https://www.manoramaonline.com/global-malayali/columns/varghese-korason.html

Tuesday, June 16, 2015

കാക്കിക്കുള്ളിലെ കലാപകാരികള്‍ (വാല്‍ക്കണ്ണാടി) - കോരസണ്‍

കാക്കിക്കുള്ളിലെ കലാപകാരികള്‍ (വാല്‍ക്കണ്ണാടി)   - കോരസണ്‍     

 
വെറും ലാത്തിയും തൂക്കി നടക്കുന്ന പോലീസുകാരനെ കണ്ടു വളര്‍ന്ന നമ്മള്‍ ന്യൂയോര്‍ക്കിലെ സദാ തോക്കു ധരിച്ച്‌, പെരുത്ത മസിലുമുരുട്ടി യുദ്ധസന്നാഹത്തോടെ നിര്‍വികാരമാമായി നടക്കുന്ന പോലീസുകാരെ കാണുമ്പോള്‍ ഭയത്തിനപ്പുറമുള്ള എന്തോ വികാരമാണു തോന്നുക. എന്തെങ്കിലും ആവശ്യത്തിനു പോലീസിന്റെ സഹായം തേടിച്ചെന്നാല്‍ മിക്കവാറും ഇന്ത്യക്കാര്‍ക്ക്‌
 അതൃപ്‌തിപ്പെടുത്തുന്നതാകും അവരുടെ പെരുമാറ്റം. ഒരു പക്ഷേ, സാഹചര്യങ്ങളും പരിശീലനവും, അനുഭവങ്ങളുമായിരിക്കാം അവരെ ഇത്തരം കല്ലുവെച്ച മുഖഭാവവും, ഏതോ ശത്രുരാജ്യത്തെ പട്ടാളക്കാരെപ്പോലെയുള്ള നോട്ടവും ഉള്ളവരാക്കിത്തീര്‍ത്തതെന്നു തോന്നുന്നു.

അടുത്തകാലത്ത്‌ ലണ്ടന്‍ നഗരം കാണാനിറങ്ങിയപ്പോള്‍ അവിടുത്തെ പോലീസ്‌ സേന പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സമ്മര്‍ സീസണ്‍ ആയതിനാലായിരിക്കാം വെള്ള ഷര്‍ട്ടും കറുത്ത പാന്റുമായിരുന്നു അവരുടെ വേഷം. ബെല്‍റ്റില്‍ തോക്കിനുപകരം കറുത്ത ബാറ്റണ്‍ മാത്രമാണുണ്ടായിരുന്നത്‌. വളരെ സൗഹൃദത്തോടെ നിരത്തിലൂടെ കടന്നു പോകുന്ന ആളുകളെ ശ്രദ്ധിക്കുന്ന, ഒരു സഹായത്തിനു ആദ്യം ഓടി
 എത്തുന്ന കമ്മ്യൂണിറ്റി പോലീസിംഗ്‌ നല്ലതായി തോന്നി. യൂറോപ്പില്‍ മിക്ക നഗരങ്ങളിലും ഇതാണു പോലീസിന്റെ ഇടപെടലെന്നു പിന്നെ മനസ്സിലായി.

ക്രമസമാധാനം കൈവിടുന്നു എന്നു തോന്നുമ്പോള്‍ ഇവര്‍ പിന്‍വാങ്ങുകയും ആയുധധാരികളായ പോലീസുകാര്‍ എത്തിച്ചേരുകയുമാണ്‌ പതിവ്‌. എന്നാല്‍ സ്വീഡനിലും മറ്റും ഇത്തരം പോലീസിംഗ്‌ മാറ്റി അമേരിക്കയിലെ പോലെയുള്ള സായുധ പോലീസുസേന വേണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നു. ഇന്നു യൂറോപ്പ്‌ അഭിമുഖീകരിക്കുന്ന പുതിയ ക്രമസമാധാന വെല്ലുവിളികള്‍ക്ക്‌ കമ്മ്യൂണിറ്റി പോലീസിംഗ്‌
 മതിയാവില്ല എന്ന തോന്നലാണ്‌ കൂടുതലും.

