https://www.manoramaonline.com/global-malayali/columns/varghese-korason.html

Tuesday, June 16, 2015

വേരറ്റ മനുഷ്യന്‍ അപകടകാരി (വാല്‍ക്കണ്ണാടി) - കോരസണ്‍

വേരറ്റ മനുഷ്യന്‍ അപകടകാരി (വാല്‍ക്കണ്ണാടി)   - കോരസണ്‍

അതിശൈത്യത്തില്‍ മുരടിച്ചു വിറങ്ങലിച്ചുനില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കറിയാം, വസന്തകാലത്ത്‌ പുതിയ ഇലകള്‍ മുളക്കുമെന്ന്‌. ഭൂമിയുടെ കാലാവസ്ഥയുമായി വേരുകള്‍ വഴി സുദൃഢബന്ധം സ്ഥാപിച്ചിരിക്കുന്നതിനാല്‍, കൊഴിഞ്ഞുപോയ ഇലകളെപ്പറ്റിയും, കൂടുവിട്ടുപോയ പറവകളെയും ഓര്‍ത്തു വ്യാകുലപ്പെടേണ്ട എന്ന്‌. ചിലതൊക്കെ നഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ നാം ആകെ ഒറ്റപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നത്‌; നമ്മുടെ വേരുകള്‍ നഷ്ടപ്പെടുന്നതുകൊണ്ടാണ്‌. ആഴ്‌ന്നിറങ്ങിയ ദൈവ വിശ്വാസവും, സഹജീവിതത്തിന്റെ ചെറുവേരുകളും നഷ്ടപ്പെട്ടു നാം ഒറ്റയാന്മാരായി വിഹരിക്കുകയാണ്‌ ഈ ഭൂമിയില്‍, ഒറ്റയാന്മാര്‍ വളരെ ആക്രമകാരികള്‍ തന്നെ!

കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ.ഡേവിഡ്‌ ചിറമേല്‍ അവയവദാനത്തിന്റെ പ്രചാരകനായി സഞ്ചരിക്കവേ വാല്‍ക്കണ്ണാടിയില്‍ പ്രത്യക്ഷപ്പെട്ടു. ഉപചാരങ്ങളില്ലാതെ, ഗ്രാമീണ വിശുദ്ധിയിലും നിഷ്‌കളങ്കതയിലും ചാലിച്ച വാക്കുകകളില്‍, ഹൃദയം തുളക്കുന്ന ധൈര്യവും ഭക്തെിയുടെ പ്രകാശവലയങ്ങളും, നന്മയുടെ ആര്‍ജവവും നിഴലിച്ചിരുന്ന കത്തോലിക്ക സഭയുടെ പുരോഹിതനാണെങ്കിലും മനുഷ്യമതത്തില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്‌ സ്വന്തം കിഡ്‌നി സാധുവായ ഗോപിനാഥനു നല്‍കാന്‍ മടിയുണ്ടായില്ല. തന്റെ ശരീരത്ത്‌ കത്തി ഇറങ്ങിയപ്പോഴാണ്‌ ഒരു പുതിയ സംഘടന രൂപം കൊണ്ടത്‌, 'കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ' പിന്നീട്‌ കേരളത്തിലൊതുങ്ങിയില്ല അദ്ദേഹത്തിന്റെ ബോധവല്‍ക്കരണം. ഒരു കാട്ടുതീ പോലെ സന്ദേശയാത്രകളും സെമിനാറുകളുമായി ബഹുദൂരം സഞ്ചരിച്ച്‌ ആയിരക്കണക്കിനു്‌ ആളുകള്‍ക്ക്‌ അവയവദാനത്തിനു പ്രേരണ നല്‍കി. അനേക കിഡ്‌നി മാറ്റിവയ്‌ക്കലിനും, ഡയാലിസിസ്‌ ശുശ്രൂഷകള്‍ക്കും അദ്ദേഹം കാര്‍മ്മികനായി.
അവയവദാനം വേണ്ടവരുടെ ബന്ധുക്കളെ അവയവദാനത്തിനു തയ്യാറാക്കുക വഴി ഒരു അവയവദാന ശൃംഖല തീര്‍ക്കുവാനായി. വിഗാര്‍ഡ്‌ ഉടമ ശ്രീ. കൊച്ചു ജോസഫ്‌ ചിറ്റലപ്പള്ളിയും ഒക്കെ വൃക്കദാനത്തിനു തയ്യാറായി. വൃക്കദാന സന്ദേശത്തിനു ധനശേഖരണത്തിനായി ഫാദര്‍ ഡേവിഡ്‌, ഇംഗ്ലണ്ടിലെ ലംകാഷെയറില്‍ വച്ച്‌ 15000 അടി ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവ്‌ ചെയ്‌തു ലിംക വേള്‍ഡ്‌ ബുക്ക്‌ ഓഫ്‌ റിക്കാര്‍ഡില്‍ ഇടം നേടി.

