https://www.manoramaonline.com/global-malayali/columns/varghese-korason.html

Monday, February 29, 2016

മതിലുകള് പണിയുന്നവരും, പൊളിക്കുന്നവരും

മതിലുകള് പണിയുന്നവരും, പൊളിക്കുന്നവരും (വാല്ക്കണ്ണാടി) കോരസണ് ന്യൂയോര്ക്കിന്റെ പ്രാന്തപ്രദേശത്ത് വീടുകള് തമ്മില് മതിലുകളില്ലാതെ, പച്ചപ്പു നിറഞ്ഞ പരവതാനി വിരിച്ച ചേതോഹരമായ ഒരു കാഴ്ച കാണാനാവുമായിരുന്നു. അതിര്വരമ്പുകള് ഒന്നും പ്രകടമായിരക്കാണാതെ ചേര്ന്നു കിടന്ന ഭൂവിതാനത്തില് അവിടവിടെയായി നിലയുറപ്പിച്ച വീടുകളും, പാകത്തിനു നട്ടുവളര്ത്തിയ ഭംഗിയുള്ള മരങ്ങളും ചെറിയ പൂന്തോട്ടങ്ങളും ഒക്കെ ആ ഭൂപ്രദേശത്തിന്റെ മൊത്തമായ ഭംഗിയില് ലയിച്ചിരുന്നു. നല്ല കാലാവസ്ഥയില് കുട്ടികള് അതിരു ശ്രദ്ധിക്കാതെ ഓടിക്കളിക്കുന്നതും ഒരു കോണില് നിന്നും കാണാവുന്ന അനേകം വീടുകള് നിരനിരയായി നിലയുറപ്പിച്ചിരുന്ന കാഴ്ച ആകര്ഷകമായിരുന്നു. എപ്പോഴാണെന്നറിയില്ല പിവിസി കൊണ്ടുള്ള പ്ലാസ്റ്റിക് വേലികള് വീടുകള്ക്കു പിറകില് പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങനെ വലുതും ചെറുതുമായ പ്ലാസ്റ്റിക് വേലികള്ക്കൊപ്പം ഇടതൂര്ന്ന കുറ്റിമരങ്ങളും അതിര് വരമ്പുകളില് പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആരും ശ്രദ്ധിക്കാതെ തന്നെ, ഈ ഭൂപ്രദേശത്തിന്റെ പൊതുഭംഗി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ആളുകള്ക്ക് ഭംഗിയെക്കാള് ഉപരി, സ്വകാര്യതയും സുരക്ഷിതത്വവുമായി മുഖ്യഘടകം. ആകാശത്തിനു മാത്രം വേലികെട്ടാന് സാധിക്കാത്തതിനാല് എല്ലാവരും അവരവരുടെതായ തടവറ സൃഷ്ടിച്ചു തുടങ്ങിയിരുന്നു. 1987 ജൂണ് 12-ാം തിയതി, ജര്മനിയിലെ ബ്രാഡല്ബര്ഗ് ഗേറ്റിനു മുമ്പില് അമേരിക്കന് പ്രസിഡന്റ് റൊണാള്ഡ്, റീഗന്, സോവിയറ്റ് സെക്രട്ടറിയായിരുന്ന മിഖായേല് ഗോര്ബച്ചേവിനോടായി വിളിച്ചു പറഞ്ഞു. പൊളിച്ചടുക്കുക ഈ മതിലുകള്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കിഴക്കന് ജര്മ്മനിയും തെക്കന് ജര്മനിയും വിഭജിച്ച് 1961 -ല് പണിത രക്തക്കറ പിടിച്ച ബര്ലിന് മതിലിനെപ്പറ്റിയാണ് റീഗന് പരാമര്ശിച്ചത്. ഈ മതിലുകള്ക്ക് നിലനില്ക്കാനാവില്ല. കാരണം, ഈ മതിലുകള്ക്ക് വിശ്വാസങ്ങളെയോ , നേരിനെയോ, സ്വാതന്ത്ര്യത്തിനെയോ ചെറുക്കാനാവില്ല. തുറന്ന സമീപനങ്ങളും, സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഒന്നായേ വളരുകയുള്ളൂ, അതുകൊണ്ട് പൊളിച്ചുകളയുക, ഈ വേലിക്കെട്ടുകള്!' റീഗന് പറഞ്ഞു. മാധ്യമങ്ങള് അത്ര ഗൗരവമായി ഈ വിടുവായന് പ്രസ്ഥാവന കണ്ടില്ല. ടൈം മാസികപോലും 20 വര്ഷത്തിനു ശേഷമാണ് അസംബന്ധം എന്നു കരുതിയ ഈ പ്രസംഗം ലോകത്തിന്റെ നാലു ചുവരുകളെയും പിടിച്ചു കുലുക്കി എന്നു സമ്മതിച്ചത്. സോവിയറ്റ് സാമ്രാജ്യം ചിന്നഭിന്നമായി, യൂറോപ്പിന്റെയും ഏഷ്യയുടെയും അതിരുകള് മാറ്റി വരക്കപ്പെട്ടു. ഒരു പ്രത്യയശാസ്ത്രത്തിന്റെ പതനവും ഏക ധ്രുവലോകനേതൃത്വത്തിന്റെ അരുണോദയവും ലോകം നോക്കി തനതായ ചെറുകമ്പോളങ്ങള് ഒലിച്ചുപോയി. ശീതയുദ്ധ ആവശ്യത്തിനായി കണ്ടുപിടിക്കപ്പെട്ട ഇന്റര്നെറ്റ്, ഗ്ലോബല് പൊസിഷനിംഗ് സിസ്റ്റം വിപ്ലവകരമായ മാറ്റങ്ങളാണ് സമ്മാനിച്ചത്. ഈ തുറന്ന പരവതാനി മനോഹരമായി വിരിക്കപ്പെട്ടു. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം ഇല്ലാതെയായി, ദിശകള്ക്ക് പോലും പ്രസക്തി നഷ്ടപ്പെട്ടു. പെട്രോ ഡോളറും, ലോകബാങ്ക് വായ്പകളും ലോകത്താകമാനം പുത്തന്പ്രതീക്ഷകളും ഉണര്വും അലയടിപ്പിച്ചു. അറിഞ്ഞില്ല, ഈ കുഞ്ഞൊഴുക്കില് ഒലിച്ചുപോയ സമ്പത്തിന്റെ ഗതിവിധികള്. നാളിതുവരെ സ്വന്തമെന്നു കരുതിയിരുന്നതൊക്കെ ഉദാരവല്ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലില് കൈവിട്ടു പോയി. പല സമൂഹങ്ങളും, മുഖമില്ലാത്ത ഭീമന് വായ്പാ സാമ്രാജ്യങ്ങളുടെ വാലാട്ടിപ്പട്ടികളായി മാറി. തനതായി നിലനിന്നിരുന്ന വിശ്വാസങ്ങളും സംസ്കാരങ്ങള് പോലും, ഒലിച്ചില്ലാതെയാവുന്നത് പെട്രോള് സമ്പത്തിന്റെ ഗതികേടും ഓടിച്ചു ഓടിച്ചു മതിലുവരെയെത്തിയാല് പിന്നെ സര്വ്വനാശത്തിനായി തിരിച്ചു കടിക്കുക! വിരല് ചൂണ്ടുന്നവരെ 'ഭീകരരായി' മുദ്രകുത്തി, മനുഷ്യബോംബും, ഡ്രോണുകളും മാറിമാറിയിറക്കിക്കളിക്കുന്ന ഈ ലോകമഹായുദ്ധത്തിന്റെ ചരുരംഗക്കളി എന്ന് അവസാനിക്കുമോ? ലോകത്തിലെ ഒരു ശതമാനം പേരുടെ സമ്പത്ത് 99 ശതമാനം പേരുടെതിനേക്കാള് അധികമാണ്. 3.6 ബില്യണ് ജനങ്ങളുടെ മൊത്തം സമ്പത്ത് കഴിഞ്ഞ 5 വര്ഷം കൊണ്ട് ഒരു ട്രില്ല്യണ് ഡോളര് കുറഞ്ഞപ്പോള്, ധനികരുടെ മൊത്തം സമ്പത്ത് അര ട്രില്ല്യണ് ഡോളര് കൂടുകയാണുണ്ടായത്. ഇത്തരം സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യം അമേരിക്കയുമാണ്. റിപ്പബ്ലിക്കന് പാര്ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്ത്ഥിയാകാന് മത്സരിക്കുന്ന ഡൊണാള്ഡ് ട്രംപ്, മെക്സിക്കോ അതിര്ത്തിയില് കൂറ്റന് മതില് പണിയിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള് പലരും പരിഹസിച്ചു. പിന്നെ എന്തുകൊണ്ട് ക്യാനഡായുടെ അതിരില്ല. വന്മതില് സൃഷ്ടിച്ചുകൂടേ എന്ന ചോദ്യവും ഉയര്ന്നു. ഇപ്പോള് സ്വാതന്ത്ര്യത്തിനും സുരക്ഷിതത്തിനും പുരോഗതിക്കും മതിലുകള് അത്യന്താപേക്ഷിതമായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഒഴുകേണ്ടവ ഒക്കെ കൃത്യമായി ഒഴുകിയെത്തിയെങ്കില് പിന്നെ സുരക്ഷിതവേലികള് ആണ് ഉണ്ടാവേണ്ടത്. ഉച്ച സവാരിക്ക് മാന്ഹാട്ടനിലെ വാള്സ്ട്രീറ്റ് ഏരിയായിലുള്ള വഴികളിലൂടെ നടക്കുമ്പോള് നിറഞ്ഞ പോലീസ് സംവിധാനങ്ങള് സുരക്ഷിതത്തിന്റെ ചില ആശ്വാസങ്ങള് തരുമെങ്കിലും പണിതുയരുന്ന വേള്ഡ് ട്രേഡ് സെന്ററിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള് എവിടെയെങ്കിലും അത്യാവശ്യത്തിന് ഓടിഒളിക്കാനുള്ള ഇടങ്ങളുണ്ടോ എന്നു കണ്ണു അറിയാതെ പരതിപ്പോകുന്നു

Tuesday, February 23, 2016

വംശശുദ്ധി സൂക്ഷിച്ച പാര്സിസമൂഹം നിശ്ശബ്ദഗോപുരത്തില്

