https://www.manoramaonline.com/global-malayali/columns/varghese-korason.html

Friday, November 18, 2016

കാറ്റു വിതച്ചു കൊടുങ്കാറ്റുകൊയ്യുന്ന ട്രമ്പിസ്ഥാന്

സോഫിയ വളരെ ഭയത്തോടെയാണു കാറില് വന്നുകയറിയത്. ഇടക്കു വീടു വൃത്തിയാക്കാന് സ്ഥിരം വന്നു കൊണ്ടിരിക്കുന്ന അവരെ അവരുടെ വീട്ടില് ചെന്നു കൊണ്ടുവരികയും കൊണ്ടുവിടുകയുമാണ് പതിവ്. പതിവില്ലാത്ത പരിഭ്രമം കണ്ടപ്പോള് തിരക്കി എന്താണ് കാര്യമെന്ന്. അവള് പതുക്കെ മുറിഞ്ഞ ഇംഗ്ലീഷും സ്പാനീഷും കലര്ത്തി സംസാരിക്കുവാന് തുടങ്ങി. കഴിഞ്ഞ 14 വര്ഷമായി മെക്സിക്കോയില് നിന്നും എത്തി ന്യൂയോര്ക്കില് താമസിക്കുകയാണ്. 14, 12 വയസ്സുള്ള രണ്ടു കുട്ടികള്, അവര് അമേരിക്കയില് ജനിച്ചതുകൊണ്ട് ഇവിടുത്തെ പൗരത്വത്തിന് അര്ഹരായി. സോഫിയയും ഭര്ത്താവും അനധികൃത കുടിയേറ്റക്കാരാണ്. എന്നാല് കുട്ടികളുടെ പഠനവും, ആശുപത്രി സൗകര്യവും ഒക്കെ അത്യാവശ്യത്തിന് കുഴപ്പമില്ലാതെ കിട്ടുന്നു. ചെറിയ ജോലി ചോയ്യാന് സാധിക്കുന്നതിനാല് ഒരു വാടക മുറിയില് ഒരു കുടുംബം കഴിയുന്നു. സ്വന്തം നാടായ മെക്സിക്കോയിലിനേക്കാള് അല്പം പണം മിച്ചം പിടിക്കാനും സാധിക്കുന്നുണ്ട്. ഡൊണാള്ഡ് ട്രമ്പ് പ്രസിഡന്റാകുന്നതിനാല് തങ്ങളുടെ ജീവിതത്തിന്റെ തകിടം മറിച്ചാലാണ് കണ്മുന്പില് പതിഞ്ഞു നില്ക്കുന്നത്.


എന്തു പറഞ്ഞു സമാധാനിപ്പിക്കാണ്? ഒറ്റയടിക്ക് ഇപ്പോള് ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള് ലഭിക്കാതെയും പോലീസിനെ ഭയന്നും എവിടെ ഒളിച്ചുതാമസിക്കാനാണ്? എന്നാലും, ഒന്നും സംഭവിക്കില്ല, നിങ്ങളെപ്പോലെയുള്ളവര് സഹായത്തിനില്ലെങ്കില് ന്യൂയോര്ക്കിലെ ജനങ്ങള് ബഹളം ഉണ്ടാക്കും എന്നൊക്കെപ്പറഞ്ഞെങ്കിലും അവളുടെ കണ്ണിലെ പരിഭ്രമം മാറിയിരുന്നില്ല.
വീടിനു ചുറ്റുമുളള പൂന്തോട്ടങ്ങളും പുല്ലും വൃത്തിയായി വെട്ടിസൂക്ഷിക്കുന്ന സാന്റോസും, അല്പസൊല്പ്പം വീട്ടുപണിയില് കൈ സഹായം ചെയ്യുന്ന മാരിയോയും ഇല്ലാത്ത അവസ്ഥ എന്നെ നടുക്കി. ഹോട്ടലുകളില് ജോലി ചെയ്യുന്ന സ്പാനീഷ്കാര് ഒന്നായി ഒരു ദിവസം പണി മുടക്കിയാല് റെസ്റ്റോറന്റുകള് അധികവും തുറക്കാനാവില്ല. ഇത്തരം ജീവിതങ്ങള് അമേരിക്കന് സമ്പത് വ്യവസ്ഥയുടെ ഭാഗമായി മാറി. ഇവര് കൂടുതലും സിറ്റികളിലാണ് ജോലി ചെയ്യുന്നത് നാട്ടിന് പുറങ്ങളിലും കിഴക്കന്-മദ്ധ്യമേഖലകളിലും ഇത്തരം ഒരു കുടിയേറ്റക്കാരെ കാണാറില്ല. അമേരിക്കയിലെ 67 ശതമാനം ആളുകളും ഭൂവിഭാഗത്തിന്റെ 3 ശതമാനം മാത്രം വരുന്ന സിറ്റികളിലും അതിനടുത്ത സ്ഥലങ്ങളിലുമാണ് താമസിക്കുന്നത്. അതാണ് കേവലം പരിമിതമായ ജനസാന്ദ്രതയുള്ള അനവധി സംസ്ഥാനങ്ങളിലെ ഇലക്ട്രല് വോട്ടുകള് ട്രമ്പിനു അനുകൂലമായി മാറി മറിഞ്ഞത്.