തന്റെ ഒരു സുഹൃത്തിന്‌ ബൈക്കപകടത്തില്‍പ്പെട്ട്‌ രക്തം വാര്‍ന്ന്‌ മരിക്കേണ്ടി വന്ന വേദനയില്‍ ആക്‌സിഡന്റ്‌ കെയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വ്വീസ്‌(അഇഠട) എന്ന പുതിയ സംഘടന രൂപപ്പെട്ടു. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഈ സംഘടനയ്‌ക്ക്‌ 30 ആംബുലന്‍സുകളും, നിരവധി പ്രവര്‍ത്തകരും സൗജന്യമായി സേവനം ലഭ്യമാക്കുന്നു. കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേക്കു ബോധവല്‍ക്കരണ സന്ദേശവുമായി നിരവധി യാത്രകള്‍; ഏറ്റവും ഒടുവിലായി ആത്മഹത്യ നിരുത്സാഹപ്പെടുത്തുവാന്‍ തീവ്രശ്രമം, ഒപ്പം ജാതി മത ഭേദമെന്യേ ആത്മഹത്യ നടന്ന വീടുകളില്‍ സന്ദര്‍ശനവും താമസവും, ആത്മഹത്യ നടന്ന വീടുകളിലെ ആളുകളുടെ മാനസീക സംഘര്‍ഷം ആരും കാണാറില്ല; അവരെ സമൂഹത്തിലേക്കു പിടിച്ചു കൊണ്ടുവരികയും സന്ദേശയാത്രയുടെ മുഖ്യകണ്ണിയായി മാറി.
തന്റെ ജീവിതം വളരെ ലഘുവായി കാണാന്‍ കഴിയുന്ന ഫാദര്‍ ഡേവിസ്‌ ചിറമേലിന്‌, യാത്രക്കിടയില്‍ ഏതെങ്കിലും ഭവനത്തില്‍ കയറി, വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം ഉണ്ടെങ്കില്‍ കഴിക്കാം എന്നു ചോദിക്കാന്‍ യാതൊരു മടിയുമില്ല. ഇത്തരം തുറന്ന സംഭാഷണങ്ങളിലൂടെ വിന്യസിക്കപ്പെടുന്ന ചങ്ങാത്തങ്ങള്‍, നിരവധി പ്രശസ്‌തരിലും, ആദരണീയനായ പ്രസിഡന്റ്‌ അബ്ദുള്‍ കലാമിനോടും ഒക്കെയുണ്ട്‌, അവര്‍ക്ക്‌ ലഭിക്കുന്ന അവാര്‍ഡു തുകകള്‍ ഒക്കെ അച്ചന്‍ നേതൃത്വം നല്‍കുന്ന മനുഷ്യസേവനത്തിനാണ്‌ നല്‍കപ്പെടുന്നത്‌.