“വംശശുദ്ധി സൂക്ഷിച്ച പാര്സിസമൂഹം നിശ്ശബ്ദഗോപുരത്തില് - കോരസണ് വംശഭീഷണി നേരിടുന്ന ഇന്ത്യയിലെ വളരെക്കുറച്ചുമാത്രം അംഗസംഖ്യയുള്ള പാര്സി സമൂഹത്തെ നിലനിര്ത്തുവാനായി ഇന്ത്യന് സര്ക്കാര് ഏതാണ്ട് 17 മില്ല്യന് രൂപ ചിലവാക്കാന് ഉദ്ദേശിക്കുന്നു. മക്കളില്ലാത്ത ദമ്പതികളെ ബീജസംയോജന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി, മനുഷ്യോല്പാദന വിദഗ്ദരായ ഡോക്ടര്മാരുടെ സേവനം ലഭ്യമാക്കുകയും കൂടുതല് ചെറുപ്പക്കാരെ വിവാഹം ചെയ്യാന് പ്രേരിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വര്ണ്ണശബളമായ ഒരു ചരിത്രം ഇന്ത്യയില് നിര്മ്മിച്ച ഈ സമൂഹം 7-ാം നൂറ്റാണ്ടില് പേര്ഷ്യയില് നിന്നും മൂസ്ലീങ്ങളുമായുള്ള മതസംഘട്ടനം ഭയന്നു ഇന്ത്യയിലേക്കു പാലായനം ചെയ്ത സൊറാസ്ട്രന് മതവിശ്വാസികളാണ്. ആകെ ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള ഇവര് ഇന്ത്യയില് ബോംബെ കേന്ദ്രമായാണ് നിലനില്ക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക മേഖലയില് വമ്പിച്ച സ്വാധീനം നിലനിര്ത്തുന്ന ഇവര്, 18-ാം നൂറ്റാണ്ടില് ബോംബെ കപ്പല് നിര്മ്മാണ വ്യവസായം ആരംഭിക്കാന് പരിശ്രമിച്ചു. ഇന്ത്യയിലെ വന് വ്യവസായികളായ ടാറ്റ കുടുംബം തന്നെ ഉദാഹരണം. ജാഗ്വാര്, ലാന്റ് റോവര് തുടങ്ങിയ പ്രസിദ്ധമായ കാറുകള്, കോറസ് സ്റ്റീല് എന്നു തുടങ്ങി വ്യവസായത്തിലും, വ്യോമയാനത്തിലും, ആതുരസേവനത്തിലും, ഗവേഷണകേന്ദ്രങ്ങളിലും ഇന്നും ഇവരുടെ മുദ്ര ഗാണ്ഡമായി പതിഞ്ഞു നില്ക്കുന്നു. പാക്കിസ്ഥാന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ പകുതിയോളം വരും ടാറ്റാഗ്രൂപ്പിന്റെ വിറ്റുവരവ്. ബിര്ലാ, അംബാനി വ്യവസായികളില് നിന്നും വിഭിന്നമായി, ടാറ്റാഗ്രൂപ്പിന്റെ സാരഥിയായ സൈറസ് മിസ്ട്രി, കമ്പനിയുടെ ഒരു ശതമാനത്തില് താഴെയാണ് സ്വന്തമായി നിലനിര്ത്തുന്നത്. ബില് ഗേറ്റ്സും, വാറല് ബഫറ്റും ചെയ്യുന്നതുപോലെ ആയിരക്കണക്കിനു കോടി രൂപ മനുഷ്യപുരോഗതിക്കായി ചിലവാക്കുകയാണ്. അതുതന്നെയാണ് ഈ സമൂഹത്തിന്റെ സാമ്പത്തിക വീക്ഷണവും. ഇന്ത്യയുടെ നാനാവിധ പുരോഗതിയില് കാര്യമായ പങ്കു നിര്വഹിച്ച പാര്സികള് ശ്രേഷ്ഠമായ നിലയില് തന്നെ അംഗീകരിക്കപ്പെടുന്നു. ബോംബെയിലെ പ്രസിദ്ധമായ നരിമാന് പോയിന്റ്, ഇന്ത്യന് സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദാദാബായി നവറോജി, ഹേമിവാഹ്ദിയ വ്യവസായികള്, തിളക്കമുള്ള കരസേനാമേധാവി ഫീല്ഡ് മാര്ഷല് മനക്ഷാ, പ്രസിദ്ധ സംഗീതജ്ഞന് ഫ്രെഡിമര്ക്കുറി, കംപോസര് സോറാബ്ജി, കണ്ഡക്ടര് സുബിന് മേത്ത, ബോളിവുഡിലെ ജോണ് ഏബ്രഹാം, ബോമാന് ഇറാനി, നക്സല് ചിന്തകനായ കോബാഭ് ഗാല്ഡി, ഇന്ത്യന് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭര്ത്താവ് ഫിറോസ് ഗാന്ധി തുടങ്ങിയവര് ഒരു ചെറിയ കൂട്ടം, വലിയ സംഭാവനകള് ചെയ്ത പാര്സികളാണ്. നിരവധി കഥകളിലും സിനിമകളിലും പാര്സികളുടെ ജീവിതം പടര്ന്നു നില്ക്കുന്നു. ഒരു സമൂഹം അതായിത്തീരുന്നത്, വര്ഷങ്ങളുടെ കുത്തൊഴുക്കില്, സമരസപ്പെട്ടും, കലഹിച്ചും അനുരജ്ഞനപ്പെട്ടും കാലത്തിന്റെ ഭാഗമായിത്തീരുമ്പോഴാണ്. അതിന്റെ തനിമയും അസ്തിത്വവും നിലനില്ക്കാന് പാടുപെടുമ്പോഴും ഭാഷയും വിശ്വാസവും ബന്ധങ്ങളും അറിയാതെ ഉരുകി ഇല്ലാതായിത്തീരുന്നത് വിധിയുടെ പകല് നാടകം. സംസ്കാരസമ്പന്നമായ പല സമൂഹങ്ങളും അന്യം നിന്നു പോകുന്നത് അവരുടെ തന്നെ വിജയത്തിന്റെ ഇരകളായി മാറുന്നു എന്നത് വിധി വൈപരീത്യം. കേവലം 50,000 താഴെയേ ഇന്ന് പാര്സികള് ഇന്ത്യലുള്ളൂ. ഹഖാമനി കാലഘട്ടത്തില് വിശാല ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതമായിരുന്നു സൊറാസ്ട്രിയന് മതം. കുട്ടികള് ഇല്ലാതാകുന്നതും കുടിയേറ്റങ്ങളുമാണ് ഈ സമൂഹത്തിന്റെ തിരോഥാനത്തിനു കാരണമായിക്കാണുന്നത്. 2020 ആകുമ്പോഴേക്ക് ഇവരുടെ ജനസംഖ്യ 23000 താഴെയാകുമെന്നാണ് കണക്കാക്കുന്നത്. 31 ശതമാനം ആളുകളും 60 വയസ്സില് കൂടുതലുള്ളവരാണ്. 1000 ആണുങ്ങള്ക്ക് 1050 പെണ്ണുങ്ങളെന്ന അനുപാതമാണുള്ളത്. അതിനാല് മിശ്രവിവാഹത്തിന് സാധ്യത ഏറുകയും ഇങ്ങനെ മിശ്രവിവാഹിതരാകുന്നവരെ വംശത്തില് കൂട്ടാതിരിക്കയുമാണ് ചെയ്യുന്നത്. സാക്ഷരതയും(97ശതമാനം) വളരെ കൂടുതലാണ് പെണ്കുട്ടികള്ക്ക് അതിനാല് സ്വാതന്ത്ര്യത്തോടെ അവിവാഹിതരായി നില്ക്കാനും ഇവര് താല്പര്യപ്പെടുന്നു. സാധാരണ ആണ്കുട്ടികള് 31 വയസ്സിലും പെണ്കുട്ടികള് 29 വയസ്സിലുമാണ് വിവാഹിതരാകുന്നത്, അതിനാല് ഇവരുടെ പ്രത്യുല്പാദനശേഷിയും കുറവായിട്ടാണ് കാണപ്പെടുന്നത്. മിശ്രവിവാഹിതരായ കുട്ടികളെയും ഉള്പ്പെടുത്തി സമൂഹം വിപുലപ്പെടുത്തണമെന്ന ആശയം മുമ്പോട്ടു വയ്ക്കുന്നവരുണ്ട്. എന്നാല്, ഇങ്ങനെ വാതില് തുറന്നിട്ടാല് ഏഴെട്ടു തലമുറകളില് പാര്സികള് എന്ന പദം തന്നെ അപ്രത്യക്ഷമാകും എന്നു വാദിക്കുന്നവരുമുണ്ട്. മ്യാന്മറിലെ റോഹംങ്കികളെപ്പോലെ, തലമുറകള് നിലനിന്നിട്ടും ആട്ടിപ്പുറത്താക്കപ്പെടുന്ന സമൂഹങ്ങള് ഉണ്ട്. ചിലരെ പിടിച്ചു കൊണ്ടുപോയവരാണ്, ചിലര് കലാപത്തിനിരയായി പാലായനം ചെയ്തവരാണ്. ആയിരക്കണക്കിനു വര്ഷത്തെ ചരിത്രം നിലനിര്ത്തിക്കൊണ്ട് തങ്ങളുടെ പരിശ്രമത്തിന്റെയും അദ്ധ്വാനത്തിന്റെയും നന്മ കുടിയേറ്റ ഭൂമിയില് സമ്മാനിച്ച് തങ്ങളുടെ തന്നെ കഴിവും അഭിവൃദ്ധിയും വംശനഷ്ടത്തിനു കാരണമാകുന്ന പാര്സികള് ഇന്ത്യയില് ഇന്നു നിലനില്ക്കണമെന്ന്. ഒരു ജനത ആഗ്രഹിക്കുന്നു അതിനായി പ്രവര്ത്തിക്കുന്നു. ലോകത്തെമ്പാടും 52 മില്യനിലധികം ജനങ്ങള് രാജ്യമില്ലാതെ നാടോടികളായി നട്ടം തിരിയുമ്പോള് പാര്സികള്ക്കു മറ്റൊരു ചരിത്രമാണ് എഴുതാനുള്ളത്. ഇവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തു സൂക്ഷിക്കാനുള്ള പുരോഹിതന്മാരും ദൈവശാസ്ത്രഗ്രന്ഥങ്ങളും, ക്ഷേത്രങ്ങളും ഇപ്പോഴുമുണ്ട്. ഇവരുടെ ശവസംസ്കാര വിധങ്ങളും വിചിത്രമാണ്. മൃതശരീരം വൃത്തിയാക്കി “നിശ്ശബ്ദഗോപുരം എന്നറിയപ്പെടുന്ന സ്ഥലത്ത് കൊണ്ടു വയ്ക്കും. അവ കഴുകന്മാര്ക്കുള്ള ഭക്ഷണമാണ്. ബോംബെ മലബാര് ഹില്ലിലെ നിശ്ശബ്ദ ഗോപുരം പ്രസിദ്ധമാണ്. കാലചക്രത്തില് വ്യതിയാനങ്ങള് സംഭവിച്ചില്ലെങ്കില് അവസാനത്തെ ശരീരവും കഴുകന് കൊത്തിത്തിന്നാന് അധികം കാത്തിരിക്കേണ്ടി വരില്ല.