എന്തെങ്കിലും അമേരിക്കയില്‍ കാര്യങ്ങള്‍ തിരിഞ്ഞുപോകുകയാണ്‌. ലാത്തിധാരികളായ കമ്മ്യൂണിറ്റി പോലീസിംഗ്‌ ആണ്‌ ആദ്യനിരയില്‍ എത്തേണ്ടതെന്ന വാദം ശക്തി പ്രാപിക്കുന്നു. ന്യൂയോര്‍ക്കിലെയും ക്ലീവ്‌ലന്റിലെയും കിരാതമായ പോലീസ്‌ ആക്രമങ്ങള്‍ സാധാരണ ജനങ്ങളെ വെറും മൃഗങ്ങളായി തുശ്ചീകരിക്കുന്നു എന്നാണ്‌ ന്യൂനപക്ഷനേതൃത്വം പറയുന്നത്‌. ന്യൂയോര്‍ക്കില്‍ എറിക്ക്‌
 ഗാര്‍നറെ കഴുത്തു ഞെരിച്ചു പോലീസ്‌ കൊല്ലുന്നത്‌ രാജ്യത്തിലുടനീളം പല പ്രാവശ്യം ആളുകള്‍ കണ്ടു. ഫര്‍ഗ്യൂസണില്‍, മൈക്കല്‍ ബ്രൗണിനെ വെടി വെച്ചു കൊന്നതും, ബാള്‍ട്ടിമോറിലും, സൗത്ത്‌ കരോളിനയിലും തുടര്‍ന്ന പോലീസ്‌ അക്രമങ്ങള്‍ ഒരു ദേശീയ ചര്‍ച്ചക്ക്‌ വഴി തുറന്നു. ആഫ്രിക്കന്‍അമേരിക്കന്‍ വംശജരും പോലീസുമായി നിരന്തരം ഇത്തരം സംഘട്ടനങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളില്‍
 നിറഞ്ഞു നിന്നു.

വര്‍ഗ്ഗീയ കലാപങ്ങളില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്ന ക്ലീവ്‌ലന്റ്‌ പോലീസ്‌ സേന, അമേരിക്കന്‍ കേന്ദ്ര നീതിന്യായ മന്ത്രാലയവുമായി ഒരു പുതിയ ഉടമ്പടി ഉണ്ടാക്കി. അന്വേഷണങ്ങളില്‍ ക്ലീവലന്റ്‌ പോലീസ്‌ ക്രമാതീതമായ അധികാരവും മുഷ്‌ക്കും ചെലുത്തിയെന്നു ബോധ്യപ്പെടുകയും മെയ്‌ 25 മുതല്‍ പോലീസ്‌ ഇടപെടലുകളില്‍ നവീകരണവും, സുതാര്യതയും ഉറപ്പാക്കണമെന്ന്‌ തീരുമാനമുണ്ടായി.
 ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കെണ്ടത്‌ അത്യാവശ്യമാണെന്ന്‌ മേയര്‍ ജാക്ക്‌സണ്‍ ചൂണ്ടിക്കാട്ടി. പോലീസ്‌ ഇടപെടലുകള്‍ ഏതു തരത്തിലുള്ളതായാലും എല്ലാം രേഖപ്പെടുത്തി വയ്‌ക്കണമെന്നും, ആവശ്യമുള്ളവര്‍ക്ക്‌ ലഭ്യമാക്കുന്ന തരത്തില്‍ അവ ക്രമീകരിക്കാമെന്നും തീരുമാനമുണ്ടായി.