ഈസ്റ്റേണ് യൂറോപ്പില് നിന്നും റഷ്യയില് നിന്നും വ്യവസ്ഥാപിതമായി കുടിയേറിക്കൊണ്ടിരിക്കുന്ന യഹൂദന്മാര് പട്ടണങ്ങളില് തങ്ങളുടേതായ സങ്കേതങ്ങള് സൃഷ്ടിക്കുന്നുണ്ട്. സര്ക്കാര് തലത്തില് ഇവര്ക്ക് ഭാഷ പഠിപ്പിച്ച് ജോലിയും താമസവും മറ്റും ഒരുക്കിക്കൊടുക്കാന് വലിയ ക്രമീകരണങ്ങളാണ് ചെയ്യുന്നത്. അടുത്തകാലത്തായി മദ്ധ്യപൂര്വേഷ്യയില് നിന്നും വളരെയേറെ മുസ്ലീം മതവിശ്വാസികള് കൂട്ടമായി കുടിയേറാന് തുടങ്ങി. അവര് അവരുടെ രീതിയില് വസ്ത്രം ധരിക്കുവാനും ആചാര-അനുഷ്ഠാനങ്ങള് കൊണ്ടു പോകുവാനും ശ്രമിക്കുന്നത് അസഹിഷ്ണുതയോടെയാണ് നാട്ടുകാര് കണ്ടത്. ഒപ്പം പടര്ന്നു പന്തലിച്ച ഇസ്ലാമിക് ഫോബിയ, ഓരോ മുസ്ലീമും തങ്ങളുടെ അന്തകനാണ് എന്ന ഭീതിയും വെള്ളക്കാരില് ഉണ്ടാക്കി.

മെക്സിക്കോക്കാര്ക്കു തൊട്ടുതാഴെയായി ചൈനക്കാരേയും പിന്തള്ളി ഇന്ത്യാക്കാരാണ് അമേരിക്കയിലെ കൂടുതലുള്ള കുടിയേറ്റക്കാര് വിദ്യാഭ്യാസത്തിലും സമ്പത്തിലും ജീവിത നിലവാരത്തിലും ഇന്ത്യാക്കാര് സാധാരണ വെള്ളക്കാരെക്കാള് മുന്നിലായതിനാള് ഇവര് തങ്ങളുടെ അവസരങ്ങളും സമ്പാദ്യവുമാണ അപഹരിക്കുന്നതെന്ന ഒരു ചിന്തയും വെള്ളക്കാരില് നിലനില്ക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ 13 ശതമാനത്തിലേറെ കുടിയേറ്റക്കാരാണ് ഇന്ന് അമേരിക്കയില്. ഇവരില് കൂടുതലും കാലിഫോര്ണിയ ടെക്സസ്, ന്യൂയോര്ക്ക്, ന്യൂജേഴ്സി എന്നീ സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്. ഏതാണ്ട് 11.1 മില്ല്യണ് അനധികൃത കുടിയേറ്റക്കാര് അമേരിക്കയിലുണ്ട്. അതില് 52 ശതമാനവും മെക്സിക്കോയില് നിന്നുള്ളവരാണ്. ഇവരായിരുന്നു ട്രമ്പിന്റെ ആദ്യഇരകള്. ഇവരെ പുറത്താക്കി വന്മതില് പണിയുകയാണ് തന്റെ പ്രഥമദൗത്യമെന്നാണ് ട്രമ്പ് ഉയര്ത്തിയ വാദം.