“മോഡിവല്ക്കരണം എന്ന ഡിവൈന് കോമഡി”-

“മോഡിവല്ക്കരണം എന്ന ഡിവൈന് കോമഡി”- കോരസണ് വര്ഗീസ് കോരസണ് വര്ഗീസ് അതിപുരാതന ക്രൈസതവ സഭയുടെ ഒരു മഹാപുരോഹിതന് നരേന്ദ്രമോഡിപ്രചാരകനായി അവതരിച്ച വാര്ത്ത കേട്ടപ്പോള് ഞെട്ടി! നരേന്ദ്രമോഡി ഗുജാറാത്തെന്ന കനാന് ദേശത്ത് പാലും തേനും ഒഴുകുന്നു; അദ്ദേഹത്തിന്റെ ഭരണകാലത്ത് ന്യൂനപക്ഷങ്ങള് സന്തോഷമായിരിക്കുന്നു എന്നും കൂട്ടിച്ചേര്ത്തപ്പോള് സപ്തനാടികളും നിശ്ചലമായി. കേരളത്തിലെത്തിയാല് അദ്ദേഹത്തെ ദേവലോകത്തേക്ക് ആനയിക്കാന് സന്നദ്ധനാണെന്നും പ്രസ്താവിച്ചപ്പോള് കനത്ത പാറക്കൂട്ടങ്ങള് പോലും കോരിത്തരിച്ചുകാണണം മോഡിദേശത്തെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകൂടിയാണ് ഈ മഹാപുരോഹിതനെന്നു ആരോ പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്. ഈ മെത്രാപ്പോലീത്തായുടെ അധീനതയിലുള്ള കുറച്ചു ദേവാലയങ്ങള് ഒന്നു ചേര്ന്നു ക്രിസ്മസ് ആഘോഷം നടത്തിവന്നിരുന്നു. വമ്പന് വര്ണ്ണാഭ റാലിക്കുശേഷം ആയിരക്കണക്കിനു ആളുകള് കൂടുന്ന സമ്മേളനവേദിയില് കുങ്കുമക്കുറിയും കാവിമുണ്ടും ഉടുത്ത മൂന്നു നാലു ചെറുപ്പക്കാര് ചാടിക്കയറി മൈക്രോഫോണ് പറിച്ചെടുത്ത് ഒരേറ്! മഹാസമ്മേളനം അലമ്പി. ആളുകള് നാലുപാടും ഓടുവാന് തുടങ്ങി. അവടെ സമാധാനം പുനഃസ്ഥാപിക്കാന് സര്ക്കാര് പണിപ്പെട്ടപാടുകള് ആരും മറന്നുകാണില്ല; കാരണം, മറക്കാനാവാത്ത ചരിത്രദൂരത്തൊന്നുമല്ല അതുസംഭവിച്ചത്. സംഘപരിവാറിന്റെയും ആര്എസ്എസിന്റെയും ഗുജറാത്തില് പരീക്ഷിച്ചു ജയിച്ച കലാപതന്ത്രങ്ങള് സാംസ്കാരിക കേരളത്തിലും നിഴല് വിരിച്ചു തുടങ്ങിയോ? തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി ഹിന്ദു വര്ഗ്ഗീയവാദികള് മുന്നോടട്ടു വച്ചിട്ടുള്ള ശൈലി, മോഡി ഭരണത്തിന്റെ ഗുണമേന്മകള് ഘോഷിച്ചും മതനിരപേക്ഷ പാര്ട്ടികളുടെ ഭരണപരമായ വീഴ്ചകളെ ഊതിവീര്പ്പിച്ചും കൊണ്ടാണ് മുമ്പോട്ട് പോകുന്നത്. ഇതിനായി കോടികള് മുടക്കിയുള്ള വര്ഗ്ഗീയ ധൂവീകരണമാണ് പ്രചാരണതന്ത്രം. പ്രാദേശീകമായ രാഷ്ട്രീയ സ്പര്ദ വികസിപ്പിച്ച് അസംതൃപ്തിയുടെ വലിയ കാര്മേഘ മാല തീര്ക്കുകയാണ് ഇപ്പോള് നടന്നു കൊണ്ടിരിക്കുന്നത്. തങ്ങളുടെ താല്പര്യസംരക്ഷകരെ ഏതുവിധേയനേയും സ്വാധീനിച്ചും അനുനയിപ്പിച്ചും, എതിരുകളെ ഇല്ലായ്മചെയ്തും, ഭീതിജനിപ്പിച്ച് ജനാധിപത്യമര്യാദകള് ചവിറ്റുകൊട്ടയില് തിരുകി, സാമ്പത്തീക വികസനം മാത്രമാണ് അടിസ്ഥാനപ്രമാണമെന്നു കൊട്ടിഘോഷിക്കുന്ന മോഡിവല്ക്കരണം ഇന്ന് കേരളത്തിലെ ക്രൈസതവ നേതാക്കള് ഏറ്റെടുക്കുന്നത് 'പരിശുദ്ധ ഹാസ്യ നാടകം' അല്ലെങ്കില് എന്താണ്? മരണത്തിന്റെ കച്ചവടക്കാരന് എന്നു വിശേഷിക്കപ്പെട്ട ഗുജറാത്തിന്റെ പ്രിയ മുഖ്യമന്ത്രി ഹൃദയത്തോടു ചേര്ത്തു നിര്ത്തുന്ന വിശ്വാസ പ്രമാണങ്ങള്, പ്രവര്ത്തനങ്ങള്, പ്രതികരണങ്ങള് ഒക്കെ നിരീക്ഷപ്പെടേണ്ടതുണ്ട്. ചെറിയ ചായക്കട ബിസിനസ്സില് നിന്നും തുടങ്ങി, ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെന്ന ഉഗ്രശപഥം ചെയ്ത ആര്.