ഫാ.ഡേവിഡ്‌ ചിറമേല്‍ സന്ദേശങ്ങളിലും വ്യത്യസ്‌തനാണ്‌. ഗാന്ധിജിക്കും മദര്‍ തെരേസക്കും മൂല്യശോഷണം സംഭവിക്കുന്നില്ല, കാലം പോകും തോറും അവരുടെ മൂല്യം കൂടുന്നതേയുള്ളൂ, വാര്‍ദ്ധക്യത്തോടു അടുക്കുന്ന നമ്മള്‍ വാര്‍ദ്ധക്യം മറക്കാന്‍ പെടാപാടു ചെയ്യുകയാണ്‌. വാര്‍ദ്ധക്യത്തിലെ ഏകാന്തതയെ ഓര്‍ത്തു നമുക്കു ഭയമാണ്‌. നമുക്കു വില കൂടുന്നത്‌ നമ്മെ തിരക്കിയുള്ള അന്വേഷണങ്ങളാണ്‌. കുറെ ദിവസം യാതൊരു അന്വേഷണവും കണ്ടില്ല എങ്കില്‍ വട്ടുപിടിക്കില്ലേ? ആരും തിരിഞ്ഞു നോക്കുന്നില്ല എന്നു പരിഭവിച്ചാല്‍ പോരാ, ആരോഗ്യമുളളപ്പോള്‍ നാം നന്മകള്‍ ചെയ്‌തു മുതല്‍ മുടക്കുക, ദൈവം പോലും മനുഷ്യ സംസര്‍ഗ്ഗം ആഗ്രഹിച്ചു. നമുക്ക്‌ വിസ അടിച്ചുതന്നയാളും, ജോലിതന്ന മനുഷ്യനും തമ്മില്‍ നമുക്കെന്താണ്‌ വ്യക്തിബന്ധമുണ്ടായിരുന്നത്‌? നിങ്ങളും സേവനകണ്ണിയിലെ അംഗമാകൂ. അടുത്തു നില്‍ക്കുന്ന മനുഷ്യനും ദൈവസ്വരൂപം മാത്രമല്ല ദൈവമാണെന്നു തന്നെ കരുതി പ്രവൃത്തിക്കുക. നിങ്ങള്‍ക്കു കിട്ടുന്ന സമ്മാനം മറ്റൊരാള്‍ക്കു കൊടുത്തു നോക്കൂ, അവര്‍ അതു മറ്റുപലര്‍ക്കുമായി കൈമാറിക്കൊടുക്കുമ്പോള്‍ നിങ്ങളുടെ സന്തോഷം ഇരട്ടിച്ചു പെരുകും. പലര്‍ക്കും ഇന്നു സ്‌നേഹം കൊടുക്കാനറിയില്ല, അടുക്കി വച്ചിരിക്കയാണ്‌, അതു തുരുമ്പെടുത്തു പോകുകയേള്ളൂ.

50 ലധികം പുരസ്‌ക്കാരങ്ങള്‍ അച്ചനെ തേടിയെത്തി. ഏറ്റവും ഒടുവിലായി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരി.കാതോലിക്ക ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ മസ്‌കറ്റില്‍ വച്ച്‌ അച്ചനെ ആദരിക്കുന്നു. ഇതര സഭാതലവനില്‍ നിന്നും ഏറ്റുവാങ്ങുക ഒരു പുരോഹിതനെ സംബന്ധിച്ച്‌ വ്യത്യസ്ഥമായ അംഗീകാരമാണ്‌. മനുഷ്യരോടുള്ള ബന്ധങ്ങളുടെ ആഴത്തില്‍ വേരുകള്‍ നനയുമ്പോഴാണ്‌ ദൈവസ്‌നേഹം പൂര്‍ണ്ണമാക്കപ്പെടുന്നത്‌, അതാണു മതം. നാം നമ്മെപ്പറ്റി കൂടുതല്‍ ചിന്തിക്കാതെ, ബന്ധങ്ങളില്‍ തേന്‍ നിറുത്തുക; വണ്ടുകള്‍ താനെ എത്തിക്കൊള്ളും.

'ആയിരം മുളയുള്ള വിത്തല്ലോ കര്‍മ്മം, നല്ല
തായിടും വിത്തത്രയും നല്ലതേ വിളയിക്കൂ.' ഇടശ്ശേരി

2 comments: