https://www.manoramaonline.com/global-malayali/columns/varghese-korason.html

Thursday, April 13, 2017

നിശ്ശബ്ദമായിരിക്കാൻ നമുക്ക് എന്ത് അവകാശം ?

നിശ്ശബ്ദമായിരിക്കാൻ നമുക്ക് എന്ത് അവകാശം ?

വാൽക്കണ്ണാടി - കോരസൺ

നമ്മുടെ ഈ നിശബ്ധതകൾ ആത്മവഞ്ചനയാണ്. "അമേരിക്കയാണ് അക്രമത്തിന്റെ കലവറക്കാരൻ" എന്ന് ന്യൂയോർക്കിലെ റിവർസൈഡ് പള്ളിയിൽ വച്ച്, അമ്പതു വര്ഷം മുൻപുള്ള ഏപ്രിൽ നാലിന്, ഇക്കാര്യം പറഞ്ഞത് അമേരിക്കയുടെ പൗരാവകാശത്തിന്റെ പ്രതിബിംബമായ, മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ആയിരുന്നു. വിയറ്റ്നാം യുദ്ധത്തിന്റെ പാരമ്യത്തിൽ, അമേരിക്ക വിയറ്റ്നാമിൽ അതി ക്രൂരമായ നാപാം ബോംബ് ഇട്ടു കൊന്നുകൂട്ടിയ കുട്ടികളുടെ വികൃതമായ കത്തിക്കരിഞ്ഞ മൃതശരീങ്ങൾ കണ്ടു ഹൃദയം പൊട്ടിയ ഒരു മനുഷ്യ സ്നേഹിയുടെ വിലാപമായിരുന്നു അത്. "രാഷ്ട്രത്തിന്റെ ആത്മാവിനു ക്ഷതമേൽക്കുമ്പോൾ എനിക്ക് നിശ്ശബ്ദനാകാനാവില്ല, നമ്മുടെ രാജ്യം തെറ്റിലേക്കാണ് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു. നിശ്ശബ്ദതയുടെ മൂടുപടം വലിച്ചുകീറാൻ മനസ്സാക്ഷി എന്നെ നിർബന്ധിക്കുന്നു.വിയറ്റ്നാംയുദ്ധം ഒരു കൈപ്പിഴയല്ല, അത് അമേരിക്കയുടെ അഭിമാനം ഉയർത്താനുള്ള വ്യഗ്രതയുമല്ല , മറിച്ചു ഒരു തീരാ വ്യാധിയാണ് . വിയറ്റ്നാമിൽ നാം തുടക്കത്തിലേ പിഴച്ച ചുവടുകളായി മാറി .

Rev. Martin Luther King Jr. speaking at the Riverside Church April 4, 1967.