എസ്.എസ്. പ്രചാരകനായി പതിറ്റാണ്ടുകള് നീണ്ട പ്രവര്ത്തനം, ബി.ജെ.പി.യുടെ മിതവാദിയായിരുന്ന കേശവുഭായി പട്ടേലിനെ പുകച്ചുചാടിച്ച് 2001-ല് ഗുജറാത്തിന്റെ മുഖ്യമന്ത്രി, 2002 ഫെബ്രുവരി 27ന് സംഭവിച്ച ഗോദ്രകലാപത്തില് ആയിരക്കണക്കിനു ന്യൂനപക്ഷങ്ങള് കരിഞ്ഞു ചാമ്പലായതിന്റെ പാപക്കറകള് മായാത്ത കൈപ്പത്തി, വിശ്വഹിന്ദുപരിഷത്തിനോടൊപ്പം ഗോദ്രകലാപം ദൈവീക നടപടിയുടെ ഭാഗമാണെന്ന പ്രഖ്യാപനം, ഗുജറാത്ത് പോലീസ് നിഷ്കൃയമായിരിക്കെ 250 ലധികം പെണ്കുട്ടികള് ബലാല്സംഗം ചെയ്യപ്പെടുകയും തീയില് എറിയപ്പെടുകയും ചെയ്ത സംഭവങ്ങള്, കേവലം പോലീസിനോട് നിഷ്കൃയരായിരിപ്പാന് നിര്ദ്ദേശം നല്കി എന്ന ഗുജറാത്ത് ഡിജിപി ആയിരുന്ന ആര്.ബി. ശ്രീകുമാറിന്റെ വെളിപ്പെടുത്തല്, ഹിന്ദുക്കളെ അവരുടെ പ്രതികാരദാഹം തീര്ക്കുവാന് അനുവദിക്കണമെന്ന നിര്ദ്ദേശം തന്നിരുന്നു എന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സജീവ്ഭട്ടിന്റെ വെളിപ്പെടുത്തല്, കലാപത്തിനുശേഷം പാലായനം ചെയ്യപ്പെടേണ്ടിവന്ന 79,000 ലധികം കുടുംബങ്ങളെ അവരുടെ പഴയ തുരുത്തുകളിലേക്ക് മടക്കാത്തവണ്ണം ജാഗ്രത പുലര്ത്തുന്ന സംഘപരിവാര് ഉപദേശ്, സോഹബ്രുദിന് ഷേക്കിനെ തുടച്ചുനീക്കിയ എന്കൗണ്ടര് കില്ലിങ്ങിനെ സാധൂകരിച്ചത്, അക്രമത്തിനിരയായാല് രണ്ടു ഭാഷയില് എഫ്.ഐ.ആര്. തയ്യാറാക്കണമെന്ന നിര്ദ്ദേശം, തന്റെ ആഭ്യന്തരമന്ത്രി കലാപത്തില് കുറ്റക്കാരനായി തടവിലാക്കപ്പെട്ടിട്ടും, മൂന്നു മാസത്തിനകം പുറത്തിറക്കി വീണ്ടും മന്ത്രിയാക്കിയതും, ഇരകലെ നിര്ദ്ദയം നിശ്ശബ്ദരാക്കി, ഹിറ്റ്ലര് മോഡല് ഫാസിസം പടിപടിയായി നടപ്പാക്കുന്ന അമിതാധികാരത്തിന്റെ ആള്രൂപം, കോര്പ്പറേറ്റുകളുമായി ഏതുനിലയിലും നീക്കുപോക്കുകള് ഉണ്ടാക്കാന് കഴിയുന്ന ഭരണാധികാരി, ഇതൊക്കെയാണ് അഭിനവ ഇന്ത്യന് പ്രധാനമന്ത്രി! ലോകത്ത് ഒരു ഭരണവും, അതിന്റെ പ്രകൃതി വിഭവങ്ങളെ ഇത്ര ലളിതവും എളുപ്പത്തിലും വിറ്റഴിച്ചിട്ടുണ്ടാവില്ല. ഗുജാറത്ത് ഫാസിസം കേവലം വര്ഗ്ഗീയതയല്ല, ജനാധിപത്യത്തിന്റെ നാരായവേര് അറുക്കലാണ്. ഗുജറാത്തു മോഡല്: തികഞ്ഞ വര്ഗ്ഗീയത മാത്രം ഊതി പെരുപ്പിച്ച തിരഞ്ഞെടുപ്പു തന്ത്രങ്ങള് പാളിപ്പോയതു മനസ്സിലാക്കിയാണ് വികസനത്തിന്റെ മുഖം മൂടിയണിഞ്ഞ് ബി.ജെ.പി. പുതിയ കുപ്പിയിലെ പഴയ വീഞ്ഞായി പ്രത്യക്ഷപ്പെടുന്നത്. വാജ്പേയുടെ ബി.ജെ.പി. അല്ല ഇന്നു മോഡി നയിക്കുന്ന കറതീര്ന്ന ഫാസിസ്റ്റ് ബി.ജെ.പി. ഈ വര്ഗീയ പ്രതിഭാസത്തിനു മുമ്പില് എല്.