https://www.manoramaonline.com/global-malayali/columns/varghese-korason.html

Friday, May 6, 2016

വളരണം ഈ നാട്, തുടരണം ഈ ഭരണം, LDF വരും എല്ലാം ശരിയാക്കും.

വളരണം ഈ നാട്, തുടരണം ഈ ഭരണം, LDF വരും എല്ലാം ശരിയാക്കും.(വാല്ക്കണ്ണാടി-കോരസണ്) കോരസണ് കേരള നിയമസഭ തിരഞ്ഞെടുപ്പ്, എരിവെയിലിലെ പൊരിഞ്ഞ മത്സരത്തിലുപരി, തീപ്പൊരി പ്രയോഗങ്ങളുടെ പോരാട്ടമായിത്തീരുകയാണ്. 'LDF വരും, എല്ലാം ശരിയാകും' എന്നതാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ആപ്തവാക്യം. അചുതാനന്ദന്റെ ഭാഷയില് ഈ വാക്കുകള്... 'എല്ലാം ശരിയാകൂ' എന്നത് കേരളത്തിലുടനീളം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒരു വിവാഹത്തിന്റെ പോസ്റ്റര് അതീവ ശ്രദ്ധേയമായിരുന്നു. 'പ്രതിപിന്റെ ജീവിതം ആകെ കട്ടപ്പുകയായിരുന്നു ആ ജീവിതത്തിലേക്ക് നവ്യ കടന്നു വരുന്നു, എല്ലാം ശരിയാകും' 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്നതാണ് യുഡിഎഫ് മുന്നണിയുടെ തലവാചകം. പോസ്റ്ററിന്റെ താഴെ ആരോ വിരുതന് സ്വന്തമായി എഴുതിയതോര്ത്തു, വളരണം ഈ കീശകള്, തുടരണം ഈ അഴിമതികള്', വഴിമുട്ടിയ കേരളം, വഴികാട്ടാന് NDA', മറ്റൊരു വിരുതന് അതിനു ഒരു മറുവാചകം എഴുതിചേര്ത്തു. 'ഗതിമുട്ടിയ NDAക്ക് വഴി കാട്ടാന് ഒരു വോട്ട്.' അതീവരസാവഹമാണ് ഓരോ പോസ്റ്ററുകളും, മിക്ക സ്ഥാനാര്ത്ഥികളും പരസ്യ വാചകങ്ങളും പോസ്റ്ററുകളും കൂറ്റന് ബില് ബോര്ഡുകളും പരസ്യകമ്പനിയെ ഏല്പ്പിച്ചിരിക്കുകയാണ്. അതിനാല് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പരസ്യ വിപ്ലവമാണ് കേരളം ഉടനീളം അനുഭവപ്പെടുന്നത്. 'വിശ്രമമില്ലാത്ത ജനകീയ നേതാവ്-' ഉമ്മന്ചാണ്ടി, 'നേരിന്റെ യൗവ്വനം, നാടിന്റെ പ്രതീക്ഷ,' വീണാ ജോര്ജ്(ആറന്മുള) 'മണ്ണിനൊപ്പം മനുഷ്യനൊപ്പം'- ഡോ. തോമസ് ഐസക്ക്, മാറി ചിന്തിക്കാന്, മാറ്റം സൃഷ്ടിക്കാന്- LDF സ്ഥാനാര്ത്ഥി ഡോ.കെ.സി.ജോസഫ്, 'ആറന്മുളയുടെ വികസന തുടര്ച്ചയായി' ADV. ശിവദാസന് നായര്, ആറന്മുളയുടെ കണ്ണാടി എം.