ഞാൻ കേവലം രാജ്യഭക്തിയും, കൂറും പറഞ്ഞുഉള്ള വികലമായ സ്നേഹത്തിനല്ല വില കൽപ്പിക്കുന്നത്. നാം നമ്മുടെ രാസായുധങ്ങൾ പരീക്ഷിക്കാനുള്ള ഇടങ്ങളാക്കി വിയറ്റ്നാമിനെ കാണരുത് , മാർട്ടിൻ ലൂതർ കിംഗ് അമേരിക്കൻ ഗവൺമെന്റിനു നേരെ കത്തിക്കയറി; ജനതയുടെ പൗരബോധവും സ്വാതന്ത്ര്യവും സമത്വവും കാറ്റിൽ പറത്തി , ലാഭേച്ഛയും വസ്തുസമ്പാദനവും മാത്രം ലക്ഷ്യം വച്ചാൽ ഒരു രാജ്യത്തിന് അതിന്റെ ആത്മാവിൽ എങ്ങനെ നിലനിൽക്കാനാവും? വർഗീയതയും ഭൗതികവാദവും സൈനീകരണവും കീഴ്പ്പെടുത്താനാകാത്ത ശത്രുക്കളാണ്. ഗോത്രം, വർഗം, ക്ലാസ് തട്ടുകൾ, നിറം തുടങ്ങിയ ഘടകങ്ങൾ ഒഴിവാക്കി അയൽക്കാരന്റെകൂടെ കരുതൽ മുഖ്യമാക്കിയ ഒരു അന്തർദേശീയ കൂട്ടായ്മ ഉണ്ടാകണം അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളും രാഷ്രീയക്കാരും മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനെ കൊല്ലാക്കൊല ചെയ്തു. 1799 ലെ ലോഗോൺ ആക്ട് പ്രകാരം അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിച്ച സെനറ്റർ തോമസ് ടോഡ്, പ്രസിഡണ്ട് ജോൺസന്റെ പ്രിയ മിത്രമായി. വാഷിഗ്ടൺ പോസ്റ്റും, ന്യൂ യോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ഇത് വെറും വിലകുറഞ്ഞ ദുരാരോപണമാണെന്നും ഈ ചെറു മനുഷ്യൻ വലിയ കാര്യത്തിൽ ഇടപെടേണ്ട എന്നുള്ള ഇകഴ്ത്തിയ പ്രസ്താവനകളാണ് പുറത്തുവിട്ടത്. “അനുസരണയില്ലത്ത ചേരി മര്യാദകളായിട്ടാണ്” ന്യൂ യോർക്ക് ടൈംസ് പത്രം അദ്ദേഹത്തിന്റെ പ്രസംഗത്തെ വിമർശിച്ചത്. മാർട്ടിൻ ലൂതർ കിംഗ് അക്ഷോഭ്യനായി ഈ ആരോപങ്ങളെ നേരിട്ടു . " ഞാൻ ഒരു പക്ഷേ രാഷ്രീയമായി ഒരു മരമണ്ടൻ ആയിരിക്കാം , എന്നാൽ ധാർമ്മികമായി ഞാൻ ബുദ്ധിമാൻ തന്നെയാണ്. ജനപ്രീതിയില്ലാത്ത ഒരു നിലപാട് എനിക്ക് എടുക്കേണ്ടി വന്നേക്കാം, ഉത്തരവാദിത്വമുള്ള ആരെങ്കിലും ഈ രാജ്യം തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നതെന്നു പറയുമെന്ന് ഞാൻ വെറുതെ നിനച്ചു പോയി. എന്താണ് എല്ലാവരും ഭയക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്”.

അക്രമത്തിന്റെ കലവറക്കാരനായ എന്റെ രാജ്യത്തെ വിമര്ശിക്കാതെ തെരുവുകളിലെ പീഡിതർക്കുവേണ്ടി എനിക്ക് ശബ്ദമുയർത്താൻ ആകുമോ? " 1964 ലെ നോബൽ സമ്മാനം കിട്ടയപ്പോൾ അദ്ദേഹം പറഞ്ഞത്, " ദേശീയബോധത്തിന്റെ അതിരുകൾ വിട്ടിട്ടു, മനുഷ്യ സാഹോദര്യത്തിന്റെ കെട്ടുറപ്പിനായി പ്രവർത്തിക്കാൻ ഇപ്പോൾ എന്റെ ഉത്തരവാദിത്വം വർദ്ധിച്ചു”. വലിയ വില കൊടുക്കേണ്ടി വന്നു അദ്ദേഹത്തിന്റെ ധൈര്യത്തിന്. കൃത്യം ഒരു വര്ഷം തികഞ്ഞപ്പോൾ, വെടിയുണ്ടയുടെ ഭാഷയിൽ ആ മൂർച്ചയുള്ള വാക്കുകളെ നിശ്ശബ്ദമാക്കി എന്നത് ചരിത്രം . 50 വർഷങ്ങൾ കഴിഞ്ഞിട്ടും ആ വാക്കുകൾക്ക് ഇന്നും പ്രസക്തിയേറുകയാണ്.
ഇത്തരം ഒരു പ്രസ്താവനയിലേക്കു മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനെ നയിച്ച സാഹചര്യം കൂടി മനസ്സിലാക്കുമ്പോഴേ വാക്കുകളുടെ തീവ്രത മനസ്സിലാകുകയുള്ളൂ. നൂറു വര്ഷം മുൻപ്, യൂറോപ്പ് മൂന്നു വർഷത്തിലേറെ നീണ്ട കലാപകലുഷിതമായ ഒന്നാം ലോക മഹായുദ്ധത്തെ അഭിമുഖീകരിക്കയായിരുന്നു . അമേരിക്ക ഇതിൽ പെടാതെ വളരെ സൂക്ഷിച്ചു മുൻപോട്ടു പോകുമ്പോൾ അമേരിക്കൻ പ്രെസിഡന്റ് വുഡ്ട്രൗ വിൽസൺ പറഞ്ഞു " നമ്മുടെ രാജ്യം അതിന്റെ രൂപപ്പെടുത്തലിനു ലക്ഷ്യം വച്ച സമാധാനവും സന്തോഷവും മനസ്സിൽ കണ്ടുകൊണ്ട്, അതിന്റെ അവകാശവും ശക്തിയും ഉപയോഗിച്ച് രക്തം ചൊരിയാൻ തയ്യാറെടുക്കുകയാണ് ." അടുത്ത ഒരു വര്ഷം കൊണ്ട് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചപ്പോൾ ഒരു ലക്ഷത്തി പതിനേഴായിരം അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തിലധികം സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു.
President Woodrow Wilson

