https://www.manoramaonline.com/global-malayali/columns/varghese-korason.html

Tuesday, February 23, 2016

“മോഡിവല്ക്കരണം എന്ന ഡിവൈന് കോമഡി”-

“മോഡിവല്ക്കരണം എന്ന ഡിവൈന് കോമഡി”- കോരസണ് വര്ഗീസ് കോരസണ് വര്ഗീസ് അതിപുരാതന ക്രൈസതവ സഭയുടെ ഒരു മഹാപുരോഹിതന് നരേന്ദ്രമോഡിപ്രചാരകനായി അവതരിച്ച വാര്ത്ത കേട്ടപ്പോള് ഞെട്ടി! നരേന്ദ്രമോഡി ഗുജാറാത്തെന്ന കനാന് ദേശത്ത് പാലും തേനും ഒഴുകുന്നു; അദ്ദേഹത്തിന്റെ ഭരണകാലത്ത് ന്യൂനപക്ഷങ്ങള് സന്തോഷമായിരിക്കുന്നു എന്നും കൂട്ടിച്ചേര്ത്തപ്പോള് സപ്തനാടികളും നിശ്ചലമായി. കേരളത്തിലെത്തിയാല് അദ്ദേഹത്തെ ദേവലോകത്തേക്ക് ആനയിക്കാന് സന്നദ്ധനാണെന്നും പ്രസ്താവിച്ചപ്പോള് കനത്ത പാറക്കൂട്ടങ്ങള് പോലും കോരിത്തരിച്ചുകാണണം മോഡിദേശത്തെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകൂടിയാണ് ഈ മഹാപുരോഹിതനെന്നു ആരോ പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്. ഈ മെത്രാപ്പോലീത്തായുടെ അധീനതയിലുള്ള കുറച്ചു ദേവാലയങ്ങള് ഒന്നു ചേര്ന്നു ക്രിസ്മസ് ആഘോഷം നടത്തിവന്നിരുന്നു. വമ്പന് വര്ണ്ണാഭ റാലിക്കുശേഷം ആയിരക്കണക്കിനു ആളുകള് കൂടുന്ന സമ്മേളനവേദിയില് കുങ്കുമക്കുറിയും കാവിമുണ്ടും ഉടുത്ത മൂന്നു നാലു ചെറുപ്പക്കാര് ചാടിക്കയറി മൈക്രോഫോണ് പറിച്ചെടുത്ത് ഒരേറ്! മഹാസമ്മേളനം അലമ്പി. ആളുകള് നാലുപാടും ഓടുവാന് തുടങ്ങി. അവടെ സമാധാനം പുനഃസ്ഥാപിക്കാന് സര്ക്കാര് പണിപ്പെട്ടപാടുകള് ആരും മറന്നുകാണില്ല; കാരണം, മറക്കാനാവാത്ത ചരിത്രദൂരത്തൊന്നുമല്ല അതുസംഭവിച്ചത്. സംഘപരിവാറിന്റെയും ആര്എസ്എസിന്റെയും ഗുജറാത്തില് പരീക്ഷിച്ചു ജയിച്ച കലാപതന്ത്രങ്ങള് സാംസ്കാരിക കേരളത്തിലും നിഴല് വിരിച്ചു തുടങ്ങിയോ? തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി ഹിന്ദു വര്ഗ്ഗീയവാദികള് മുന്നോടട്ടു വച്ചിട്ടുള്ള ശൈലി, മോഡി ഭരണത്തിന്റെ ഗുണമേന്മകള് ഘോഷിച്ചും മതനിരപേക്ഷ പാര്ട്ടികളുടെ ഭരണപരമായ വീഴ്ചകളെ ഊതിവീര്പ്പിച്ചും കൊണ്ടാണ് മുമ്പോട്ട് പോകുന്നത്. ഇതിനായി കോടികള് മുടക്കിയുള്ള വര്ഗ്ഗീയ ധൂവീകരണമാണ് പ്രചാരണതന്ത്രം. പ്രാദേശീകമായ രാഷ്ട്രീയ സ്പര്ദ വികസിപ്പിച്ച് അസംതൃപ്തിയുടെ വലിയ കാര്മേഘ മാല തീര്ക്കുകയാണ് ഇപ്പോള് നടന്നു കൊണ്ടിരിക്കുന്നത്. തങ്ങളുടെ താല്പര്യസംരക്ഷകരെ ഏതുവിധേയനേയും സ്വാധീനിച്ചും അനുനയിപ്പിച്ചും, എതിരുകളെ ഇല്ലായ്മചെയ്തും, ഭീതിജനിപ്പിച്ച് ജനാധിപത്യമര്യാദകള് ചവിറ്റുകൊട്ടയില് തിരുകി, സാമ്പത്തീക വികസനം മാത്രമാണ് അടിസ്ഥാനപ്രമാണമെന്നു കൊട്ടിഘോഷിക്കുന്ന മോഡിവല്ക്കരണം ഇന്ന് കേരളത്തിലെ ക്രൈസതവ നേതാക്കള് ഏറ്റെടുക്കുന്നത് 'പരിശുദ്ധ ഹാസ്യ നാടകം' അല്ലെങ്കില് എന്താണ്? മരണത്തിന്റെ കച്ചവടക്കാരന് എന്നു വിശേഷിക്കപ്പെട്ട ഗുജറാത്തിന്റെ പ്രിയ മുഖ്യമന്ത്രി ഹൃദയത്തോടു ചേര്ത്തു നിര്ത്തുന്ന വിശ്വാസ പ്രമാണങ്ങള്, പ്രവര്ത്തനങ്ങള്, പ്രതികരണങ്ങള് ഒക്കെ നിരീക്ഷപ്പെടേണ്ടതുണ്ട്. ചെറിയ ചായക്കട ബിസിനസ്സില് നിന്നും തുടങ്ങി, ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെന്ന ഉഗ്രശപഥം ചെയ്ത ആര്.എസ്.എസ്. പ്രചാരകനായി പതിറ്റാണ്ടുകള് നീണ്ട പ്രവര്ത്തനം, ബി.ജെ.പി.യുടെ മിതവാദിയായിരുന്ന കേശവുഭായി പട്ടേലിനെ പുകച്ചുചാടിച്ച് 2001-ല് ഗുജറാത്തിന്റെ മുഖ്യമന്ത്രി, 2002 ഫെബ്രുവരി 27ന് സംഭവിച്ച ഗോദ്രകലാപത്തില് ആയിരക്കണക്കിനു ന്യൂനപക്ഷങ്ങള് കരിഞ്ഞു ചാമ്പലായതിന്റെ പാപക്കറകള് മായാത്ത കൈപ്പത്തി, വിശ്വഹിന്ദുപരിഷത്തിനോടൊപ്പം ഗോദ്രകലാപം ദൈവീക നടപടിയുടെ ഭാഗമാണെന്ന പ്രഖ്യാപനം, ഗുജറാത്ത് പോലീസ് നിഷ്കൃയമായിരിക്കെ 250 ലധികം പെണ്കുട്ടികള് ബലാല്സംഗം ചെയ്യപ്പെടുകയും തീയില് എറിയപ്പെടുകയും ചെയ്ത സംഭവങ്ങള്, കേവലം പോലീസിനോട് നിഷ്കൃയരായിരിപ്പാന് നിര്ദ്ദേശം നല്കി എന്ന ഗുജറാത്ത് ഡിജിപി ആയിരുന്ന ആര്.ബി. ശ്രീകുമാറിന്റെ വെളിപ്പെടുത്തല്, ഹിന്ദുക്കളെ അവരുടെ പ്രതികാരദാഹം തീര്ക്കുവാന് അനുവദിക്കണമെന്ന നിര്ദ്ദേശം തന്നിരുന്നു എന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സജീവ്ഭട്ടിന്റെ വെളിപ്പെടുത്തല്, കലാപത്തിനുശേഷം പാലായനം ചെയ്യപ്പെടേണ്ടിവന്ന 79,000 ലധികം കുടുംബങ്ങളെ അവരുടെ പഴയ തുരുത്തുകളിലേക്ക് മടക്കാത്തവണ്ണം ജാഗ്രത പുലര്ത്തുന്ന സംഘപരിവാര് ഉപദേശ്, സോഹബ്രുദിന് ഷേക്കിനെ തുടച്ചുനീക്കിയ എന്കൗണ്ടര് കില്ലിങ്ങിനെ സാധൂകരിച്ചത്, അക്രമത്തിനിരയായാല് രണ്ടു ഭാഷയില് എഫ്.