ടി.രമേഷ്, 'നന്മയുടെ 10 വര്ഷം, കുതിക്കട്ടെ ചെങ്ങന്നൂര്, തുടരട്ടെ' വിഷ്ണുനാഥ്, 'ജനവിരുദ്ധ മുന്നണികള്ക്ക് ജനപക്ഷ ബദല്,' SDPI ചങ്ങനാശ്ശേരി സ്ഥാനാര്ത്ഥി അല്ത്താഫ് ഹസ്സന്, 'ഇതു നാം കേരളത്തിനു നല്കിയ ശബ്ദം'-പി.സി. ജോര്ജ്, 'ആദര്ശ രാഷട്രീയത്തിന്റെ സൗമ്യ മുഖം' -NDA ചെങ്ങന്നൂര് സ്ഥാനാര്ത്ഥി പി.സി. ശ്രീധരന് പിള്ള, 'എന്നെന്നും നിങ്ങള്ക്ക് ഒപ്പം'-രമേശ് ചെന്നിത്തല, 'കറപുരളാത്ത വ്യക്തിത്വം, കറയില്ലാത്ത രാഷ്ട്രീയ പാരമ്പര്യം'NDA യുടെ സ്റ്റീഫന്ചാഴിക്കാടന്(കടുത്തുരുത്തി), നിയമം അറിയുന്ന ഈ കൈകളില് നിങ്ങള് സുരക്ഷിതര്-NDA യുടെ അഡ്വ.പി.ജെ.തോമസ്(മൂവാറ്റുപുഴ) ലീഡറുടെ മകള്ക്കു വോട്ടു ചെയ്യൂ, തൃശൂരിന്റെ വികസനം ഉറപ്പാക്കൂ-UDF പത്മജ വേണുഗോപാല്, 'ഇനിയും വളരണം കുട്ടനാട്, വരണം ഇടതുപക്ഷ ഭരണം' -LDF സ്ഥാനാര്ത്ഥി തോമസ് ചാണ്ടി, വഴിമുട്ടിയ കുട്ടനാട്, വഴികാട്ടാന് സുഭാഷ് വാസു, കൃഷി നശിപ്പിക്കുന്നവര്, കുടിവെള്ളം മുട്ടിച്ചവര് ഇനിയും അവരെ വേണോ? ചോദിക്കുന്നത് NDF ആണെങ്കിലും, ചേര്ത്തിരിക്കുന്ന ചിത്രം മോഡിയുടെയും, കുമ്മനത്തിന്റെയും ഇങ്ങനെ വളരെ കൗതുകം ഉണര്ത്തുന്ന വാക്പയറ്റാണ് കേരളത്തിലുടനീളം. സൂര്യതാപം ഏല്ക്കുന്നത് ഭയന്ന് സ്ഥാനാര്ത്ഥികള് ഉച്ചനേരത്ത് വോട്ടുചോദിക്കാറില്ല എങ്കിലും, പൊരിവെയിലില് വിയര്ത്തുകുളിച്ച് കരിക്കട്ട പരുവത്തിലാണ് നടക്കുന്നത്, അതിനാല് സ്ഥാനാര്ത്ഥികളെ ആദ്യമായി കാണുന്ന പോലെയാണ് ജനങ്ങള്ക്ക്. മദ്യം നിരോധിച്ചതിനാല് ഇപ്പോള് കാറുകള് തടഞ്ഞു നിര്ത്തി പോലീസ് ഊതിക്കുന്ന പതിവ്കുറവ്, എന്നാലും തിരഞ്ഞെടുപ്പിലെ പണം കൊണ്ടുപോകുന്നത് പരിശോധിക്കാന് വീഡിയോ ക്യാമറയുടെ സാന്നിദ്ധ്യത്തില് കാര് തടഞ്ഞുനിര്ത്തി പരിശോധന നേരിടുന്നുണ്ട്. ആലുക്കാസിന്റെയും, ശീമാട്ടിയുടെയും ഒക്കെ ബില് ബോര്ഡുകളെ പരാജയപ്പെടുത്തി അടിപൊളി കൂറ്റന് ഇലക്ഷന് പരസ്യ ബോര്ഡുകള് വഴിയിലുടനീളം കാണാം. കുട്ടനാട് സ്ഥനാര്ധി തോമസ് ചാണ്ടിക്ക് മുടികുറവായതിനാലും മുഖം വീര്ത്തിരിക്കുന്നതിനിലും