മൂന്നുവർഷത്തിലധികം പോരാടി തളർന്ന യൂറോപ്യൻ രാജ്യങ്ങൾ ഒരു തീരുമാനത്തിലും ധാരണയിലും എത്താതെ യുദ്ധം അവസാനിപ്പിച്ചു , 17 മില്യൺ ആളുകൾ മരിച്ചുവീണ ആ യുദ്ധത്തിന് പൂർണ്ണ വിരാമം ഇടാൻ കഴിയാത്തതാവണം പിന്നീട് 50 മില്യൺ ആളുകൾ മരിക്കാൻ കാരണമായ രണ്ടാം ലോക മഹായുദ്ധം ഉരുത്തിരിഞ്ഞത് എന്നും ചരിത്രം വിലയിരുത്തുന്നുണ്ട്. യുദ്ധത്തിൽ ഇടപെടരുത് എന്ന പൊതു അഭിപ്രായം മാനിക്കാതെ സങ്കീർണമായ ഒരു ഇടപെടലിന് മറുപടി എന്നോണം, വുഡ്ട്രൗ വിൽസൺ കൊണ്ടുവന്ന സമാധാന പ്രക്രിയകൾ ഒന്നും അമേരിക്കൻ സെനറ്റ് അംഗീകരിച്ചില്ല. അന്ന് അമേരിക്ക ആ മഹായുദ്ധത്തിൽ ഇടപെടേണ്ട കാരണത്തെക്കുറിച്ചു ഇന്നും തർക്കം നിലനിൽക്കുന്നു. പക്ഷെ ഈ രണ്ടു ലോക മഹായുദ്ധത്തിനുമിടയ്ക്കു അമേരിക്കയുടെ ഉല്പാദനക്ഷമതയും, വ്യവസായ ഉൽപന്നങ്ങളും സാങ്കേതികതയും, വ്യാപാരവും, ധനവും വർദ്ധിച്ചു എന്നത് ഓർമ്മയിൽ ഇരിക്കട്ടെ.

അന്ന് വുഡ്ട്രൗ വിൽസൺ കൊണ്ടുവന്ന "ദേശ സ്നേഹത്തിനെതിരെ ചാരവൃത്തിയും രാജ്യദ്രോഹവും " എന്ന നിയമം യുദ്ധത്തിനെതിരെ പ്രതികരിച്ച അനേകായിരം പേരെ തുറങ്കലിൽ അടച്ചു. അന്ന് തുടങ്ങിയ രാഷ്രീയ-അധികാര നിയന്ത്രണങ്ങൾ പൗരബോധത്തെ ആകെ നിയന്ത്രിച്ചു, ഒരു പരിധിവരെ അത് ഇന്നും തുടരുന്നു. അങ്ങനെ വിദേശത്തു സമാധാനത്തിനും ജനാധിപത്യത്തിനുമായി യുദ്ധങ്ങളിൽ നേരിട്ട് ഇടപെടുമ്പോഴും ,ആഭ്യന്തര പൗരബോധത്തിന്റെ കൂച്ചുവിലങ്ങു നിലനിർത്തുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ശത്രുക്കൾ മാറി മറിഞ്ഞു വരുമെങ്കിലും, യുദ്ധവും തന്ത്രവും മാറ്റമില്ലാതെ പോകുന്നു.
ലോകം ഇന്ന് ഒരു മഹാ യുദ്ധത്തെ പ്രതീക്ഷിക്കുകയാണെന്നു തോന്നും, ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വിഷയങ്ങൾ കേൾക്കുമ്പോൾ.