ഐ.ആര്. തയ്യാറാക്കണമെന്ന നിര്ദ്ദേശം, തന്റെ ആഭ്യന്തരമന്ത്രി കലാപത്തില് കുറ്റക്കാരനായി തടവിലാക്കപ്പെട്ടിട്ടും, മൂന്നു മാസത്തിനകം പുറത്തിറക്കി വീണ്ടും മന്ത്രിയാക്കിയതും, ഇരകലെ നിര്ദ്ദയം നിശ്ശബ്ദരാക്കി, ഹിറ്റ്ലര് മോഡല് ഫാസിസം പടിപടിയായി നടപ്പാക്കുന്ന അമിതാധികാരത്തിന്റെ ആള്രൂപം, കോര്പ്പറേറ്റുകളുമായി ഏതുനിലയിലും നീക്കുപോക്കുകള് ഉണ്ടാക്കാന് കഴിയുന്ന ഭരണാധികാരി, ഇതൊക്കെയാണ് അഭിനവ ഇന്ത്യന് പ്രധാനമന്ത്രി! ലോകത്ത് ഒരു ഭരണവും, അതിന്റെ പ്രകൃതി വിഭവങ്ങളെ ഇത്ര ലളിതവും എളുപ്പത്തിലും വിറ്റഴിച്ചിട്ടുണ്ടാവില്ല. ഗുജാറത്ത് ഫാസിസം കേവലം വര്ഗ്ഗീയതയല്ല, ജനാധിപത്യത്തിന്റെ നാരായവേര് അറുക്കലാണ്. ഗുജറാത്തു മോഡല്: തികഞ്ഞ വര്ഗ്ഗീയത മാത്രം ഊതി പെരുപ്പിച്ച തിരഞ്ഞെടുപ്പു തന്ത്രങ്ങള് പാളിപ്പോയതു മനസ്സിലാക്കിയാണ് വികസനത്തിന്റെ മുഖം മൂടിയണിഞ്ഞ് ബി.ജെ.പി. പുതിയ കുപ്പിയിലെ പഴയ വീഞ്ഞായി പ്രത്യക്ഷപ്പെടുന്നത്. വാജ്പേയുടെ ബി.ജെ.പി. അല്ല ഇന്നു മോഡി നയിക്കുന്ന കറതീര്ന്ന ഫാസിസ്റ്റ് ബി.ജെ.പി. ഈ വര്ഗീയ പ്രതിഭാസത്തിനു മുമ്പില് എല്.കെ. അദ്ധ്വാനി നിഷ്പ്രഭനായിപ്പോയി. മോഡിയുടെ ഭരണകാലത്തു മാത്രം ഗുജറാത്തില് 6000 ലധികം കര്ഷക ആത്മഹത്യകള് നടന്നു. അറുപതിനായിരത്തോളം ചെറുകിട വ്യവസായ സംരഭങ്ങളാണ് അടച്ചുപൂട്ടപ്പെട്ടത്. ദേശീയ ശരാശരിയേക്കാള് കുറഞ്ഞ വേതനമാണ് തൊഴിലാളികള്ക്ക് ലഭിക്കുന്നത്. ആറു വയസ്സിനു താഴെയുള്ള കുട്ടികള് 46 ശതമാനവും പോഷകാഹാരക്കുറവിലാണ്. ദളിത് സ്ക്കൂള് കുട്ടികള് 59 ശതമാനവും പഠനം ഉപേക്ഷിക്കുന്നു. സ്ത്രീകള്ക്ക് എതിരായ ആക്രമണങ്ങള് ഏറ്റവും കൂടുതല് രേഖപ്പെടുത്തുന്നതും ഗുജറാത്തില് തന്നെ. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില് മഹാരാഷ്ട്രയും തമിഴ്നാടും ഗുജറാത്തിനേക്കാള് വളരെ മുമ്പിലാണ്. നഗരവല്ക്കരണവും, ഉദാരവല്ക്കരണവും, ഭൂഗര്ഭജല സംരഭവും, സോളാര് വൈദ്യുതി, ഉത്പാദന വിപ്ലവം തുടങ്ങി വികസനോന്മുഖമായ തീരുമാനങ്ങള് തിരക്കിട്ട് നടപ്പിലാക്കിയപ്പോള്, നിശ്ശബ്ദരായി പ്രതികരിക്കാനാവാതെ പാലായനം ചെയ്യപ്പെടേണ്ടിവന്ന ന്യൂനപക്ഷവും, ആദിവാസികളും, തുച്ഛമായ വിലക്ക് കൈമാറ്റം ചെയ്യപ്പെട്ട ഇവരു ഭൂമിയും, കോര്പ്പറേറ്റുകള്ക്ക് 21 വര്ഷത്തിനുശേഷം മാത്രം തിരിച്ചടിച്ചാല് മതി എന്ന നിലയില് നല്കപ്പെട്ട സര്ക്കാര് വായ്പകള് ഒക്കെ ആരും ഗൗനിക്കാതെ പോയി. 