മദ്ധ്യപൂര്വ്വേഷ്യയിലെ മുസ്ലീം കുടിയേറ്റ ഭീഷണിയാണ് ബ്രിട്ടനെ ബ്രക്സിറ്റിനു പ്രേരിപ്പിച്ചതും, അമേരിക്കയെ ട്രമ്പീകരിച്ചതും ഇനിയും ഫ്രാന്സിലും, ജര്മ്മനിയിലും വരാനിരിക്കുന്ന മാറ്റങ്ങളും. ഇതിനു അല്പം വര്ഗീയത വീശിയാല് മാത്രം മതിയായിരുന്നു. അമേരിക്കയിലെ അരക്ഷിതരായ ഒരു വലിയ കൂട്ടം വെള്ളക്കാരുടെ പ്രതീക്ഷയാണ് ട്രമ്പ്. 24നും 54നും വയസ്സിനിടയിലുള്ള ഒരു വലിയ കൂട്ടം വെള്ളക്കാര് ജോലി തേടാതെ അരക്ഷിതരയായി വിവിധ സംസ്ഥാനങ്ങളില് ഉണ്ട്. ഇവര് തൊഴിലില്ലായ്മ വേതനം സ്വീകരിക്കുകയോ, മറ്റു ആനൂകൂല്യങ്ങള് ലഭിക്കാതെയോ ജീവിക്കുമ്പോള് കുടിയേറ്റക്കാര് എല്ലാവിധ ആനുകൂല്യങ്ങളും നേടിയെടുക്കുന്നു. 'ഒബാമ കെയര്' മുഖനേ എല്ലാവര്ക്കും ആരോഗ്യ പരിഗണന നിയമം വഴി നടപ്പാക്കിയാല് അതിനു പണം കണ്ടെത്തുന്നത് എല്ലു നുറുക്കി പണിയെടുക്കുന്ന നികുതിദായകര് ആണ്. ഏതാണ്ട് ഇപ്പോള് തന്നെ അമേരിക്കന് ജോലിക്കാരുടെ അദ്ധ്വാനഭാരം ലോകത്തിലെ ഏറ്റവും കൂടുതലാണ്. ഓരോ ഡോളറിനും കഠിന പ്രയത്നം അനിവാര്യമാണ്. ഇത്തരം സാഹര്യത്തില് വിനോദത്തിനോ വിശ്രമത്തിനോ ഇടകിട്ടാത്ത ഒരു വലിയ കൂട്ടം, ഗവണ്മെന്റിന്റെ ഇത്തരം ഉദാരതയില് അസന്തുഷ്ഠരാണ്.


വര്ഗ്ഗവെറിയും അസഹിഷ്ണതയും, എതിരാളിയില് സംശയവും ജനിപ്പിച്ച്, തനിക്കെതിരായുള്ള എല്ലാവരേയും കൂടടിച്ചുവെടിവച്ച് ഇല്ലാതാക്കിയിട്ട് മദ്ധ്യനയം സ്വീകരിച്ചാല് കൂടു തുറന്നുവിട്ട ഭൂതം കുടത്തിലേക്ക് തിരിച്ചു വരില്ല അതിന്റെ ലക്ഷണങ്ങള് ഉടന് കണ്ടു തുടങ്ങി.
നാളിതുവരെ അമേരിക്കന് രാഷ്ട്രീയത്തില് പുറത്തെടുക്കാത്ത അടവുകളാണ് ട്രമ്പു പരീക്ഷിച്ചു, തിരഞ്ഞെടുപ്പില് വിജയിച്ചത്. ലോകം പ്രത്യേകിച്ച്, റഷ്യയിലും, ഇന്ത്യയിലും ഫാസിസത്തിലേക്ക് തിരികെപ്പോക്കിലാണെന്നു തോന്നും.


ഒബാമ ഭരണത്തിന്റെ ഒരു വിലയിരുത്തലായിട്ടു വേണമെങ്കില് ഈ തിരഞ്ഞെടുപ്പിനെ കരുതാം. അമേരിക്കയില് ആഭ്യന്തര സാമ്പത്തീക ക്രമീകരണങ്ങളില് തിളക്കമുള്ള മാറ്റങ്ങള് സൃഷ്ടിച്ചെങ്കിലും, വിദേശ നയത്തിലെ നിഷ്ക്രിയത്വം അമേരിക്കയെ കടലാസു പുലിയാക്കിക്കളഞ്ഞു. ഭീതിയുയര്ത്തുന്ന ലോക അരാഷ്ട്രീയതക്ക് അമേരിക്ക ഒരു മറുപടി ആയിക്കണ്ട് ലോകവും, അമേരിക്കയിലെ സാധാരണ ജനവും നിരാശരായി. സാധാരണ ജനങ്ങളുടെ സ്പന്ദനങ്ങളെ ഉള്ക്കൊള്ളാനാവാത്തതായിരുന്നു അമേരിക്കന് മാദ്ധ്യമങ്ങളുടെ പ്രവചന പരാജയങ്ങളും വിലയിരുത്തലുകളും ട്രമ്പിന്റെ അവിശ്വസനീയ വിജയവും.

താത്വികനായിരുന്ന പ്ലേറ്റോ തന്റെ റിപ്പബ്ലിക് എന്ന ഗ്രന്ഥത്തില്, ജനാധിപത്യം ഒരു ശാശ്വത പരിഹാരമല്ല എന്നു പറയുന്നുണ്ട്. ജനാധിപത്യത്തിനു ജീര്ണ്ണത വരുമ്പോഴും, അതു ജനങ്ങളുടെ വിലയിരുത്തലുകളെ ഉള്കൊള്ളാനാവാതെയും വരുമ്പോള്, ഒരു സ്വേശ്ചാധിപതി ഉയര്ന്നു വരാനുള്ള സാധ്യത കാണും എന്നും, സാധാരണ ജനം ഒരു പരീക്ഷണത്തിനു തയ്യാറായി അയാളെ സ്വീകരിക്കുമെന്നുമുള്ള സാഹചര്യം ഉണ്ടാകുമത്രേ.


എന്തായാലും ഒരു പരീക്ഷണത്തിനു ജനം തയ്യാറായി. എന്നാല് സ്റ്റീഫന് ബാനന് എന്ന വര്ണ്ണവെറിയനായി അറിയപ്പെടുവാന് താല്പര്യമുള്ള ഒരാളെ ട്രമ്പിന്റെ പ്രധാന ഉപദേശകനും ഉപദേഷ്ടാവുമായി നിയമിച്ചത് ഒട്ടൊന്നുമല്ല നടക്കം ഉണ്ടാക്കിയിരിക്കുന്നത്. ബ്രയിറ്റ് ബാര്ട്ട് ന്യൂസ് നെറ്റ് വര്ക്ക് എന്ന പത്രസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് ചെയര്മാന് ആയിരുന്നു ബാനന്. വെള്ളക്കാരുടെ മേല്ക്കോയ്മയും, കുടിയേറ്റത്തിനും, വനിതാ വിമോചനത്തിനും സാംസ്കാരിക വൈവിധ്യത്തിനും എതിരേ തുറന്നു സംസാരിക്കുന്ന വലതുപക്ഷ പത്രമാണ് ബ്രയിറ്റ്ബാര്ട്ട്. ബാനന്റെ നിയമനത്തെക്കുറിച്ച് ദേശീയവാദി റിച്ചാര്ഡ് സെപ്ന്സറും, അമേരിക്കന് നാസി പാര്ട്ടി ചെയര്മാനും, വര്ണ്ണവെറിയ സംഘടനയായ കുക്കൂക്ലാന് നേതാവ് ഡേവിഡ് ഡ്യൂക്കും 'ഏറ്റവും നല്ല തീരുമാനം' എന്നു പറഞ്ഞത് നടുക്കത്തോടെയാണ് കാണേണ്ടത്.


ട്രമ്പ് ജയിക്കാനായി പലതും പറഞ്ഞു എന്ന രാഷ്ട്രീയതന്ത്രം പുറത്തെടുത്തു രക്ഷപ്പെടാന് ശ്രമിച്ചാലും, വിതച്ച കാറ്റ് ഇപ്പോള് ഒരു കൊടുങ്കാറ്റിനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.

'Between what is said and not meant,
and not meant and what is meant
and not said,
most of love is lost”
- Khalil Gibran
div>