പ്രത്യേകത ഉണ്ട എന്നത് ഒഴിച്ച് മറ്റെല്ലാ സ്ഥാനാര്ത്ഥികള്ക്കും വെള്ളവേഷവും, കരികലക്കി പെയിന്റടിച്ച തലമുടിയും, കരികറുത്ത മീശയും, നിറഞ്ഞ പുഞ്ചിരിയുമായി, ഒരു കൈയ്യില് മുണ്ടും പൊക്കി ഒരൊറ്റ നടപ്പാണ്. എല്ലാവര്ക്കും ഒരേ ചിരി, ഒരേ ആളാണ് എല്ലാവരുടേയും ചിത്രം എടുത്തതെന്നും തോന്നും. ഉമ്മന്ചാണ്ടിയുടെ നരച്ച തലമുടിയും, വീണാ ജോര്ജ്ജിന്റെ വിവിധ സാരികളും, ഡോ.തോമസ് ഐസക്കിന്റെ നിറമാര്ന്ന ജുബ്ബകളും അല്പം വ്യത്യസ്തമാണെന്നു പറയാതെ വയ്യ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങള് ഏറെയായതിനാല് വമ്പിച്ച ചിലവാണ് ഓരോ സ്ഥാനാര്ത്ഥിക്കും. ടിവിയിലെ കണ്ണീര് സീരിയലുകൾ നിര്ബ്ബന്ധം കാണുമെന്നതിനാല് തിരഞ്ഞെടുപ്പ് അവലോകനങ്ങള്ക്ക് പത്രങ്ങലെയാണ് ജനം അടിസ്ഥാനമാക്കുന്നതെന്ന ഒരു പ്രവണതയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചെങ്ങനൂരിൽ വിഷ്ണുനാഥിന്റെ പോസ്റ്ററുകള് അപ്പാടെ കുത്തികൂറി കിടക്കുന്നത് ശ്രദ്ധിക്കാതെ പോകില്ല അതിനാല് ഇനിയും പോസ്റ്റര് സംരക്ഷക സംഘം ഉണ്ടായേ മതിയാവുള്ളൂ. കോന്നിയിലെ സ്ഥാനാര്ത്ഥി അടൂര് പ്രകാശ് നിരത്തുന്ന വികസന നേട്ടങ്ങള് ഒരു ചെറുപുസ്തകത്തിനു വകയുണ്ട്. സ്ഥാനാര്ത്ഥികളുടെ കളര് ചിത്രങ്ങളോടൊപ്പം യോഗ്യതയും നിരത്തി പ്രസ്ഥാവനകള് വീടുവീടാന്തരം വിന്യസിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഒരു നേരിട്ടുള്ള പരിചയപ്പെടുത്തല് ഉണ്ടാവുന്നുണ്ട്. എന്നാലും എന്തോ പഴയ തിരഞ്ഞെടുപ്പും വീര്യം കാണാനില്ല, മുന്നണി മാറി മാറി വരും എന്ന ഉറച്ച നിലപാടിലാണോ, 41 ഡിഗ്രി സെല്ഷ്യസ് കത്തിനില്ക്കുന്ന വേനലിന്റെ സൂര്യതാപത്തിലാണോ എന്നറിയില്ല, ആരു വന്നാലും കോരനു കുമ്പിളില് തന്നെയാണു കഞ്ഞി എന്ന അവബോധത്തിലാണോ എന്നറിയില്ല. എല്ലാം ശരിയാക്കാനും, വഴികാട്ടാനും വളരാനും മൂന്നു മുന്നണികളും മത്സരിക്കുമ്പോള്, മലയാളിക്കു ഒരു മടിപ്പ്, മുരടിപ്പ്, ഒരു വിരസത എന്തായാലും കാത്തിരുന്നു കാണാം.

No comments:

Post a Comment