10 ശതമാനത്തിലധികം വര്ദ്ധന അവകാശപ്പെടുന്നതിലും, പൊതു വിതരണത്തിലും, വിദ്യാഭ്യാസ മേഖലയിലും ശരാശരി ഇന്ത്യയേക്കാള് പിറകിലാണ് തിളങ്ങുന്ന ഗുജറാത്ത്. ഉരുക്കു പ്രതീകം: സ്വാതന്ത്ര്യസമരകാല ഇന്ത്യയിലെ നേതാക്കളായിരുന്ന ഗാന്ധിജിയും നെഹ്റുവും വര്ഗ്ഗീയവാദി എന്നു അടക്കം പറഞ്ഞിരുന്ന ഉരുക്കു മനുഷ്യന് സര്ദാര് വല്ലഭായി പട്ടേലിന്റെ അതികായിക പ്രതിമ ഗുജറാത്തില് 2000 കോടി രൂപയിലധികം മുടക്കി നിര്മ്മിക്കപ്പെടുകയാണ്. സര്ദാര് വല്ലഭായി പട്ടേല് എന്ന പ്രതീകം കെട്ടിച്ചമച്ച് നരേന്ദ്രമോഡി ചരിത്രത്തെ വളച്ചൊടിച്ച് തന്റെ രാഷ്ട്രീയ ആയുധമാക്കുകയാണ്. ഈ പ്രതിമാനിര്മ്മാണത്തിനും തന്റെ പ്രചരണത്തിനുമായി ചിലവഴിക്കപ്പെടുന്ന കോടിക്കണക്കിനു രൂപയുടെ ശ്രോതസ്സ് എവിടെ നിന്ന് എന്നും ചിന്തിക്കേണ്ടതായുണ്ട്. മോഡിയുടെ ഇന്ത്യ എന്നും ഒരു ഹിന്ദുമാത്ര ഇന്ത്യയാണ്. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഒക്കെ ഹിന്ദു അതികുടുംബത്തിലെ ഉദാരതയുടെ അതിഥികള് തന്നെ. അതിഥികള് എപ്പോള് വേണമെങ്കിലും പുറത്തുപോകാം. അരാഷ്ട്രീയ കേരളം: കേരളത്തില് ഇന്നു നിലനില്ക്കുന്ന മുന്നണി രാഷ്ട്രീയം മനുഷ്യ പ്രകൃതിക്കും, നീതിക്കും നിരക്കാത്ത അരാജകത്വം തന്നെയാണ്. വിലപേശലും സമ്മര്ദ്ദതന്ത്രത്തിലൂടെയും ന്യായം അജാന്തകളുമായി നീങ്ങുന്ന ഈര്ക്കില് പാര്ട്ടികള്, നിഷ്ക്രിയരായി നിസ്സംഗരായി കരിസ്മാറ്റിക്ക് പ്രചരണ തന്ത്രത്തിലൂടെ നിലനില്ക്കാന് പെടാപാടുപെടുന്ന മുഖ്യപാര്ട്ടികല്, ഉപരോധം മാത്രമാണ് പ്രതിപക്ഷ രാഷ്ട്രീയ ധര്മ്മം എന്നു ധരിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഇടതുപാര്ട്ടികള്, അഴിമിതിയും, വാണിഭവും, ക്വൊട്ടേഷനും സാധാരണ ജീവിതമാക്കി മാറ്റിയ സമൂഹത്തിനു ചിത്തഭ്രമം ബാധിച്ചില്ലെങ്കിലോ അത്ഭുതപ്പെടാനുള്ളൂ. താക്കോല് സ്ഥാനത്ത് നായര് വേണം, ഈഴവനു പരിഗണനയില്ല, അഞ്ചാം മന്ത്രിയില്ലാതെ ലീഗിനു നിലനില്ക്കാനാവില്ല, പുത്തന്കുരിശു ബാവക്കു നാലു