്ക് ചോദിക്കുന്ന സദാശിവന്പിള്ള സാറും, നിറഞ്ഞ പുഞ്ചിരിയോടെ സിഗരറ്റിന്റെ സുഗന്ധത്തില് കോമിക്കുബുക്കുകള് വെച്ചു നീട്ടുന്ന പണിക്കര് സാറും അവിടെ ഉണ്ടാകുമോ? പുതിയ പരീക്ഷകളും സാഹചര്യങ്ങളുമായി മല്ലിടുമ്പോള്, പുതിയ തലമുറയിലെ സ്വന്തം കുട്ടികളുടെ സുഹൃത്തുക്കളെ കാണുമ്പോള് എവിടെയോ കൈമോശം വന്ന കണ്ണികള്ക്കായി അറിയാതെ പരതിപ്പോകുന്നു.