ഒരു രാജ്യത്തിനും നിലക്ക് നിർത്താനാവാത്ത ഭീകര പ്രവർത്തനങ്ങൾ, മുഖമില്ലാത്ത ശത്രുക്കൾ, രാജ്യമില്ലാത്ത യുദ്ധനിരകൾ , അന്തമില്ലാത്ത സംഘര്ഷങ്ങൾ , നിലയ്ക്കാത്ത പലായനങ്ങൾ . വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ , ജനാധിപത്യത്തിന് മൂല്യശോഷണം ബാധിച്ചു തിരിച്ചുവരുന്ന ജന്മിത്ത സമ്പ്രദായങ്ങൾ, അതിനെ പിന്തുണക്കുന്ന മതത്തിന്റെ പ്രതാപങ്ങൾ . വേലികെട്ടി സൂക്ഷിക്കേണ്ടി വരുന്ന അതിരുകൾ, രാസായുധങ്ങൾക്കു പകരം തൊടുത്തുവിടുന്ന മിസൈലുകൾ , അന്യ സമൂഹത്തിനുമേൽ നിരന്തരമായി കഴുകൻറെ കണ്ണുമായി പരതി നടക്കുന്ന ഉപഗ്രഹങ്ങൾ , രഹസ്യ നിരീക്ഷണങ്ങൾ, കൂച്ചുവിലങ്ങിടുന്ന മാധ്യമ രംഗങ്ങൾ , സംരക്ഷണത്തിന് എന്ന പേരിൽ നിർബ്ബന്ധപൂര്വ്വം വോട്ട് ചെയ്യിക്കുന്ന കപട രാഷ്രീയ തന്ത്രങ്ങൾ , ഏകീഭവിക്കുന്ന സാമ്പത്തിക ഉറവിടങ്ങൾ , ഒക്കെ അധാർമ്മികതയുടെ വിവിധ മുഖങ്ങൾ! .

അത്യന്തം വിചിത്രമായ ഒരു ഇടത്തേക്കാണ് നാം അറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്, എവിടേയോ കൈമോശം വന്ന നമ്മുടെ ധാർമ്മീക കവചങ്ങൾ , കണ്ടു പിടിക്കാൻ ഒരു ശ്രമവും ഉണ്ടാകുന്നില്ല . ഭയമാണ് നമ്മളെ ഒന്നിനും കൊള്ളാത്ത കൂട്ടങ്ങളാക്കുന്നത് . അധികാരത്തോട് പറ്റിനടന്നാൽ പിടിച്ചു നില്ക്കാൻ എളുപ്പമാണ്. ആരെങ്കിലും മറിച്ചൊരു അഭിപ്രായം പറഞ്ഞു തുടങ്ങിയാൽ അത് എത്രയും വേഗത്തിൽ അധികാരത്തെ അറിയിച്ചു കൂറ് പിടിച്ചു പറ്റാനാണ് പലരും ശ്രമിക്കുന്നത്.

നാമൊക്കെ ആരെയോ എപ്പോഴും ഭയന്നാണ് ജീവിക്കുന്നതെന്ന സത്യം ഓരോ നിമിഷവും വ്യക്തമാവുകയാണ്. ജോലിയിലും വീട്ടിലും ആരാധനാകേന്ദ്രങ്ങളിലും, വഴിനടക്കുമ്പോഴും , സമൂഹത്തിലും സംസാരത്തിലും എന്ന് വേണ്ട, ഉറക്കത്തിൽപോലും എന്തോ, ഏതോ ഭീതിയുടെ അടിമകളാണ് നാം. കാര്യങ്ങൾ വ്യക്തമായി പറയാൻ മടി, ഉറച്ചു സംസാരിക്കാൻ പ്രയാസം, മറ്റുള്ളവർ നമ്മെപ്പറ്റി എന്ത് ചിന്തിക്കും എന്ന ആശങ്ക വല്ലാതെ കൂച്ചുവിലങ്ങിടുകയാണ് നമ്മുടെ ഓരോ നിമിഷത്തേയും. നിർഭയം എന്ന അവസ്ഥ ചിന്തിക്കാൻകൂടി കഴിയില്ല. നാം ഇടപഴകുന്ന എല്ലാ വിഷയത്തിലും നമ്മുടെ ഈ ഭീതി ഒരു ചെറിയ അധികാരകേന്ദ്രം മുതലെടുക്കുന്നു എന്നും നമുക്കറിയാം. എന്നാലും , പോകട്ടെ ,തല്ക്കാലം ഒരു മനഃസമാധാനമുണ്ടല്ലോ എന്ന ചിന്തയാണ്. ഭീരുത്വവും കാപട്യവും ചേർന്ന് നമുക്ക് വരിഞ്ഞു മുറുക്കിയ ഒരു മുഖഛായ ആണ് സമ്മാനിച്ചിരിക്കുന്നത്.