പടക്കം എപ്പോള് വേണമെങ്കിലും പൊട്ടിക്കാം, പിള്ള പാര്ട്ടിക്ക് മകന് മന്ത്രി ആവണം, ആവണ്ട എന്ന് അച്ഛന് പിള്ള തീരുമാനിക്കും, ഇവിടെ സാമൂഹിക ജീവിതം വളരെ അസ്വസ്ഥമാണ്. മാറിമാറി വരുന്ന മുന്നണികളെ തോല്പ്പിച്ച് കേരള സമൂഹം പ്രകടിപ്പിക്കുന്നത് അരാജകവാദികളായ മലയാളികളുടെ രോക്ഷമാണ്, പരിഹാസമാണ്, വിശുദ്ധ അമര്ഷമാണ്. ആശയറ്റ ഭരണചക്രം: ഒരു ഭരണകൂടം ജനങ്ങളില് നിന്നു ആവശ്യപ്പെടുന്നത് നിയമ വാഴ്ചയോടുള്ള പ്രതിബന്ധതയാണ്. വൈകാരികതയോ, ഭക്തിയോ ഭരണഘടനാ സംവിധാനത്തില് നിര്ണ്ണായകമാവാന് പാടില്ല. ഭരണകൂടം ഏതു പക്ഷത്താണ് നലിനില്ക്കേണ്ടത്? നീതി ആവശ്യപ്പെടുന്നവരുടെ കൂടെയോ അതോ നീതി നിഷേധിക്കപ്പെടുന്നവരുടെ കൂടെയോ? ജനാധിപത്യത്തില് ഭരണകൂടങ്ങള് തന്നെ മുന്കൈ എടുക്കണമെന്നാണ് ജനങ്ങള് ആഗ്രഹിക്കുന്നത്. ഭരണകൂടത്തിന്റെ നിസ്സംഗതയും ആലസ്യവും ജനത്തെ, ആരെയും കൂസാത്ത ചങ്കുറപ്പോടെ നയങ്ങള് മാറ്റാത്ത ഒരു ഫാസിസ്റ്റ് ചിഹ്നത്തെ ആരാധ്യമാക്കിയെങ്കില് തെറ്റ് എവിടെയാണ്? ചതിക്കുഴിയിലായ പൗരസമൂഹം: നവ ഉദാരീകരണം സൃഷ്ടിച്ച അനിനിയന്ത്രിതമായ പണക്കൊഴുപ്പും, തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിഹിതബന്ധം ജനത്തെ സങ്കീര്ണമായ ചതിക്കുഴിയിലാണ് എത്തിച്ചിരിക്കുന്നത്. വ്യക്തി- സമൂഹം എന്ന ആധാരശിലകള്, ഭൗതിക സുരക്ഷിതത്വക്രമം, അതിനു താത്വീക പിന്തുണ നല്കുന്ന വാദമുഖങ്ങള് ഇതിനിടെയുള്ള മതപ്രതിനിധികളുടെ മാരകമായ അഭിപ്രായങ്ങള് മനുഷ്യ പുരോഗതിക്ക് കണക്കറ്റ് ദോഷം ചെയ്യും. മാനവീകതയില് മുളപ്പിച്ച സത്യവും നന്മയും സൗന്ദര്യവും വളര്ത്തിക്കൊണ്ടുവരുവാനുള്ള ആഹ്വാനമാണ് ഇന്ന് മതം നമ്മോട് ആവശ്യപ്പെടേണ്ടത്. ഷാരുഖ് ഖാന് ഒരു ഹിന്ദി ചലചിത്രത്തില് ആവര്ത്തിച്ച സംഭാഷം ഓര്ത്തു പോകുന്നു. “Never underestimate the power of a common man!!” വാല്ക്കഷ്ണം “മനുഷ്യന്റെ ആത്മീയ പരിണാമം പുരോഗമിക്കും തോറും ഒരു കാര്യം കൂടുതല് ഉറപ്പാണ്. യഥാര്ത്ഥ മതത്തിലേക്കുള്ള പാത ജീവിതത്തെയോ മരണത്തെയോപ്പറ്റിയുള്ള ഭയത്തിലൂടെയോ അന്ധമായ വിശ്വാസത്തിലൂടെയോ അല്ല മറിച്ച്, യുക്തിസഹജമായ ജ്ഞാനത്തിലൂടെയാണ്.”- ആല്ബര്ട്ട് ഐന്സ്റ്റീന്

No comments:

Post a Comment