https://www.manoramaonline.com/global-malayali/columns/varghese-korason.html

Friday, January 29, 2016

വിസ്മയം ഈ നടനം'

ഇന്ത്യന് നാട്യകലയുടെ ഇതിഹാസമെന്നു വിശേഷിപ്പിക്കാവുന്ന നര്ത്തകി മൃണാളിനി സാരാഭായ് 97-ാം വയസ്സില് ദിവംഗതയായി. ഈ വാര്ത്ത അമേരിക്കന് മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. മൃണാളിനി സാരാഭായ് കേരളത്തില് ജനിച്ചു എന്ന അമേരിക്കന് മുഖ്യാധാരാ മാധ്യമത്തിലെ പരാമര്ശം , മലയാളി എന്ന പേരില് അല്പം അഭിമാനം ഉണ്ടാക്കാതെയിരുന്നില്ല. ഇന്ത്യന് ബഹിരാകാശ പദ്ധതികളുടെ പിതാവ് എന്നും അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ പത്നി എന്ന നിലയിലും, കര്മ്മോന്മുഖമായ ഒരു കലാജീവിതത്തിന്റെ പേരിലും മൃണാളിനി സാരാഭായ് എന്നും ഓര്മ്മിക്കപ്പെടും. സ്വതന്ത്ര്യ ഇന്ത്യയിലെ പാര്ലമെന്റേറിയ ആയിരുന്ന അമ്മു സ്വാമിനാഥന്റെയും, മദ്രാസ് ഹൈക്കോര്ട്ടിലെ പ്രമുഖ ബാരിസ്റ്ററായിരുന്ന ഡോ.സ്വാമിനാഥന്റെയും പുത്രി, സ്വിറ്റ്സര്ലണ്ടിലാണ് പ്രാഥാമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് രവീന്ദ്രനാഥടാഗോറിന്റെ ശിക്ഷണത്തില് ശാന്തിനികേതനിലും ന്യൂയോര്ക്കിലെ അമേരിക്കന് ഡ്രമാറ്റിക് ആര്ട്സ് അക്കാദമിയിലും വിദ്യാഭ്യാസം നേടി. മൂത്ത സഹോദരി ലക്ഷ്മി സെഗാള് സുഭാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യന് നാഷണല് ആര്മിയില് കമാന്ഡര് ഇന് ചീഫ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. പില്ക്കാലത്ത് അറിയപ്പെട്ട കമ്യൂണിസ്റ്റ് ചിന്തകയുമായി. സഹോദരന് ഗോവിന്ദ് സ്വാമിനാഥന് മദ്രാസ് ഗവണ്മെന്റ് അറ്റോര്ണി ജനറലായിരുന്നു. ഭരതനാട്യത്തിന്റെ വിമലോത്മമായ രീതികള് ഒരു തപസ്സുപോലെ അനുഷ്ഠിക്കുമ്പോഴും കഥകളും, കവിതകളും, നാടകങ്ങളും അനവരതം മൃണാളിനിയില് നിന്നും നിര്ഗമിച്ചു. 'ഹൃദയത്തിന്റെ മര്മ്മരം' എന്ന തന്റെ ജീവിത ദര്പ്പണത്തിലൂടെ, താന് വിശ്വസിച്ചിരുന്ന ഗാന്ധിയന് ആശയങ്ങളും, താലോലിച്ചിരുന്ന സര്വ്വോദയ ആദര്ശങ്ങളും നിഴല് വിരിച്ചു. ഒരു സുന്ദര കലാശില്പമായി നിലനില്ക്കുമ്പോഴും, വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി തനിക്കു ചുറ്റും ഏകാന്തതയുടെ മതിലുകള് പണിയുകയും ചെയ്തു. രാജ്യം പത്മഭൂഷണും, പത്മശ്രീയും നല്കി ഈ കലാകാരിയെ ആദരിച്ചു. പിതാവ് സുബ്രമണ്യ സ്വാമിനാഥന് എഡിന്ബറോയിലും ലണ്ടന് യൂണിവേഴ്സിറ്റിയില് നിന്നും സ്കോളര്ഷിപ്പോടെയാണ് പഠിച്ചത്. പിന്നീട് ഹാവാര്ഡ് യൂണിവേഴ്സിറ്റിയില് നിന്നും നിയമത്തില് ഡോക്ടറേറ്റു ലഭിച്ചു. തന്റെ ദീര്ഘമായി പഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തന്നേക്കാള് 20 വയസ്സു പ്രായം കുറഞ്ഞ അമ്മു എന്ന നായര് സ്ത്രീയെയാണ് സംബന്ധം ചെയ്തത്. അന്നത്തെ കാലഘട്ടത്തില് സംബന്ധത്തില് പിറക്കുന്ന കുട്ടികള്ക്ക് അച്ഛന്റെ പേര് കൂട്ടിപ്പറയാനോ പിതാവിന്റെ ഭവനത്തില് പോകാനോ പോലും അനുവാദം ലഭിച്ചിരുന്നില്ല. പിതാവിന്റെ ബ്രാഹ്മണ തറവാട്ടില് വിശേഷദിവസങ്ങളില് ക്ഷണിക്കപ്പെടാറുണ്ടെങ്കിലും പ്രത്യേക സ്ഥലത്തായിരുന്നു ഇവര്ക്കു ഭക്ഷണം വിളമ്പിയിരുന്നത്. ഇതൊക്കെയാവണം, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന് മൃണാളിനിയെയും, ക്യാപ്റ്റന് ലക്ഷ്മിയെയും പ്രേരിപ്പിച്ച ഘടകം. ബൗദ്ധികതലത്തില് ഉന്നത വിഹായസ്സില് ചിറകടിച്ചുയരുമ്പോഴും, വ്യവസ്ഥാപിത ചുവടുകള് തല്ലിത്തകര്ക്കാനും, കലയെയും സര്ഗശേഷിയേയും ഏകോപിപ്പിച്ച് പുതിയ മാനങ്ങള് കൈവരിക്കാനും ഇവര്ക്കായത്. അതിനാലാവണം, വ്യക്തിജീവിതത്തിലും, രാഷ്ട്രീയ നിലപാടുകളിലും പുത്രിയും പിന്ഗാമിയുമായ പ്രസിദ്ധ നര്ത്തകി മല്ലികാസാരാഭായിക്കും ഇതേ നിലപാടുകള് തുടരേണ്ടി വന്നത്. അച്ഛന് വിക്രം സാരാഭായിക്കും, അമ്മ മൃണാളിനി സാരാഭായിക്കും പുത്രി മല്ലിക സാരാഭായിക്കും, പുത്രന് കാര്ത്തിക് സാരാഭായിക്കും പത്മ പുരസ്കാരങ്ങള് ലഭിച്ചു. ഉല്പതുഷ്ണുക്കള്ക്ക് എന്നും വിസ്മയം ഇത്തരം ജീവിതങ്ങള്……

No comments:

Post a Comment