എന്നും സമൂഹം നിസ്സഹായകരായ പേടിത്തൊണ്ടന്മാരുടെ കൂട്ടമായിരുന്നു. ഇന്നലെ ഓശാനപാടിയവർ തന്നെ നാളെ കല്ലുകളെടുക്കാൻ യാതൊരു മടിയും ഇല്ലാത്തവരാണ്. 2000 വര്ഷം മുൻപ്, വളരെ കാത്തിരുന്നു "ആരാധനാലയം കള്ളന്മാരുടെ ഗുഹയാണ് " എന്ന് വിളിച്ചു പ്രതികരിക്കാൻതുടങ്ങിയ ക്രിസ്തുവിനെ ഭയന്ന യഹൂദ മഹാപുരോഹിതൻ പറഞ്ഞു " ആളുകൾ മുഴുവൻ ചീത്തയാകുന്നതിനു മുൻപ് ഈ ഒരാളെ അങ്ങ് ഇല്ലാതാക്കുക, അതോടെ പ്രശനം ശാശ്വതമായി പരിഹരിക്കപ്പെടും" . മൂന്നു വര്ഷം കൊണ്ട് ജനത്തിന്റെ പ്രതീക്ഷകളെ ക്രൂശിൽ തൂക്കാൻ മുന്നിൽ നിന്നതു രാഷ്രീയ പ്രചോദിതരായ മതനേതൃത്വമായിരുന്നു . അത് ഇന്നും എല്ലാ ദേശത്തും പരീക്ഷിക്കപ്പെടുന്നു. പക്ഷേ നിശബ്ദമായ ജനം അപ്പോഴാണ് പ്രതികരിച്ചു തുടങ്ങുന്നതെന്ന യാഥാർഥ്യം ഭരണകൂടം അപ്പോഴാണ് മനസ്സിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ മുതലെടുത്താണ് ഭരണം എന്ന പ്രക്രിയ നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്ഥിരമായ സൗഹൃദങ്ങളോ ബന്ധങ്ങളോ മനസ്സിൽ ഉണ്ടാവില്ല, പിന്നെ ഒക്കെ അഭിനയിച്ചു തീർക്കുക, അത്രതന്നെ !

ഇന്ന് പ്രതികരിക്കാൻ ഒരു വീര നായകന്റെ കാത്തിരിപ്പു വേണ്ടിവരുന്നില്ല; തൽക്ഷണം നമ്മുടെ വിചാര വികാരങ്ങൾ ആയിരക്കണക്കിന് പേരിൽ എത്തിക്കാൻ സാധിക്കുന്ന നെറ്റ്വർക്ക് സംവിധാനം നിലയുറപ്പിച്ചു. ചില മുല്ലപ്പൂ വിപ്ലവങ്ങൾ ചീറ്റി പോയെങ്കിലും, നിലക്കാത്ത തരംഗമായി ഈ വിരൽ ചലനങ്ങൾ വിപ്ലവം സൃഷ്ട്ടിച്ചുകൊണ്ടേയിരിക്കുന്നു. ഈ അവസ്ഥ നിയന്ത്രിക്കാനുള്ള എല്ലാ സാഹചര്യവും ഉടൻ ഉണ്ടാകാം. ഇപ്പോൾ നാമെല്ലാം നിരീക്ഷണത്തിലാണ്. സ്വതന്ത്രമായി ചിന്തകളെ ദീർഘനാൾ കയറഴിച്ചുവിട്ടാൽ സാമ്പ്രാജ്യങ്ങൾക്ക് നിലനിൽക്കാനാവില്ല. ഏതു നിമിഷവും ചിതൽ അരിച്ചുപോകുന്ന ഓർമ്മകളായി നമ്മുടെ ഇന്നത്തെ വ്യക്തിഗത മാധ്യമ സംസ്കാരം മാറിപ്പോയാൽ അത്ഭുതപ്പെടേണ്ടി വരില്ല , എന്തിനീ മൗനം ?

April 14, 2017, Vishu / Good Friday
vkorason@yahoo.com, http://vkorason1960.blogspot.com

No comments:

Post a Comment