കെ. അദ്ധ്വാനി നിഷ്പ്രഭനായിപ്പോയി. മോഡിയുടെ ഭരണകാലത്തു മാത്രം ഗുജറാത്തില് 6000 ലധികം കര്ഷക ആത്മഹത്യകള് നടന്നു. അറുപതിനായിരത്തോളം ചെറുകിട വ്യവസായ സംരഭങ്ങളാണ് അടച്ചുപൂട്ടപ്പെട്ടത്. ദേശീയ ശരാശരിയേക്കാള് കുറഞ്ഞ വേതനമാണ് തൊഴിലാളികള്ക്ക് ലഭിക്കുന്നത്. ആറു വയസ്സിനു താഴെയുള്ള കുട്ടികള് 46 ശതമാനവും പോഷകാഹാരക്കുറവിലാണ്. ദളിത് സ്ക്കൂള് കുട്ടികള് 59 ശതമാനവും പഠനം ഉപേക്ഷിക്കുന്നു. സ്ത്രീകള്ക്ക് എതിരായ ആക്രമണങ്ങള് ഏറ്റവും കൂടുതല് രേഖപ്പെടുത്തുന്നതും ഗുജറാത്തില് തന്നെ. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില് മഹാരാഷ്ട്രയും തമിഴ്നാടും ഗുജറാത്തിനേക്കാള് വളരെ മുമ്പിലാണ്. നഗരവല്ക്കരണവും, ഉദാരവല്ക്കരണവും, ഭൂഗര്ഭജല സംരഭവും, സോളാര് വൈദ്യുതി, ഉത്പാദന വിപ്ലവം തുടങ്ങി വികസനോന്മുഖമായ തീരുമാനങ്ങള് തിരക്കിട്ട് നടപ്പിലാക്കിയപ്പോള്, നിശ്ശബ്ദരായി പ്രതികരിക്കാനാവാതെ പാലായനം ചെയ്യപ്പെടേണ്ടിവന്ന ന്യൂനപക്ഷവും, ആദിവാസികളും, തുച്ഛമായ വിലക്ക് കൈമാറ്റം ചെയ്യപ്പെട്ട ഇവരു ഭൂമിയും, കോര്പ്പറേറ്റുകള്ക്ക് 21 വര്ഷത്തിനുശേഷം മാത്രം തിരിച്ചടിച്ചാല് മതി എന്ന നിലയില് നല്കപ്പെട്ട സര്ക്കാര് വായ്പകള് ഒക്കെ ആരും ഗൗനിക്കാതെ പോയി. 10 ശതമാനത്തിലധികം വര്ദ്ധന അവകാശപ്പെടുന്നതിലും, പൊതു വിതരണത്തിലും, വിദ്യാഭ്യാസ മേഖലയിലും ശരാശരി ഇന്ത്യയേക്കാള് പിറകിലാണ് തിളങ്ങുന്ന ഗുജറാത്ത്. ഉരുക്കു പ്രതീകം: സ്വാതന്ത്ര്യസമരകാല ഇന്ത്യയിലെ നേതാക്കളായിരുന്ന ഗാന്ധിജിയും നെഹ്റുവും വര്ഗ്ഗീയവാദി എന്നു അടക്കം പറഞ്ഞിരുന്ന ഉരുക്കു മനുഷ്യന് സര്ദാര് വല്ലഭായി പട്ടേലിന്റെ അതികായിക പ്രതിമ ഗുജറാത്തില് 2000 കോടി രൂപയിലധികം മുടക്കി നിര്മ്മിക്കപ്പെടുകയാണ്. സര്ദാര് വല്ലഭായി പട്ടേല് എന്ന പ്രതീകം കെട്ടിച്ചമച്ച് നരേന്ദ്രമോഡി ചരിത്രത്തെ വളച്ചൊടിച്ച് തന്റെ രാഷ്ട്രീയ ആയുധമാക്കുകയാണ്. ഈ പ്രതിമാനിര്മ്മാണത്തിനും തന്റെ പ്രചരണത്തിനുമായി ചിലവഴിക്കപ്പെടുന്ന കോടിക്കണക്കിനു രൂപയുടെ ശ്രോതസ്സ് എവിടെ നിന്ന് എന്നും ചിന്തിക്കേണ്ടതായുണ്ട്. മോഡിയുടെ ഇന്ത്യ എന്നും ഒരു ഹിന്ദുമാത്ര ഇന്ത്യയാണ്. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഒക്കെ ഹിന്ദു അതികുടുംബത്തിലെ ഉദാരതയുടെ അതിഥികള് തന്നെ. അതിഥികള് എപ്പോള് വേണമെങ്കിലും പുറത്തുപോകാം. അരാഷ്ട്രീയ കേരളം: കേരളത്തില് ഇന്നു നിലനില്ക്കുന്ന മുന്നണി രാഷ്ട്രീയം മനുഷ്യ പ്രകൃതിക്കും, നീതിക്കും നിരക്കാത്ത അരാജകത്വം തന്നെയാണ്. വിലപേശലും സമ്മര്ദ്ദതന്ത്രത്തിലൂടെയും ന്യായം അജാന്തകളുമായി നീങ്ങുന്ന ഈര്ക്കില് പാര്ട്ടികള്, നിഷ്ക്രിയരായി നിസ്സംഗരായി കരിസ്മാറ്റിക്ക് പ്രചരണ തന്ത്രത്തിലൂടെ നിലനില്ക്കാന് പെടാപാടുപെടുന്ന മുഖ്യപാര്ട്ടികല്, ഉപരോധം മാത്രമാണ് പ്രതിപക്ഷ രാഷ്ട്രീയ ധര്മ്മം എന്നു ധരിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഇടതുപാര്ട്ടികള്, അഴിമിതിയും, വാണിഭവും, ക്വൊട്ടേഷനും സാധാരണ ജീവിതമാക്കി മാറ്റിയ സമൂഹത്തിനു ചിത്തഭ്രമം ബാധിച്ചില്ലെങ്കിലോ അത്ഭുതപ്പെടാനുള്ളൂ. താക്കോല് സ്ഥാനത്ത് നായര് വേണം, ഈഴവനു പരിഗണനയില്ല, അഞ്ചാം മന്ത്രിയില്ലാതെ ലീഗിനു നിലനില്ക്കാനാവില്ല, പുത്തന്കുരിശു ബാവക്കു നാലു പടക്കം എപ്പോള് വേണമെങ്കിലും പൊട്ടിക്കാം, പിള്ള പാര്ട്ടിക്ക് മകന് മന്ത്രി ആവണം, ആവണ്ട എന്ന് അച്ഛന് പിള്ള തീരുമാനിക്കും, ഇവിടെ സാമൂഹിക ജീവിതം വളരെ അസ്വസ്ഥമാണ്. മാറിമാറി വരുന്ന മുന്നണികളെ തോല്പ്പിച്ച് കേരള സമൂഹം പ്രകടിപ്പിക്കുന്നത് അരാജകവാദികളായ മലയാളികളുടെ രോക്ഷമാണ്, പരിഹാസമാണ്, വിശുദ്ധ അമര്ഷമാണ്. ആശയറ്റ ഭരണചക്രം: ഒരു ഭരണകൂടം ജനങ്ങളില് നിന്നു ആവശ്യപ്പെടുന്നത് നിയമ വാഴ്ചയോടുള്ള പ്രതിബന്ധതയാണ്. വൈകാരികതയോ, ഭക്തിയോ ഭരണഘടനാ സംവിധാനത്തില് നിര്ണ്ണായകമാവാന് പാടില്ല. ഭരണകൂടം ഏതു പക്ഷത്താണ് നലിനില്ക്കേണ്ടത്? നീതി ആവശ്യപ്പെടുന്നവരുടെ കൂടെയോ അതോ നീതി നിഷേധിക്കപ്പെടുന്നവരുടെ കൂടെയോ? ജനാധിപത്യത്തില് ഭരണകൂടങ്ങള് തന്നെ മുന്കൈ എടുക്കണമെന്നാണ് ജനങ്ങള് ആഗ്രഹിക്കുന്നത്. ഭരണകൂടത്തിന്റെ നിസ്സംഗതയും ആലസ്യവും ജനത്തെ, ആരെയും കൂസാത്ത ചങ്കുറപ്പോടെ നയങ്ങള് മാറ്റാത്ത ഒരു ഫാസിസ്റ്റ് ചിഹ്നത്തെ ആരാധ്യമാക്കിയെങ്കില് തെറ്റ് എവിടെയാണ്? ചതിക്കുഴിയിലായ പൗരസമൂഹം: നവ ഉദാരീകരണം സൃഷ്ടിച്ച അനിനിയന്ത്രിതമായ പണക്കൊഴുപ്പും, തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിഹിതബന്ധം ജനത്തെ സങ്കീര്ണമായ ചതിക്കുഴിയിലാണ് എത്തിച്ചിരിക്കുന്നത്. വ്യക്തി- സമൂഹം എന്ന ആധാരശിലകള്, ഭൗതിക സുരക്ഷിതത്വക്രമം, അതിനു താത്വീക പിന്തുണ നല്കുന്ന വാദമുഖങ്ങള് ഇതിനിടെയുള്ള മതപ്രതിനിധികളുടെ മാരകമായ അഭിപ്രായങ്ങള് മനുഷ്യ പുരോഗതിക്ക് കണക്കറ്റ് ദോഷം ചെയ്യും. മാനവീകതയില് മുളപ്പിച്ച സത്യവും നന്മയും സൗന്ദര്യവും വളര്ത്തിക്കൊണ്ടുവരുവാനുള്ള ആഹ്വാനമാണ് ഇന്ന് മതം നമ്മോട് ആവശ്യപ്പെടേണ്ടത്. ഷാരുഖ് ഖാന് ഒരു ഹിന്ദി ചലചിത്രത്തില് ആവര്ത്തിച്ച സംഭാഷം ഓര്ത്തു പോകുന്നു. “Never underestimate the power of a common man!!” വാല്ക്കഷ്ണം “മനുഷ്യന്റെ ആത്മീയ പരിണാമം പുരോഗമിക്കും തോറും ഒരു കാര്യം കൂടുതല് ഉറപ്പാണ്. യഥാര്ത്ഥ മതത്തിലേക്കുള്ള പാത ജീവിതത്തെയോ മരണത്തെയോപ്പറ്റിയുള്ള ഭയത്തിലൂടെയോ അന്ധമായ വിശ്വാസത്തിലൂടെയോ അല്ല മറിച്ച്, യുക്തിസഹജമായ ജ്ഞാനത്തിലൂടെയാണ്.”- ആല്ബര്ട്ട് ഐന്സ്റ്റീന്