ഈ മാറ്റങ്ങള്‍ക്കനുസരണമായി സേനയെ പരിശീലിപ്പിക്കണമെന്നും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട്‌ ക്രമമായി നിരീക്ഷിച്ച്‌ പാളിച്ചകള്‍ ഒഴിവാക്കണമെന്നും അടിവരയിട്ടു പറഞ്ഞു.

അമേരിക്കയുടെ മൊത്തത്തിലുള്ള പോലീസ്‌ നയങ്ങള്‍ക്ക്‌ വന്‍ മാറ്റങ്ങള്‍ വരാവുന്നു ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ ഏകോപിപ്പിച്ചത്‌ യു.എസ്‌ ആക്ടിങ്ങ്‌ അറ്റോണി ജനറല്‍ ആയ വനിത ഗുപ്‌തയാണെന്നതാണ്‌ വാല്‍ക്കണ്ണാടിയില്‍ തിളക്കത്തോടെ പ്രത്യക്ഷപ്പെട്ടത്‌. കേന്ദ്രനീതിന്യായ വകുപ്പിന്റെ മനുഷ്യാവകാശ മേധാവിയായി പ്രസിഡന്റ്‌ ഒബാമ വനിത ഗുപ്‌തയെ നിര്‍ദ്ദേശിച്ചത്‌ അവരുടെ
 ഇതുവരെയുള്ള അസാമാന്യ കഴിവിനെ മാനിച്ചാണ്‌. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ്‌ യൂണിയന്റെ ഉപമേധാവിയായി സേവനം അനുഷ്‌ഠിച്ച കാലത്ത്‌, നീതിന്യായ വ്യവസ്ഥിതിയില്‍ വരുത്തേണ്ട നവീകരണത്തെപ്പറ്റി നിരവധി നിര്‍ദ്ദേശങ്ങള്‍ വയ്‌ക്കുകയുണ്ടായി. 2003ല്‍ ടെക്‌സാസിലെ ടൂലിയില്‍ വെള്ളക്കാര്‍ മാത്രമുള്ള ജൂറി, 40 ആഫ്രിക്കന്‍ വംശജരെ കുറ്റക്കാരാക്കിയ കേസില്‍ അവരെ വെറുതെ
 വിടുവാനും, അവര്‍ക്ക്‌ അഞ്ചു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം, കൊടുക്കുവാനും കഴിഞ്ഞത്‌ വനിതയുടെ പ്രശസ്‌തി വര്‍ദ്ധിപ്പിച്ചു.

ഫിലാഡല്‍ഫിയയില്‍ ജനിച്ച്‌, ഇംഗ്ലണ്ടിലും ഫ്രാന്‍സിലും, സ്‌കൂള്‍ വിദ്യാഭ്യാസം നേടി, യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ വനിത ഗുപ്‌ത കാര്യങ്ങള്‍ രമ്യമായി പറഞ്ഞു തീര്‍ക്കാന്‍ വിദഗ്‌ധയാണെന്നാണ്‌ പറയപ്പെടുന്നത്‌. 39ാമത്തെ വയസ്സില്‍ നീതിന്യായ വകുപ്പിന്റെ വിഭാഗം മേധാവിയായി നിയമിതയായ ഇന്ത്യന്‍ വംശജ,
 ഇന്നു അമേരിക്കയിലുള്ള എല്ലാ പോലീസ്‌ സംവിധാനങ്ങള്‍ക്കും സുപരിചിതയാണ്‌. 2015 മെയ്‌ 25ാംതിയതി ക്ലീവ്‌ ലന്‍ഡ്‌ പോലീസും, കേന്ദ്ര നീതിന്യായ വകുപ്പുമായി ഉണ്ടാക്കിയ ഉടമ്പടി, അമേരിക്കയുടെ വരും കാലത്തെ അടിസ്ഥാന പോലീസ്‌ ഇടപെടലുകളില്‍ പ്രമാണമായി വിവക്ഷിക്കപ്പെടും.

No comments:

Post a Comment